ഫലസ്തീൻ പ്രശ്നപരിഹാരത്തിന് കൂട്ടായി പരിശ്രമിക്കും -ഒ.ഐ.സി സെക്രട്ടറി ജനറൽ
text_fieldsഅറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ സംസാരിക്കുന്നു
ജിദ്ദ: ഫലസ്തീൻജനതക്കുള്ള സമ്പൂർണ പിന്തുണയും ഒ.ഐ.സിയുടെ ലക്ഷ്യമായ ഫലസ്തീൻപ്രശ്നം സംരക്ഷിക്കാനുള്ള സംയുക്ത പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണ് റിയാദ് ആതിഥേയത്വം വഹിച്ച അറബ്-ഇസ്ലാമിക് ഉച്ചകോടിയെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ അധിനിവേശസേന നടത്തുന്ന കുറ്റകൃത്യങ്ങളും വംശീയ ഉന്മൂലനവും അതിന്റെ ഭയാനകമായ ദൃശ്യങ്ങളും മനുഷ്യത്വമില്ലായ്മയുടെ തെളിവാകുകയാണ്. ഇത് രേഖപ്പെടുത്തുകയും ഇതിന്റെ ഉത്തരവാദികൾക്കെതിരെ നിലവിലുള്ള അന്താരാഷ്ട്ര നിയമസംവിധാനങ്ങൾ പ്രയോഗിക്കുകയും വേണം. അധിനിവേശ ഗവൺമെന്റിനാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
ഗസ്സയിലെ ജനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ വെടിനിർത്തൽ പ്രഖ്യാപിക്കാനും സ്ഥിരമായ സഹായം എത്തിക്കാനും ഫലസ്തീൻജനതയുടെ സുരക്ഷ ഉറപ്പാക്കാനും സുരക്ഷിത ഇടനാഴികൾ തുറക്കാനും ആഹ്വാനം ചെയ്യുന്നു. ഫലസ്തീൻജനതയെ ലക്ഷ്യമിട്ടുള്ള നിർബന്ധിത കുടിയിറക്ക് നിരസിക്കുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറൽ വ്യക്തമാക്കി. അധിനിവേശ ഗവൺമെന്റിന്റെ ഈ നടപടികൾക്കെതിരെ ആവശ്യമായതെല്ലാം ചെയ്യാൻ അന്താരാഷ്ട്ര രാജ്യങ്ങളോട് അഭ്യർഥിക്കുന്നു.
സുരക്ഷാ കൗൺസിൽ അതിന്റെ പങ്ക് നിർവഹിക്കണം. ഇസ്രായേൽ അധിനിവേശകർ മനുഷ്യാവകാശങ്ങൾ പാലിക്കുകയും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നടപ്പാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീൻപ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരത്തിൽ എത്തിച്ചേരാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്.
അന്താരാഷ്ട്ര നിയമസാധുതയും അറബ് സമാധാന സംരംഭവും കണക്കിലെടുത്ത് ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുകയും ഫലസ്തീൻരാഷ്ട്രം സ്ഥാപിതമാകുകയും വേണം. ഈ ഉച്ചകോടി ഫലസ്തീന്റെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

