Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗുലാം നബിക്ക്​ യാത്ര നൽകി മോദിയുടെ കരച്ചിൽ കോൺഗ്രസിന്​ കണ്ണീർമഴയാകുമോ?
cancel
Homechevron_rightTop Newschevron_rightഗുലാം നബിക്ക്​ യാത്ര...

ഗുലാം നബിക്ക്​ യാത്ര നൽകി മോദിയുടെ കരച്ചിൽ കോൺഗ്രസിന്​ കണ്ണീർമഴയാകുമോ?

text_fields
bookmark_border


ചൊവ്വാഴ്​ച രാജ്യസഭയിൽ പടിയിറങ്ങുന്ന കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദിന്​ വിടനൽകുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണീർ പൊഴിച്ചിരുന്നു. 1980കൾ മുതൽ കടുത്ത കോൺഗ്രസ്​ വക്​താവാണ്​ ആസാദ്​. എന്നാൽ, അടുത്തിടെയായി പാർട്ടികത്തെ വിമതനാണ്​ അദ്ദേഹം. കോൺഗ്രസി​െൻറ പ്രതിസന്ധിയിൽ ഇരയിട്ടു കൊത്തുകയാ​യിരുന്നോ മോദി?


2018 ജൂലൈയിൽ രാഹുൽ ഗാന്ധി ലോക്​സഭയിൽ നരേന്ദ്ര മോദി ഇരുന്ന കസേരയിലെത്തി അദ്ദേഹത്തെ ആലിംഗനത്തിന്​ ശ്രമിച്ചിരുന്നു- മോദിയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞ മുഹൂർത്തം.

സമാനമായി, 2021 ഫെബ്രുവരി ഒമ്പതിന്​ വിരമിക്കുന്ന രാജ്യസഭാംഗം ഗുലാം നബി ആസാദിന്​ വിടനൽകുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണീർ പൊഴിച്ച്​ വാക്കുകൾ വിതുമ്പി. പ്രതിപക്ഷ നേതാവായ ആസാദ​്​ ശരിക്കും ഞെട്ടിയ മുഹൂർത്തം.

വിരോധാഭാസമെന്നു തോന്നാവുന്ന രണ്ടു 'പ്രകടനങ്ങളും' പാർലമെൻററി ജനാധിപത്യത്തെ കുറിച്ച്​ ശരിക്കും ചിലത്​ പങ്കുവെക്കുന്നുണ്ട്​. ടെലിവിഷൻ ദൃശ്യങ്ങളും കാഴ്​ചകളും അത്​ ശരിവെക്കുന്നു.

കോൺഗ്രസിനകത്തെ വിമതനാണ്​ ആസാദ്​. ജി-23 വിമതർക്ക്​ വാതിൽ തുറക്കുന്ന നീക്കമാണിതെന്ന്​ പതിവു യുക്​തി കൊണ്ട്​​

രാഷ്​ട്രീയ നിരീക്ഷകരും വിശാരദരും പറയാം. പക്ഷേ, അതിലുമുണ്ട്​ പ്രശ്​നം. തെറ്റാണ്​ ആ നിഗമനം.

അന്ന്​ രാഹുൽ ഗാന്ധി പറയാതെ പറയാൻ ശ്രമിച്ചത്​ മോദിക്ക്​ എത്രകണ്ട്​ അനുതാപവും സഹാനുഭൂതിയും ഇല്ലാതെ പോയെന്നാണെങ്കിൽ ഇത്തവണ ത​െൻറ പ്രസംഗത്തിനിടെ മോദി ശ്രമിച്ചത്​, പണ്ട്​ പി.വി നരസിംഹറാവുവിനും പ്രണബ്​ മുഖർജിക്കുമെന്ന പോലെ ​ആസാദിനും കോൺഗ്രസിൽ അർഹിച്ചത്​ കിട്ടിയില്ലെന്ന്​ ബോധ്യപ്പെടുത്താനാണ്​​.

വിമതസ്വരവും വിപ്ലവവും പ്രശ്​നങ്ങളും കോൺഗ്രസിൽ നിരന്തരം ജ്വലിപ്പിച്ചുനിർത്തണം. എന്നാലേ, പലതലങ്ങളിൽ പ്രക്ഷോഭവുമായി സജീവമായ ആധുനിക ഗാന്ധിമാർ പാർട്ടിക്കകത്തെ പ്രതിസന്ധിയുമായി മല്ലിട്ട്​ മ​ുന്നോട്ടുപോകൂ.

രാഷ്​ട്രീയ മാന്യത തീർച്ചയായും സ്വാഗതാർഹമാണ്​. പൊതു ജീവിതത്തിൽ ആസാദി​െൻറ സംഭാവനകളെ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്​ത പ്രധാനമന്ത്രി മോദിയുടെ നീക്കം അതുകൊണ്ട്​ പ്രാഥമിക പരിഗണനയിൽ ആശ്വാസദായകമാണ്​​. പക്ഷേ, അതവിടെ അവസാനിക്കും. കാരണം, രാഷ്​ട്രീയ ലോകത്തെ ഒരാൾ പോലും ചിന്തിച്ചുകാണില്ല, 370ാം വകുപ്പ്​ എടുത്തുകളയു​േമ്പാൾ എന്തുകൊണ്ട്​ ആസാദി​െൻറ ഉപദേശം തേടിയില്ലെന്ന്​.

കശ്​മീർ നയവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും അദ്ദേഹത്തി​െൻറ ബുദ്ധിപരമായ ഉപദേശം ചോദിച്ചില്ല. എന്നിട്ട്​, കശ്​മീരിനെ കേ​ന്ദ്ര ഭരണ പ്രദേശമായി മാറ്റി. സംസ്​ഥാനത്തെ നെടുകെ പിളർത്തി. സംസ്​ഥാനത്തി​െൻറ മുൻ മുഖ്യമന്ത്രിയെന്ന നിലക്ക്​ 370ാം വകുപ്പിനെ കുറിച്ചും ജമ്മു കശ്​മീരിൽ നിലനിൽക്കുന്ന മറ്റു വിഷയങ്ങളെ കുറിച്ചും ചിലതു പറയാനുണ്ടാകുമായിരുന്നു.

പൊതുധാരണ എന്തോ ആക​ട്ടെ, ഏതുഘട്ടത്തിലും കടുത്ത കോൺഗ്രസ്​ അനുഭാവിയാണ്​ ആസാദ്​. സഞ്​ജയ്​ ഗാന്ധി കാലഘട്ടത്തോളം പഴക്കമുണ്ട്​ അദ്ദേഹത്തി​െൻറ കോൺഗ്രസ്​ പ്രവേശനത്തിന്​. ജമ്മു കശ്​മീരിലെ ലത മ​​ങ്കേഷ്​കറായി വാഴ്​ത്തപ്പെട്ട പ്രശസ്​ത കശ്​മീരി ഗായിക ഷമീമുമായി ആസാദി​െൻറ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ മൂന്നു ദിവസമാണ്​ സഞ്​ജയ്​ ഗാന്ധി ശ്രീനഗറിൽ തങ്ങിയത്​.

പിന്നീട്​ ഒരിക്കലും പിന്തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലാത്ത ഗുലാംനബി കേന്ദ്ര മന്ത്രിയായി, മുഖ്യമന്ത്രിയായി, എ.ഐ.സി.സി നേതാവായി. 24 അക്​ബർ റോഡ്​ പ്രധാന കെട്ടിടത്തിൽ 1980കൾ മുതൽ ഇതുവരെയായി ആസാദ്​ ഒരിക്കലെങ്കിലും തങ്ങാത്ത മുറികളുണ്ടാകില്ല.

28 വർഷമായി അദ്ദേഹം രാജ്യസഭയിലുണ്ട്​, കോൺഗ്രസിൽ എത്രപേർക്ക്​ ഇത്രവലിയ ആദരം ലഭിച്ചുകാണുമെന്നറിയില്ല. 370ാം വകുപ്പും പകുത്തുമാറ്റലും സംഭവിച്ചില്ലായിരുന്നുവെങ്കിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും ആസാദിനെ പിന്നെയും ആറു വർഷത്തേക്കു കൂടി രാജ്യസഭയിലേക്ക്​ അയക്കുമായിരുന്നു.

മു​െമ്പാരു ലേഖനത്തിൽ ഞാൻ സൂചിപ്പിച്ച പോലെ, 2002 മാർച്ച്​ 27ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി ജമ്മു കശ്​മീർ കോൺഗ്രസ്​ അധ്യക്ഷ പദവി നൽകിയത്​ ശരിക്കും ശിക്ഷയെന്നോണമായിരുന്നു. സംഘർഷമുഖരിതമായ സംസ്​ഥാനത്ത്​ അങ്ങനെയൊരു യൂനിറ്റ്​ തന്നെ അന്ന്​ ഇല്ലെന്നതു തന്നെ കാരണം. 'അടിവേര്​ പോയ അദ്​ഭുത പുരുഷൻ' എന്ന വിളിപ്പേര്​ കൂടി ആസാദിനുണ്ടായിരുന്നു​, സ്വന്തം സംസ്​ഥാനത്ത്​ കാര്യമായ പിന്തുണ ഇല്ലാഞ്ഞതു തന്നെ കാരണം.

ആ ഘട്ടത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു ആസാദ്​. പെ​ട്ടെന്ന്​ മറ്റൊരു പദവിയിലേക്ക്​ മാറ്റിയത്​​ പലരെയും ഞെട്ടിച്ചു. പക്ഷേ, അഞ്ചു വർഷം കഴിയു​േമ്പാൾ​ അദ്ദേഹം ജമ്മു കശ്​മീർ മുഖ്യമ​ന്ത്രി പദത്തിലെത്തിയിരുന്നു.

അടുത്തിടെ, രാഹുൽ ഗാന്ധിയുടെ വരവും വളർച്ചയും പാർട്ടിയിൽ പല ചേർച്ച പ്രശ്​നങ്ങൾക്ക്​ തുടക്കമിട്ടു. കരുത്തനായ പഴയ പടക്കുതിര രാഹുൽ ഗാന്ധിയുമായി രൂഢ ബന്ധം നിലനിർത്താനാകാതെ പ്രയാസപ്പെട്ടു. ഇന്ദിര ഗാന്ധി, രാജീവ്​ ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്കൊപ്പം അടുത്തുപ്രവർത്തിച്ചവരെ കൂടെക്കൂട്ടാനായിരുന്നു രാഹുലിന്​ തിടുക്കം​. 2014ലും 2019ലും കോൺഗ്രസ്​ ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെ ഇരുവിഭാഗങ്ങളും പരസ്​പരം പഴിചാരി, അകൽച്ച പിന്നെയും കൂടി.

രാഹുൽ ഗാന്ധിക്ക്​ തോന്നിയത്​ പഴയ പടക്കുതിരക്ക്​ ഉശിരുപോരെന്നാണ്​. പകരം സോണിയ ​ഗാന്ധിയിലും പ്രിയങ്കയിലും പിന്നെ സ്വന്തത്തിൽ തന്നെയും കൂടുതൽ ആശ്രയംകണ്ടു. തങ്ങളെ മാനിക്കുന്ന രീതിയല്ല രാഹുലി​െൻറതെന്ന്​ പഴയ പടക്കുതിരക്കും തോന്നി.

ആസാദിന്​ ഏറ്റവും വലിയ വെല്ലുവിളി 1980കൾ മുതൽ കൂടുതൽ കരുത്തോടെ അഹ്​മദ്​ പ​ട്ടേലി​െൻറ രംഗപ്രവേശനമായിരുന്നു. ഏതുകാലത്തിനും യുക്​തിക്കും ചേർന്നയാളായിരുന്നു അഹ്​മദ്​ പ​ട്ടേൽ. അതുകഴിഞ്ഞ്​ പതിയെ പാളയത്തിൽതന്നെ പട തുടങ്ങി ആസാദിനെതിരെ.

അഹ്​മദ്​ പ​ട്ടേലി​െൻറ മരണം കോൺഗ്രസിനകത്ത്​ രാഷ്​ട്രീയ, അധികാര സമവാക്യങ്ങൾ മാറ്റിയെഴുതിയിട്ടുണ്ടോ?

ഒന്നും പ്രവചിക്കാറായിട്ടില്ല. മുതിർന്ന നേതാവ്​ അംബിക സോണി അഹ്​മദ്​ പ​ട്ടേലി​െൻറ സ്​ഥാനത്തേക്ക്​ സ്വയം അവരോധിക്കാനുള്ള തിടുക്കത്തിലാണ്​. മറ്റു ചിലർക്ക്​ അടുത്ത അഹ്​മദ്​ പ​ട്ടേൽ ആകേണ്ടത്​ പ്രിയങ്ക ഗാന്ധിയും​. ഗുലാം നബിയുടെ അടുത്ത നീക്കങ്ങൾ കൂടി കണ്ടറിയണം, ശരിക്കും പ്രധാനമന്ത്രി മോദി എറിഞ്ഞത്​ ഇരയാണോ അതോ കലങ്ങിമറിഞ്ഞ കോൺഗ്രസ്​ വെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമായിരുന്നോ എന്ന്​.


മൊഴിമാറ്റം കെ.പി മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiGhulam Nabi AzadCongress
Next Story