ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം ഇനി പോളണ്ടിന് സ്വന്തം. ഡീപ്സ്പോട്ട് എന്ന പേരിലെ സ്വിമ്മിങ് പൂൾ ടെമി മിലെപിനി ഫോർസ്റ്റാർ ഹോട്ടലിന് സമീപമാണ് നിർമിച്ചിരിക്കുന്നത്. വാഴ്സോയിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള മസ്ക്സ്നോ എന്ന നഗരത്തിലാണ് ഈ ഹോട്ടൽ. 150 അടിയാണ് ഇതിെൻറ ആഴം. അതായത് 45 മീറ്റർ.
8000 ക്യുബിക് മീറ്റർ വെള്ളം ഇതിൽ ഉൾക്കൊള്ളും. ഡൈവേഴ്‌സിനായി വിവിധ കോഴ്‌സുകളും ഇവിടെയുണ്ട്. കൂടാതെ അഗ്നിശമന സേനക്കും സൈന്യത്തിനുമെല്ലാം ഈ കുളം പരിശീലനത്തിന് ഉപയോഗിക്കാം. കഴിഞ്ഞദിവസം സ്വിമ്മിങ് പൂൾ പൊതുജനങ്ങൾക്കായി തുറന്നുനൽകി. പരിശീലനം ലഭിച്ച എട്ട് മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ നിരവധി പേർ ആദ്യദിവസം തന്നെ ഇവിടെയെത്തി.
രണ്ട് വർഷം കൊണ്ടാണ് സ്വിമ്മിങ് പൂൾ നിർമിച്ചത്. ഇതിനായി 5000 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചു. ഹോട്ടലിെൻറ മുറികളിലും റെസ്റ്റോറൻറിലും കോൺഫറൻസ് ഹാളിലും ഇരുന്നാൽ കാണാൻ കഴിയും വിധമാണു സ്വിമ്മിങ്പൂൾ. മായൻ സംസ്കാരത്തിെൻറ ശേഷിപ്പുകൾ ഓർമിപ്പിക്കുന്ന ഗുഹകളും കപ്പലിെൻറ മാതൃകകളും ഗ്ലാസ് ടണലുമെല്ലാം വെള്ളത്തിനടിയിൽ എത്തുന്നവരെ കാത്തിരിക്കുന്നുണ്ട്.
നേരത്തെയുള്ള ഗിന്നസ് ലോക റെക്കോഡ് ഇറ്റലിയിലെ മോണ്ടെഗ്രോട്ടോ ടേർമിലെ സ്വിമ്മിങ് പൂളിനാണ്. 42 മീറ്ററാണ് ഇതിെൻറ ആഴം. അതേസമയം, ബ്രിട്ടനിൽ 50 മീറ്റർ ആഴമുള്ള നീന്തൽക്കുളം ഒരുങ്ങുകയാണ്. അടുത്ത വർഷം ഇത് തുറക്കുന്നതോടെ പോളണ്ടിെൻറ െറക്കോഡ് നഷ്ടമാകും.