മുംബൈ: ശ്വാസകോശ അർബുദം സ്ഥിരീകരിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് ആശംസയുമായി ക്രിക്കറ്റ് താരം യുവരാജ് സിങ്. നിങ്ങൾ ഒരു പോരാളിയാണെന്നും ഇൗ ഘട്ടവും മറികടക്കുമെന്നും സഞ്ജയ് ദത്തിനെ ടാഗ് ചെയ്ത് യുവരാജ് ട്വീറ്റ് ചെയ്തു.
'നിങ്ങൾ എപ്പോഴും പോരാളിയായിരുന്നു. ഇപ്പോഴുണ്ടാകുന്ന വേദന എനിക്ക് മനസിലാകും. പക്ഷേ നിങ്ങൾ കരുത്തനാണ്. ഈ ഘട്ടവും മറികടക്കും. എത്രയും വേഗം രോഗമുക്തനായി തിരികെയെത്താൻ പ്രാർഥനകളും ആശംസകളും' -യുവരാജിെൻറ ട്വീറ്റ്. അർബുദത്തിൽനിന്നും തിരികെവന്ന വ്യക്തിയാണ് യുവരാജ് സിങ്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് എട്ടിന് 61 കാരനായ ദത്തിനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് സംശയത്തെ തുടർന്ന് ഇദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ പരിശോധന ഫലം നെഗറ്റീവായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത്.
വിദഗ്ധ ചികിത്സക്കായി താരം യു.എസിലേക്ക് പോകുമെന്നാണ് വിവരം. ചികിത്സക്കായി താൻ ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്ന് വ്യക്തമാക്കി സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും ആരും പരിഭ്രമിക്കേണ്ടെന്നും എത്രയും വേഗം തന്നെ താൻ തിരിച്ചു വരുമെന്നും സഞ്ജയ് ദത്ത് ട്വിറ്ററിൽ കുറിച്ചു.