Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightനൂറ്റൊന്നാം വയസ്സിലെ...

നൂറ്റൊന്നാം വയസ്സിലെ ഹിമാലയ സ്വപ്​നങ്ങൾ

text_fields
bookmark_border
chitran namboothirippad
cancel
camera_alt

 ചിത്രൻ നമ്പൂതിരിപ്പാട്​ മറ്റു യാത്രികർ​ക്കൊപ്പം

അടുത്ത മാസം ആറാം തീയതി 101 വയസ്സ് തികയുന്ന ചിത്രൻ നമ്പൂതിരിപ്പാടിന് ഒരേയൊരു ദുഃഖമേയുള്ളൂ, ത​െൻറ മുപ്പത്തൊന്നാം ഹിമാലയ യാത്ര കോവിഡ്​ കാരണം മുടങ്ങി എന്നത്​. ''2019ലെ സഞ്ചാരം കഴിഞ്ഞു മടങ്ങുമ്പോൾ എന്നെ ഗ്രഹിച്ച തീവ്രമായൊരു മോഹമായിരുന്നു, ജീവനുണ്ടെങ്കിൽ നൂറ്റൊന്നാം വയസ്സിൽ മുപ്പ​​ത്തൊന്നാം തവണ ഹിമപർവതം കയറണമെന്ന്'' -ചിത്രൻ നമ്പൂതിരിപ്പാടി​െൻറ വാക്കുകളിൽ ശോകം മഞ്ഞുകണംപോലെ ഉറഞ്ഞു സാന്ദ്രീകരിച്ചു.

''കൊറോണ എല്ലാം തകർത്തു'' -അൽപനേരത്തെ മൗനത്തിനൊടുവിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ''മുപ്പതു വർഷം തുടർച്ചയായി ഹിമാലയ പർവതനിരകൾ കയറിയിറങ്ങാൻ എനിക്കു കഴിഞ്ഞു. എന്നാൽ, വയസ്സല്ല, കൊറോണയാണ് ഈ വർഷം എന്നെ തോൽപിച്ചത്.'' ആയിരം പൂർണചന്ദ്രന്മാരെ കാണാൻ ഭാഗ്യം ലഭിച്ച ഒരാളിൽ സാധാരണ ദർശിക്കാനാകാത്ത ശാരീരിക സ്വസ്ഥതയാണ് ചിത്രൻ നമ്പൂതിരിപ്പാടി​െൻറ വ്യവഹാരങ്ങളിൽ. കാഴ്ചശക്തിയും ശ്രവണക്ഷമതയും സംഭാഷണസ്‌പഷ്‌ടതയും സംസാരത്തിനൊത്ത്​ ഉയർന്നു താഴുന്ന കൈകളും ഇനിയും എത്രയോ ദീർഘയാത്രകൾക്ക് അദ്ദേഹത്തിന് ത്രാണിയുണ്ടെന്ന് വിളിച്ചോതുന്നു. 'വയസ്സായ ചെറുപ്പക്കാരൻ' എന്ന് സഹചാരികൾ അദ്ദേഹത്തെ സ്നേഹപൂർവം വിളിക്കുന്നത് എത്രയോ ശരി!

ചിത്രൻ നമ്പൂതിരിപ്പാട്​

ചെറുപ്പത്തിലോ? അദ്ദേഹം പരിണതിയുടെ തീവ്ര കാംക്ഷി. ഉച്ചനീചത്വങ്ങൾ കൊടികുത്തിവാണിരുന്ന കാലത്ത്, സകല ജാതിമതസ്ഥരെയും ഒരുമിച്ചിരുത്തി പന്തിഭോജനം നടത്തിയ, പകരാവൂർ മനയിലെ പുരോഗമനവാദി. ചിത്രൻ നമ്പൂതിരിപ്പാടിനെ ഹിമവാൻ തന്നിലേക്ക് ആവാഹിച്ചെടുക്കുന്നതിനു മു​േമ്പ, അധ്യാപകനായും ദേശീയ പുരസ്​കാരം ലഭിച്ച പ്രധാനാധ്യാപകനായും ജില്ല വിദ്യാഭ്യാസ ഓഫിസറായും കേരളത്തി​െൻറ പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടറായും കോളജ് ഓഫ് അഗ്രികൾചറൽ എൻജിനീയറിങ് ആൻഡ്​ ടെക്നോളജിയുടെ അധ്യക്ഷനായും കേരള കലാമണ്ഡലത്തി​െൻറ സെക്രട്ടറിയായും കേരളത്തിനറിയാം.

ഹിമാലയം ഒരു ലഹരി

പർവതരാജാവ്‌ ഹിമവാനെ നിരന്തരം തൊട്ടുവണങ്ങുന്നത് ഒരു ലഹരിയാണ്. അത്യുൽകൃഷ്​ടമാണ് ആ ആകർഷണം. ഹിമത്താൽ തണുത്തുറഞ്ഞ ആ മഹാമേരുവി​െൻറ ഹൃദയതാളം, 2200 കിലോമീറ്റർ അകലെയുള്ള ഇല്ലത്തിരുന്ന് ഞാൻ അറിയുന്നു. സമുദ്രനിരപ്പിൽനിന്ന്​ ശരാശരി 9000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, പൂജ്യത്തിനു താഴെ തണുപ്പുള്ള, ഹിമശൈല സാനുക്കളുടെ ഹൃദയസ്‌പന്ദനം എനിക്ക് ഇവിടെയിരുന്നാലും അറിയാം. മൂന്നു ദശാബ്‌ദം നിരന്തരമായി കണ്ട ദൃശ്യങ്ങളാണ് ഉള്ളുനിറയെ. ആ അനുഭവങ്ങൾക്ക് സമാനതകളില്ല. കൊറോണക്ക് യാത്ര മാത്രമാണ് മുടക്കാൻ കഴിഞ്ഞത്. ഹിമാലയത്തോടുള്ള എ​െൻറ അഭിനിവേശത്തിന് ഭംഗം വരുത്താൻ ഒരു വൈറസിനും കഴിയില്ല.

ഉൾവിളിയാണ് പ്രേരണ

വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പോകാൻ തോന്നാറില്ലേ? അതുപോലെയുള്ള ഒരു ഉൾപ്രേരണയാണിത്. An intense urge! ഈ ഉൾവിളി വരുമ്പോൾ, തടസ്സങ്ങൾക്കൊന്നും അവിടെ പ്രസക്തിയില്ലാതെയാകുന്നു. മഞ്ഞും മഴയും പ്രായവുമെല്ലാം വഴിമാറുന്നു. കൃഷ്ണഭക്തനായിരുന്നതിനാൽ എ​െൻറ പിതാവ് എല്ലാ മാസവും ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു, പകരം ഞാൻ എല്ലാ വർഷവും ഹിമാലയത്തിൽ പോകുന്നുവെന്ന വ്യത്യാസമേയുള്ളൂ!

ചിത്രൻ നമ്പൂതിരിപ്പാട്​ യാത്രക്കിടെ

ഹിമാലയവുമായി ഇത്രയും ഇഷ്​ടത്തിലാകാനുള്ള കാരണം അതി​െൻറ ആന്തരിക മഹനീയതയും ബാഹ്യ വൈപുല്യവുമാണ്. എത്ര അറിഞ്ഞാലും വീണ്ടും അറിയാനും എത്ര കണ്ടാലും വീണ്ടും കാണാനും എത്രയോ സംഗതികൾ ബാക്കിനിൽക്കുന്ന മറ്റൊരിടം ഭൂമിയിൽ ഉണ്ടെന്നു തോന്നുന്നില്ല. ഓരോ യാത്രയുടെ അവസാനത്തിലും, അടുത്ത യാത്രയിൽ അനുഭവിച്ചും കണ്ടും അറിയാൻ ഒട്ടേറെ ബാക്കിവെച്ചാണ് മടങ്ങുക. അതിനാൽ തിരികെ എത്തിയാലുടൻ അടുത്ത യാത്രയെക്കുറിച്ച് ചിന്തിച്ചു തുടങ്ങും. എന്നാൽ, വർഷത്തിൽ ഒരിക്കൽ മാത്രമല്ലേ സന്ദർശനം സാധ്യമാകൂ.

ഹിമാലയ യാത്ര എല്ലാവരുടെയും മോഹം

ഇങ്ങ് ഏറ്റവും തെക്കുഭാഗത്തുള്ളവരാണ് നമ്മൾ. എന്നിരുന്നാലും, ചെറുപ്പം മുതൽ കേൾക്കുന്നതിനാലാണോ എന്നറിയില്ല, പലർക്കും ഒരനുഭൂതിയാണ് ഈ ഹിമഗിരി. മിത്തിലും സംസ്കാരത്തിലും വിശ്വാസത്തിലും വിജ്ഞാനത്തിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഈ പടുകൂറ്റൻ മഞ്ഞുമലകളെ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണമെന്നോ അവിടേക്കൊരു ഉല്ലാസയാത്ര പോകണമെന്നോ മോഹം കൊള്ളാത്തവരുണ്ടോ?

കണ്ടുതീരാത്ത ഹിമാലയം

ഹിമാലയം ആർക്കും കണ്ടുതീർക്കാനാവില്ല. ഒരേ ലൊക്കേഷനിൽനിന്നു നോക്കിയാൽതന്നെ ഓരോ വർഷവും കാണുന്ന ദൃശ്യഭംഗി ഒരുപോലെയല്ല. അതിനു കാരണം ഹിമവാ​െൻറ ബാഹ്യഭംഗി പരിവർത്തനാത്മകമായതിനാലാണ്. മതിയായി എന്നൊരു തോന്നൽ, അല്ലെങ്കിൽ, ഇനിയിവിടെ അറിയാനായി ഒന്നുമില്ല, കാണാനായി ഒന്നുമില്ല എന്ന അവസ്ഥ ഒരിക്കലും സംജാതമാകുന്നില്ല. മറിച്ച്, കൂടുതൽ കൂടുതൽ അറിയാനുള്ള രൂക്ഷമായൊരു ത്വര യാത്രക്കാരനിൽ വളരുന്നു. അതിനാലാണ് വീണ്ടും വീണ്ടും ഹിമാലയ യാത്രക്കൊരുങ്ങുന്നത്.

ഗവേഷക സഞ്ചാരി

കുട്ടിക്കാലം മുതൽക്കേ ഗവേഷക യാത്രകൾ എനിക്കിഷ്​ടമായിരുന്നു. യാത്രാവിവരണങ്ങൾ എന്നെ വല്ലാതെ ആകർഷിക്കുകയും ചെയ്തിരുന്നു. ആയിടക്കാണ് തപോവനസ്വാമികൾ രചിച്ച 'ഹിമഗിരി വിഹാരം' വായിക്കാനിടയായത്. വാസ്തവത്തിൽ, പരശ്ശതം ഹിമാലയ യാത്രാവിവരണങ്ങളിലെ 'ക്ലാസിക്' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പുസ്തകമാണ്, ചെന്നുചേരേണ്ട ഇടം ഹിമാലയമാണെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്.

ചിത്രൻ നമ്പൂതിരിപ്പാടും സംഘവും ഹിമാലയ യാത്രയിൽ

ഏതു നിലയിൽ വീക്ഷിച്ചാലും ഹിമാലയ യാത്ര ഒരു വേറിട്ട അനുഭവമാണ്. നിറയെ അത്ഭുതങ്ങൾ! ഓരോ സഞ്ചാരത്തിലും അറിവി​െൻറ നൂതനമായ മേഖലകളാണ് തുറന്നുകിട്ടുന്നത്. ഹിമാലയത്തി​െൻറ മനുഷ്യസ്പർശമേൽക്കാത്ത ഉള്ളറകൾ തുറന്നു കാണാനാണെനിക്കിഷ്​ടാ.

ഹിമവാൻ യാത്രികനെ സാത്വികനാക്കുന്നു

സാത്വികതയുടെ ഉച്ചസ്ഥിതിയിലെത്തിയെന്നൊരു അവബോധമാണ് ഒരു സഞ്ചാരിക്ക് ഹിമാലയമെന്ന മാസ്മര ഭൂമികയിലെത്തിയാൽ ലഭ്യമാകുന്നത്. ഭൂമിയുടെ പല ഭാഗങ്ങളിലൊന്ന് എന്നതിലുപരി, ഹിമവാന് തനതായ അസ്‌തിത്വവുമുണ്ടെന്ന വസ്തുത ഇക്കാരണത്താൽ ഒരനുഭൂതിയായി ഞാൻ അനുഭവിച്ചറിയുന്നു. ലൗകിക ജീവിത കാമനകൾ പരിത്യജിച്ച്, ഹിമാദ്രിയിൽനിന്ന്​ തിരിച്ചെത്താനാകുമോയെന്നുപോലും നിശ്ചയമില്ലാത്ത, സ്വത്വം തേടിയുള്ളൊരു സഞ്ചാരമാണ് എനിക്ക് ഹിമാലയ യാത്ര.

തയാറെടുപ്പുകൾ

വേനൽക്കാലത്തു മാത്രമേ ഹിമാലയ യാത്രകൾ അനുവദിക്കുകയുള്ളൂ. എല്ലാവിധ ബുക്കിങ്ങുകളും മുൻകൂട്ടി ചെയ്യണം -ട്രെയിൻ, ബസ്​, കാർ, താമസം എന്നിവയെല്ലാം. യഥാർഥത്തിൽ, ഒരു യാത്ര കഴിഞ്ഞെത്തിയാൽ അധികം താമസിയാതെതന്നെ അടുത്തതിനുള്ള ഒരുക്കം തുടങ്ങണം. സംഘാംഗങ്ങൾ, പാചകക്കാർ, പരിചയസമ്പന്നനായ ഒരു ഗൈഡ്, ശൈത്യത്തെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ മുതലായ കാര്യങ്ങളൊക്കെ ഏറെ പ്രധാനപ്പെട്ടതാണ്. എനിക്ക് രോഗങ്ങളൊന്നുമില്ല. ചില അസുഖങ്ങൾ വരാതിരിക്കാനുള്ള ചില്ലറ മരുന്നുകൾ മാത്രമാണ് കഴിക്കുന്നത്. ആ വക ഔഷധങ്ങൾ കരുതാറുണ്ട്.

ചിത്രൻ നമ്പൂതിരിപ്പാട്​

ഗംഗോത്രി, യമുനോത്രി, ഉത്തരകാശി, കേദാർനാഥ്, ബദരീനാഥ് മുതലായവ പതിവായി സന്ദർശിക്കുന്ന സ്പോട്ടുകളാണ്. ഉത്തരേന്ത്യൻ തീർഥയാത്രയിൽ വ്യാസഗുഹ, ഹനുമാൻ ചട്ടി, ഋഷികേശ്, ഹരിദ്വാർ, ത്രിവേണി മുതലായ സ്ഥലങ്ങളെല്ലാം പെടുന്നു. ഉദ്ദേശിക്കുന്ന സ്ഥലമെത്തിയാൽപിന്നെ വടികുത്തിയുള്ള നടപ്പാണ്. ഗംഗോത്രി, യമുനോത്രിയൊക്കെ വളരെ കുത്തനെയുള്ള സ്ഥലങ്ങളാണ്. എത്തിപ്പെടുന്നത് ഏറെ ദുഷ്‌കരം. കുതിരപ്പുറത്തുതന്നെ യാത്ര ചെയ്യണം. മഞ്ഞുപെയ്യുമ്പോൾ കുടപിടിച്ചുകൊണ്ട് പത്തു കിലോമീറ്ററോളം കുതിരപ്പുറത്തിരിക്കേണ്ടിവരും. ഒട്ടും വഴങ്ങാത്ത പർവത നിരകളാണ് ഗംഗയുടെയും യമുനയുടെയും ഉത്ഭവ സ്ഥാനങ്ങളിൽ. ഏറ്റവും കഠിനമായ യാത്ര. തണുപ്പുകാറ്റ് ആഞ്ഞടിക്കും.

മാനയിൽനിന്ന് മനയിലേക്കൊരു കത്ത്

'ഇന്ത്യയുടെ അവസാനത്തെ ഗ്രാമം' അല്ലെങ്കിൽ, 'Last Indian Village' എന്നറിയപ്പെടുന്ന മാനയിലെ തപാൽ ഒാഫിസിൽ പോയി, ഒരു പോസ്​റ്റ്​ കാർഡ് വാങ്ങി, അതിൽ രണ്ടു വരിയെഴുതി മനയിലേക്ക് അയക്കുക പതിവായിരുന്നു. മാന പോസ്​റ്റ്​ ഓഫിസി​െൻറ സർക്കാർ മുദ്രയോടുകൂടിയ കത്ത് മനയിൽ കിട്ടുമ്പോൾ ഞാൻ രാജ്യത്തി​െൻറ ഏറ്റവും വടക്ക് എത്തിയെന്ന് ഇല്ലത്തുള്ളവർ അറിയുന്നു. ഇന്ത്യ-ചൈന അതിർത്തിയിൽ 18,000 അടിയിലധികം ഉയരത്തിൽ, ഹിമാലയത്തിലെ പ്രശസ്തമായ ഇടമാണ് മാന. ഇന്ന് അതെല്ലാം വികാരതീവ്രമായ സ്മരണകളാണ്.

ജീവിതത്തിലും ഹിമാലയ യാത്രയിലും കൂടെയുണ്ടായിരുന്നവർ പലരും മടങ്ങിയിരിക്കുന്നു. കഴിഞ്ഞ കൊല്ലം നടന്ന എ​െൻറ ജന്മശതാബദി ആഘോഷ സമയത്ത്, നവതി ആഘോഷത്തിൽ പങ്കെടുത്ത സുഹൃത്തുക്കളിൽ എഴുപതു ശതമാനവും ജീവിച്ചിരിപ്പില്ലായിരുന്നു. ശതാബ്​ദിക്കു ശേഷവും കുറെ പേർ യാത്രയായി. അഞ്ചു വർഷം മു​േമ്പ സഹധർമിണി ലീല അന്തർജനവും യാത്ര പറഞ്ഞിറങ്ങി. വിഷാദരൂപികളായ ചിന്തകൾക്കും ഹിമാലയ ദർശനം എനിക്ക് വളരെ ആശ്വാസമായിരുന്നു.

ഒരു രൂപക്ക്​ ഒരു സ്കൂൾ

മലപ്പുറം ജില്ലയുടെ തെക്കുഭാഗത്തുള്ള മൂക്കുതലയിലാണ് ഞാൻ ജനിച്ച പകരാവൂർ മന; പൊന്നാനി താലൂക്കിൽ. ജന്മനാട്ടിൽ ഒരു ഹൈസ്കൂൾ ഇല്ലാത്തതിനാൽ കുട്ടികൾ കഷ്​ടപ്പെട്ടിരുന്നു. അഞ്ച് ഏക്കർ ഭൂമിയിൽ, പത്തുപതിനഞ്ച് കെട്ടിടങ്ങളും മറ്റെല്ലാ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയം നിർമിച്ച്, ഒരുരൂപ വിലയായി സ്വീകരിച്ച് സർക്കാറിനു കൈമാറ്റം ചെയ്തു. പി.സി.എൻ.എച്ച്​.എസിൽ (പി. ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കൻഡറി സ്കൂൾ) ഇന്ന് മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നു. എ.ഡി.ജി.ഇ ആയിരുന്നപ്പോൾ, സംസ്ഥാന കായിക മേളയടക്കമുള്ള ചില വിപ്ലവകരമായ പദ്ധതികൾക്കും തുടക്കം കുറിക്കാൻ സാധിച്ചു.

ചിത്രൻ നമ്പൂതിരിപ്പാട്​

കുമരനല്ലൂർ ഹൈസ്കൂളിലെ വാർഷിക കലോത്സവത്തിൽ, സാഹിത്യ മത്സരങ്ങളിൽ വിജയിച്ച എം.ടി. വാസുദേവൻ നായർക്ക് ഞാൻ സമ്മാനം കൊടുത്തിട്ടുണ്ട്. എം.ടി അവിടെ വിദ്യാർഥിയും പാലക്കാട് ഡി.ഇ.ഒ ആയിരുന്ന ഞാൻ മുഖ്യാതിഥിയായി കുമരനല്ലൂരിൽ എത്തിയതുമായിരുന്നു.

പിണറായി വിജയനെ സ്കൂളിൽ തിരിച്ചെടുപ്പിച്ചു

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്‌കൂളിൽനിന്ന് വിദ്യാർഥി രാഷ്​​ട്രീയത്തിൽ സജീവമായിരുന്ന പിണറായി വിജയനെ പ്രധാനാധ്യാപിക പുറത്താക്കി. അന്ന് ഞാൻ കണ്ണൂർ ഡി.ഇ.ഒ ആയിരുന്നു. പ്രധാനാധ്യാപികയെ വിളിച്ച് സംസാരിച്ച്, വിജയനെ ക്ലാസിൽ തിരിച്ചെടുക്കാൻ ഉപദേശിച്ചു. തന്നെ 'രക്ഷിച്ച കഥ' മുഖ്യമന്ത്രി തന്നെയാണ്, ശതാബ്​ദി വർഷാഘോഷ സമയത്ത്, ഇല്ലത്തുവന്ന് എന്നെ ഓർമിപ്പിച്ചത്.

പ്രമുഖ കമ്യൂണിസ്​റ്റ്​ ചിന്തകനായിരുന്ന കെ. ദാമോദര​െൻറ സ്വാധീനത്തിലാണ് കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടത്. തൃശൂർ സെൻറ് തോമസ് കോളജിൽ പഠിക്കുമ്പോൾ സി. അച്യുതമേനോനോടൊപ്പം (മുൻ മുഖ്യമന്ത്രി) പ്രവർത്തിച്ചിട്ടുണ്ട്. കമ്യൂണിസ്​റ്റ്​ വിദ്യാർഥി സംഘടനയായിരുന്ന കേരള സ്​റ്റുഡൻറ്സ് ഫെഡറേഷ​െൻറ (കെ.എസ്​. എഫ്​) സംസ്ഥാന സെക്രട്ടറിയായിരുന്നു -ചിത്രൻ നമ്പൂതിരിപ്പാട്​ ഒാർമകളുടെ കെട്ടഴിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelhimalayan dreams
News Summary - Himalayan travel Dreams in 101 year old
Next Story