കേരളത്തിലേക്ക് കഴിഞ്ഞ വർഷം കർണാടകയിൽ നിന്നെത്തിയത് 11.59 ലക്ഷം സഞ്ചാരികൾ
text_fieldsബംഗളൂരുവിൽ കേരള ടൂറിസം സംഘടിപ്പിച്ച ചടങ്ങിൽനിന്ന്
ബംഗളൂരു: കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് 2022ൽ കർണാടകയിൽനിന്നെത്തിയത് 11,59,112 പേർ. കർണാടകയിൽനിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 2021 വർഷത്തെ അപേക്ഷിച്ച് 299.56 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കോവിഡ് കാലമായ 2020ൽ 2,99,216 പേരും 2021ൽ 2,90,096 പേരും കന്നട നാട്ടിൽനിന്ന് കേരളത്തിലേക്കെത്തി. കോവിഡ് സാഹചര്യത്തിൽ മുൻ വർഷങ്ങളിൽ താഴ്ന്നുനിന്ന ടൂറിസം വിപണി കഴിഞ്ഞവർഷം വൻ വളർച്ച പ്രാപിച്ചതായി കേരള ടൂറിസത്തിന്റെ കണക്കുകൾ പറയുന്നു.
കഴിഞ്ഞവർഷം 3.45 ലക്ഷം വിദേശസഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. 2021ൽ 60,487 പേരായിരുന്നു. 471.28 ശതമാനം വർധനയാണ് വിദേശ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്.ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോഡാണ് രേഖപ്പെടുത്തിയത്. 2021ൽ 75.37 ലക്ഷം പേരും 2022ൽ 1.88 കോടി പേരും കേരളത്തിലെത്തി. 150 ശതമാനത്തിലേറെയാണ് വളർച്ച. കഴിഞ്ഞ വർഷം ടൂറിസത്തിലൂടെ പ്രത്യക്ഷമായും പരോക്ഷമായും നേടിയ വരുമാനം 35,168 കോടി രൂപയാണ്. 2021ൽ ഇത് 12,285 കോടിയായിരുന്നു. ഇതിനകം 16 നഗരങ്ങളിൽ കേരള ടൂറിസം ട്രാവൽ ഷോ നടന്നു.
ടൂറിസം രംഗത്ത് കഴിഞ്ഞ വർഷം നിരവധി നേട്ടങ്ങൾ കേരളത്തെ തേടിയെത്തിയിരുന്നു. പുതിയ സീസണിൽ കേരളത്തെ മികച്ച വെഡ്ഡിങ് സ്റ്റേഷനായി സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്നും അടുത്തിടെ ആരംഭിച്ച കാരവൻ ടൂറിസത്തിനും പ്രിയമേറിവരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ബംഗളൂരുവിൽ കേരള ടൂറിസം പാർട്ണർഷിപ് മീറ്റിൽ 200 ഓളം സംരംഭകർ പങ്കാളികളായി.
ഇതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കേരളത്തനിമയുള്ള കലാരൂപങ്ങളും അരങ്ങേറി. കലാമണ്ഡലം ഗോപാലകൃഷ്ണൻ ഡയറക്ടറായ ചെറുതുരുത്തി കഥകളി സ്കൂളിലെ കലാകാരന്മാരായ ഗിരീഷ്, അരവിന്ദ് (കഥകളി), പ്രതീഷ് (തിറയാട്ടം), രാഹുൽ, ഋതിൻ (കളരിപ്പയറ്റ്), വാസു (തെയ്യം), അഞ്ജലി, അഞ്ജന, അതുല്യ, അഞ്ജു (മോഹിനിയാട്ടം) എന്നിവർ അരങ്ങിലെത്തി. അഷ്റഫ് കാസർകോടായിരുന്നു സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

