കഴക്കൂട്ടം: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശിയും തിരുവനന്തപുരത്തെ ഐ.എ.എസ് പരിശീലക കേന്ദ്രത്തിലെ വിദ്യാർഥിയുമായ ഇന്തസാർ (28) ആണ് കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്.
പഠനകാലത്ത് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2017 മുതൽ വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പിന്നീട് വിവാഹം കഴിക്കാൻ സമ്മതമല്ല എന്ന് അറിയിച്ചതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
കോഴിക്കോട് പേരാമ്പ്ര പൊലീസിലാണ് പരാതി നൽകിയത്. തുടർന്ന് കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരത്തെ കഴക്കൂട്ടം, ശ്രീകാര്യം, പേട്ട, എയർപോർട്ട്, കിഴക്കേക്കോട്ട, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി.
പാലക്കാട് നിന്നുമാണ് കഴക്കൂട്ടം പൊലീസ് ഇൻസ്പെക്ടർ ജെ.എസ്. പ്രവീണിന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.