‘ഇത്ര’യിൽ വൈവിധ്യങ്ങളുടെ ആഘോഷം; പൈതൃകപ്പെരുമയുമായി സ്പാനിഷ് സാംസ്കാരിക വസന്തം
text_fieldsദമ്മാം ദഹ്റാനിലെ ഇത്രയിൽ ആരംഭിച്ച ‘സ്പെയിൻ’ സാംസ്കാരിക ദിനങ്ങളിൽ നിന്നുള്ള ഒരു കലാപ്രകടനം
ദമ്മാം: ലോകസംസ്കാരങ്ങളുടെ സംഗമഭൂമിയായി മാറിയ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്ര), ഇത്തവണ സ്പാനിഷ് വർണങ്ങളാൽ മുഖരിതമാകുന്നു. സ്പെയിനിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും കലയും ജീവിതരീതികളും അടുത്തറിയാൻ അവസരമൊരുക്കുന്ന ‘സ്പെയിൻ കൾചറൽ ഡേയ്സ്’ ഇത്രയിൽ ആരംഭിച്ചു. ജനുവരി 12ന് തുടങ്ങിയ സാംസ്കാരികോത്സവം 31 വരെ നീണ്ടുനിൽക്കും.
സ്പാനിഷ് സംസ്കാരത്തിന്റെ ആഴവും പരപ്പും പ്രതിഫലിപ്പിക്കുന്ന 130ഓളം വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണ ഇത്രയുടെ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സ്പെയിനിന്റെ പോയകാല പ്രതാപവും വർത്തമാനകാലത്തെ സർഗാത്മകതയും ഒത്തുചേരുന്ന വർക് ഷോപ്പുകൾ, സംവേദനാത്മക അനുഭവങ്ങൾ, സംഭാഷണ സെഷനുകൾ, നാടക പ്രകടനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.സാംസ്കാരിക വിനിമയത്തിലൂടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ അകലം കുറക്കുക എന്ന ഇത്രയുടെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ‘സാംസ്കാരിക വിനിമയം ഇത്രയുടെ പ്രവർത്തനങ്ങളുടെ കാതലാണ്. സ്പെയിനിന്റെ സംസ്കാരത്തെയും ചരിത്രത്തെയും ആഘോഷിക്കുന്നത് ഞങ്ങളുടെ ഈ ലക്ഷ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പൈതൃകവും നാഗരികതയും ഉയർത്തിക്കാട്ടുന്ന ഈ വർഷത്തെ പരിപാടികൾക്ക് ഒരു പ്രത്യേകതയുണ്ട്.’ -ഇത്ര പ്രോഗ്രാം മാനേജർ നൂറ അൽസാമിൽ പറഞ്ഞു.
സന്ദർശകർക്ക് സ്പാനിഷ് സംസ്കാരം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി അവസരങ്ങളാണ് സാംസ്കാരിക ദിനങ്ങളിൽ ഒരുക്കിയിരിക്കുന്നത്: ചിത്രരചന, ഇൻസ്റ്റാളേഷൻ ആർട്ട്, സെറാമിക് നിർമാണം, പരമ്പരാഗത സ്പാനിഷ് വിശറികളുടെ നിർമാണം തുടങ്ങിയ സ്പാനിഷ് കലയിലും കരകൗശലത്തിലും വിടരുന്ന ഒട്ടേറെ പ്രദർശനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോകപ്രശസ്തമായ ഫ്ലെമെൻകോ നൃത്തപഠന സെഷനുകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ എന്നിവയുടെ തത്സമയ അവതരണങ്ങളും അരങ്ങേറുന്നു. സ്പാനിഷ് കരകൗശല പാരമ്പര്യങ്ങളെക്കുറിച്ചുള്ള വർക് ഷോപ്പുകളും ചരിത്ര സെഷനുകളുമായി അറിവിന്റെ ലോകം വേറെയും. ലോക സംസ്കാരങ്ങളെ യുവതലമുറക്ക് പരിചയപ്പെടുത്തുന്നതിലൂടെ പുതിയ അറിവുകൾ നേടാനും സർഗാത്മക നിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് സംഘാടകർ കരുതുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പേ ലോകത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇടംപിടിച്ച രാജ്യമാണ് സ്പെയിൻ. അവിടത്തെ സാംസ്കാരിക തകർച്ചയുടെയും ഉയിർത്തെഴുന്നേൽപ്പിന്റെയും കഥകൾ പുതിയ തലമുറക്ക് വലിയ പ്രചോദനമാണ് നൽകുന്നത്. മനുഷ്യർക്കിടയിലെ അകലം കുറച്ച് സ്നേഹവും അടുപ്പവും രൂപപ്പെടുത്താൻ ഇത്തരം സാംസ്കാരിക കൈമാറ്റങ്ങൾ അത്യന്താപേക്ഷിതമാണെന്ന സന്ദേശമാണ് ‘ഇത്ര’ ഈ ആഘോഷത്തിലൂടെ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

