തമിഴ്നാട്ടിലെ മരിച്ച വോട്ടർമാരുടെ പേരുകൾ നീക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമീഷനെ ഓർമിപ്പിച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: വോട്ടു കൊള്ള വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ, മരിച്ച വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കണമെന്ന ഡി.എം.കെയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷനെ ഓർമിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
‘മെയ് 1ലെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കിക്കൊണ്ട് മരിച്ച വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഇല്ലാതാക്കാൻ 2025 ജൂലൈ 17ന് ഞങ്ങൾ ഇ.സിയോട് അഭ്യർഥിച്ചിരുന്നു. അതിനി എപ്പോൾ ചെയ്യും?’ എന്ന് സമൂഹ മാധ്യമ പോസ്റ്റിൽ സ്റ്റാലിൻ കമീഷനോട് ഉന്നയിച്ചു.
ഡി.എം.കെ എം.പിമാർ ‘നിർവചൻ സദനി’ൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും ജനനത്തീയതിയും താമസസ്ഥലവും തെളിയിക്കുന്നതിന് ആധാറും റേഷൻ കാർഡുകളും മറ്റ് തെളിവുകളായി പരിഗണിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഫുൾ ബെഞ്ച് പ്രതിപക്ഷ ഇൻഡ്യാ ബ്ലോക്ക് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഒരു വാർത്താ സമ്മേളനത്തിൽ സംസാരിച്ചതിന്റെ പിറ്റേന്നാണ് ഡി.എം.കെയുടെ പ്രതികരണം. പ്രതിപക്ഷം ഉയർത്തിക്കാട്ടുന്ന വിഷയങ്ങൾക്കുള്ള ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഇ.സി ഉന്നയിച്ചതെന്നും വീടുതോറുമുള്ള കണക്കെടുപ്പ് നടത്തിയെങ്കിൽ യോഗ്യരായ വോട്ടർമാരുടെ എണ്ണം ഇത്രയധികം എങ്ങനെ ഇല്ലാതാക്കാൻ കഴിയുമെന്നും സ്റ്റാലിൻ ചോദിച്ചു
ന്യായമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് അവരുടെ ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് അത് ‘കൂടുതൽ സുതാര്യവും’ ‘സൗഹൃദപരവു’മായിക്കൂടാ എന്നും തമിഴ്നാട് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. 1960ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടറൽസ് റൂൾസ് തീരുമാനിച്ച അന്വേഷണവും അപ്പീൽ പ്രക്രിയയും എസ്.ഐ.ആറിനു ശേഷം ബിഹാറിൽ വലിയൊരു വിഭാഗം വോട്ടർമാരെ ഒഴിവാക്കുന്നതിലേക്ക് നയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇത്തരം വിഷയം കമീഷൻ പരിഗണിക്കുമോ? മറ്റ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ നടത്തുമ്പോൾ ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ കമീഷൻ കണക്കിലെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

