
ബുള്ളറ്റ് ഡ്രീം ലോഡഡ്
text_fieldsകൊച്ചിയിൽനിന്ന് ഒറ്റക്ക് ബുള്ളറ്റിൽ രാജ്യം ചുറ്റാനിറങ്ങി മൂന്നാംദിനത്തിൽതന്നെ പറ്റിയ ചെറിയൊരു അപകടത്തിൽ പരിക്കേറ്റ് ഒരാഴ്ച ചെന്നൈയിൽ വിശ്രമത്തിലായി അംബിക കൃഷ്ണ. ഇക്കഴിഞ്ഞ 11ന് എറണാകുളം കലക്ടറേറ്റിൽനിന്ന് തുടക്കമിട്ടതാണ് ഈ സ്വപ്ന റൈഡ്. ഇന്ത്യൻ സൈനികർക്കും അവരുടെ വിധവകൾക്കും ആദരമർപ്പിച്ച് തുടക്കമിട്ട ബുള്ളറ്റ് യാത്രയിൽ ഇവർ സന്ദർശിക്കുന്നത് രാജ്യത്തെ 25 എ.ഐ.ആർ റെയിൻബോ എഫ്.എം സ്റ്റേഷനുകളാണ്.
തന്‍റെ സ്വപ്നങ്ങളുടെ ഭണ്ഡാരമായ 'ഡ്രീം ലോഡഡ് ബുള്ളറ്റി'ന് അംബിക പേരിട്ടത് എ.കെ 47 എന്നാണ്. 47 ദിനം ഇന്ത്യയാകെ ചുറ്റിയടിക്കാൻ ഒപ്പം കൂട്ടിയ ചുവപ്പൻ ബുള്ളറ്റിനെ ഇടക്കിടെ കളിയായി 'വാസു'വെന്നും വിളിക്കും.
കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കട്ടക്, കൊൽക്കത്ത, ഷില്ലോങ്, ലക്നോ, ഡൽഹി, ചണ്ഡീഗഢ്, ജലന്ദർ, മുംബൈ, പനാജി വഴി തിരിച്ച് കേരളത്തിലേക്ക് എത്തുന്ന സ്വപ്നം നിറച്ചൊരു റൈഡ്.
ഈ അപകടമൊക്കെ ചെറുത്
റൈഡിന്‍റെ തുടക്കത്തിൽ ചെന്നൈയിൽവെച്ച് സംഭവിച്ച അപകടത്തെ കാര്യമായി എടുക്കുന്നില്ല തൃപ്പൂണിത്തുറക്കാരി അംബിക. ഇതല്ല ഇതിനപ്പുറവും നേരിടാൻ കരുതിത്തന്നെയാണ് യാത്രയെന്ന് അവർ പറയുന്നു. ജീവിതത്തിൽ ഇതുവരെ താണ്ടിയ ദുർഘടങ്ങളെല്ലാം നോക്കുമ്പോൾ ആ വാക്കുകളിലെ നിശ്ചയദാർഢ്യത്തിൽ അൽപവുമില്ല പതർച്ചയെന്ന് തൊട്ടറിയാം.
'മൂന്നുദിവസത്തെ കഠിനമായ യാത്രക്കൊടുവിലാണ് ചെറിയ വിശ്രമം. ഏത് ദുർഘട അവസ്ഥ വന്നാലും ഒറ്റക്ക് നേരിടണം എന്നുറപ്പിച്ചുതന്നെയാണ് മുന്നോട്ടുപോകുന്നത്. ഡോക്ടറുടെ ഉപദേശ പ്രകാരം ഒരാഴ്ച വിശ്രമത്തിന് ശേഷം ഇനി ബംഗളൂരുവിലേക്കാണ് യാത്ര. ഇനിയെല്ലാം ദീർഘദൂര റൈഡാണ്. ഒരു ദിവസം ഒരു എഫ്.എം സ്റ്റേഷനിൽ എത്തിപ്പെടാൻ കഴിയുമെന്ന് കരുതുന്നില്ല. എല്ലാ ദിവസവും താമസം തരപ്പെടുത്തണം. യൂത്ത് ഹോസ്റ്റലുകളും ഡിഫൻസ് വകുപ്പിന്‍റെ ക്യാമ്പുകളും ആകാശവാണിയുടെ താമസയിടങ്ങളും മറ്റ് റൈഡേഴ്സിന്‍റെ സഹായവുമൊക്കെ ഇതിനായി തേടും. അത്തരത്തിൽ കിട്ടുന്നിടങ്ങളിലാണ് താമസിക്കുക' -ചെന്നൈയിൽ സുഹൃത്തിന്‍റെ വീട്ടിലെ വിശ്രമത്തിനിടെ അംബിക വിവരിച്ചു.
കൊച്ചിയുടെ ഇഷ്ടശബ്ദം
കൊച്ചിയുടെ പ്രഭാതങ്ങളിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെ ഇഷ്ടസ്വരമായി നിറയുന്നുണ്ട് അംബികയുടെ ശബ്ദം. 'സ്വാഗതം കൊച്ചി' എന്ന പേരിൽ നടത്തുന്ന ആകാശവാണി റെയിൻബോ 107.5 എഫ്.എം പരിപാടിയുടെ ആർ.ജെയാണ് ഇവർ. എയർഫോഴ്സ് ഓഫിസർ എച്ച്. ശിവരാജിന്‍റെ വിധവ. തന്‍റെ 19ാം വയസ്സിൽ നിത്യതയിലേക്ക് മറഞ്ഞ പ്രിയപ്പെട്ടവന്‍റെ ഓർമയിൽ സൈനികർക്കും അവരുടെ വിധവകൾക്കുമായി ചുവപ്പൻ ബുള്ളറ്റിൽ രാജ്യം ചുറ്റാനിറങ്ങിയത് ആത്മവിശ്വാസം മാത്രം കൈമുതലാക്കി.
1997ൽ ഭർത്താവ് മരിക്കുമ്പോൾ അംബിക ബി.കോം വിദ്യാർഥിനിയാണ്. കുഞ്ഞുമകൾ ആര്യയെയും കൊണ്ട് ജീവിതത്തിനു മുന്നിൽ അമ്പരന്നുനിന്ന നാളുകൾ. പ്രിയപ്പെട്ടവരുടെ പിന്തുണയാൽ വീണ്ടും കോളജിലെ പടികൾ ചവിട്ടി. വൈകീട്ട് കമ്പ്യൂട്ടർ കോഴ്സിന് പോയി. അങ്ങനെ അക്കൗണ്ടന്‍റായി ആദ്യത്തെ ജോലി ലഭിച്ചു. 2008ൽ കൊച്ചി ഐ.സി.ഡബ്ല്യൂ.എ.ഐയിൽ കോസ്റ്റ് അക്കൗണ്ടിങ്ങിൽ രജിസ്റ്റർ ചെയ്ത് പഠനം തുടരുന്നതിനിടെയാണ് റേഡിയോ ജോക്കിയാകണമെന്ന ഇഷ്ടം ലഹരിയായത്. ആകാശവാണിയിൽ കാഷ്വൽ അസൈനിയായി പ്രവേശനവും ലഭിച്ചു.
ജീവിതം മാറ്റിയ സൊറപറച്ചിലുകൾ
ആർ.ജെയായി ജോലി തുടങ്ങിയതോടെ ജീവിതംതന്നെ മാറിയെന്ന് അംബികയുടെ വാക്കുകൾ. കൂടുതൽ ഉത്തരവാദിത്തമുള്ള സ്ത്രീയായി ജോലി മാറ്റിത്തീർത്തു. വിവരങ്ങൾ ശേഖരിച്ച് പൊതുജനത്തിലേക്കുതന്നെ ശബ്ദത്തിലൂടെ കൈമാറുന്നതിൽ അഭിമാനം കൊണ്ടു. മകളെ സാമൂഹിക പ്രതിബദ്ധതയോടെ വളർത്താനും കഠിനാധ്വാനം ശീലമാക്കാനും ഇതിലൂടെ സാധിച്ചു. നിലവിൽ ഇൻഫോസിസിൽ ഡിസൈനറാണ് മകൾ ആര്യ. കൊച്ചി ആകാശവാണി എഫ്.എമ്മിന്‍റെ പിന്തുണയാണ് ഇന്ത്യാ യാത്രക്ക് പുറപ്പെടുന്നതിന് തനിക്ക് ഏറ്റവും വലിയ പിന്തുണയെന്നും അംബിക പറയുന്നു. എല്ലാ എഫ്.എം സ്റ്റേഷനുകളിലും അംബികയുടെ യാത്രയെ സംബന്ധിച്ച് അറിയിപ്പ് നൽകി എ.ഐ.ആർ കൊച്ചി അധികൃതർ. ഏത് അടിയന്തര ഘട്ടത്തിലും സഹായം നൽകണമെന്നും നിർദേശം നൽകിയിരുന്നു.
കോയമ്പത്തൂർ വഴി സ്വപ്നറൈഡിലേക്ക്
എറണാകുളത്തുനിന്ന് പുറപ്പെട്ട് പാലക്കാട് വഴി ആദ്യം എത്തിയത് എ.ഐ.ആർ കോയമ്പത്തൂരിൽ. തുടർന്ന് കോഡൈ എഫ്.എം സ്റ്റേഷനിൽ ഊഷ്മള സ്വീകരണം ലഭിച്ചു. പിന്നീട് മധുരൈ എഫ്.എം, തിരുനൽവേലി സ്റ്റേഷൻ, തിരുനൽവേലി സ്റ്റേഷൻ വഴി പുതുച്ചേരിയിലേക്ക്. തമിഴ് പുത്തനാണ്ടിന്‍റെ ആഘോഷങ്ങൾക്കിടയിലൂടെയായിരുന്നു റൈഡ്. ചിലയിടത്തെല്ലാം വഴിചുറ്റേണ്ടി വന്നു.
പുതുച്ചേരിയിലേക്ക് 600 കിലോമീറ്റർ താണ്ടി എത്തുമ്പോൾ വൈകീട്ട് അഞ്ചരയായി. യാത്രയുടെ ക്ഷീണമൊക്കെ മാറ്റിമറിക്കുന്ന തരത്തിലായിരുന്നു സ്വീകരിക്കാനെത്തിയ ആൾക്കൂട്ടം. അവധി ദിനമായിട്ടുപോലും ദൂരദർശൻ സ്റ്റാഫും എ.ഐ.ആർ ജീവനക്കാരും എത്തി. ദൂരദർശൻ കേന്ദ്രയുടെ ഗെസ്റ്റ് ഹൗസിലാണ് താമസിച്ചത്. പിറ്റേന്ന് പുലർച്ച 6.15ന് ചെന്നൈയിലേക്ക് തിരിച്ചു. പോകും മുമ്പ് മകൾ ഓൺലൈനായി വിഷുക്കണിയും കാണിച്ചു. ഇതുവരെ അമ്മ മകളെയാണ് കണി കാണിച്ചതെങ്കിൽ ഇക്കുറി തിരിച്ചായി.
ചെന്നൈയിലേക്ക് മൂന്നുമണിക്കൂർ യാത്രക്കിടെ കൽപാക്കത്തുവെച്ചാണ് ബുള്ളറ്റ് സ്പീഡ് ബ്രേക്കറിൽ വെച്ച് സ്കിഡായി വീണത്. അപകടസ്ഥലത്തിന് തൊട്ടടുത്തുതന്നെ സുഹൃത്തിന്‍റെ വീടുണ്ടായിരുന്നു. അവിടെ വെച്ചാണ് ഡോക്ടറെ കണ്ട് വിശ്രമദിനങ്ങളിലേക്ക് കടന്നത്. കാൽമുട്ടിന്‍റെ പരിക്ക് മാറിയതോടെ വീണ്ടും ബുള്ളറ്റിലേറി അംബിക, ആത്മവിശ്വാസം മാത്രം കരുത്താക്കി ഇന്ത്യയെന്ന വലിയ ഭൂപടത്തിലേക്ക്, സ്വപ്നറൈഡിലേക്ക്...