വാളയാറിലെ പെൺകുട്ടികളെ ഓർമിപ്പിക്കും അമ്മയുടെ ചിഹ്നം; ഭാഗ്യവതി ധർമടത്ത് മത്സരിക്കുന്നത് 'കുഞ്ഞുടുപ്പ്' ചിഹ്നത്തിൽ
text_fieldsകണ്ണൂര്‍: രണ്ടു പെൺമക്കളുടെ മരണത്തില്‍ നീതി തേടി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത് 'കുഞ്ഞുടുപ്പ്' (ഫ്രോക്ക്) .
സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്‍റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രതിഷേധസൂചകമായാണ് ഭാഗ്യവതി മത്സരിക്കുന്നത്. നീതി നിഷേധം ആവർത്തിക്കുന്നുവെന്നാരോപിച്ച് ഇവർ തലമുണ്ഡനം ചെയ്തിരുന്നു.
14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. വാളയാറിലെ അമ്മയുടെ പോരാട്ടങ്ങൾക്ക് ഓരോ ഘട്ടത്തിലും സോഷ്യൽ മീഡിയയും പൊതുസമൂഹവും വലിയ പിന്തുണ നൽകിയിരുന്നത്. തുടർന്നാണ് മത്സരിക്കാൻ ഇറങ്ങിയത്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ച ഭാഗ്യവതിക്ക് പിന്തുണ നൽകാൻ യു.ഡി.എഫ് ആലോചിച്ചിരുന്നു.
ഫ്രോക്ക് ചിഹ്നം വേണമെന്ന് വാളയാറിലെ അമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചത്. 2017ലാണ് 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.