മൻമോഹൻ സിങ് നിഷ്ക്രിയനായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ബി.ജെ.പി വിഡിയോ; എതിർപ്പുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരണകാലത്ത് ഇന്ത്യയിൽ നടന്ന ഭീകരാക്രമണ സംഭവങ്ങളെ പരാമർശിച്ച് ബി.ജെ.പി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പുറത്തുവിട്ട വിഡിയോക്കെതിരെ കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. വെള്ളിയാഴ്ച പുറത്തുവിട്ട വിഡിയോയിൽ ആക്രമണങ്ങൾക്ക് ശേഷം മുൻ യു.പി.എ സർക്കാർ പാകിസ്താനുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരുന്നുവെന്നും പ്രതികാരം ചെയ്യുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെന്നും പറയുന്നുണ്ട്.
പാക് ആക്രമണങ്ങളോട് സൈനികമായി പ്രതികരിക്കാതെ മൻമോഹൻ സിങ് ദുർബലനാണെന്ന ധ്വനിയാണ് വിഡിയോയിലുള്ളതെന്ന് വിമർശനമുയർന്നു കഴിഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന ഭീകരാക്രമണ സംഭവങ്ങളും അതിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണവും വിഡിയോയിൽ പറയുന്നു. വേദന കൊണ്ട് കരയുന്ന ഒരു സ്ത്രീയുടെ ഫോട്ടോയോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
ആദ്യം തന്നെ ‘2005ലെ ഡൽഹി സ്ഫോടനങ്ങൾ, 62+ പേർ മരിച്ചു’ എന്ന് ചുവന്ന നിറത്തിൽ എഴുതികാണിക്കുന്നു. തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ചിത്രവും ‘2006ൽ സമാധാന ചർച്ചകൾ’ എന്ന വാചകവും കാണിക്കുന്നു.
ശേഷം വിഡിയോയിൽ മൻമോഹൻ സിങ് മുൻ പാകിസ്താൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുമായി ‘2007ൽ സമാധാന ചർച്ചകൾ’ എന്ന വാചകം എഴുതിയിരിക്കുന്നു.
വിഡിയോക്കെതിരെ രംഗത്തുവന്ന ശശി തരൂർ ‘നമ്മെ രാഷ്ട്രീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണിതെന്ന് പറഞ്ഞു. പോസ്റ്റ് ഒരു പരസ്യം ആണെന്നും അത് ‘ഉചിതമോ പക്വമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് നീക്കം ചെയ്യാൻ അദ്ദേഹം ബി.ജെ.പിയോട് ആവശ്യപ്പെടുകയും ചെയ്തു. ‘രാജ്യം ഇന്ത്യക്കാർ എന്ന നിലയിൽ ഒറ്റക്കെട്ടായി നിൽക്കുന്ന സമയത്ത്, രാഷ്ട്രീയമായി നമ്മെ ഭിന്നിപ്പിക്കാനുള്ള ഈ ശ്രമം നിർഭാഗ്യകരമാണെന്ന് ശശി തരൂർ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

