എന്റെ ആ ഗോൾ ക്രിസ്റ്റ്യാനോയുടെത് ആകേണ്ടിയിരുന്നുവെന്ന് ബ്രൂണോ
text_fieldsദോഹ: ഉറുഗ്വായ്ക്കെതിരെ പോർച്ചുഗൽ ലീഡ് പിടിച്ച ആദ്യ ഗോളും താരങ്ങളുടെ ആഘോഷവും ഗാലറിയെ ഏറെ നേരം മുൾമുനയിൽ നിർത്തിയിരുന്നു. ഗോളിനുടമ രെന്നതായിരുന്നു പ്രശ്നം.
ഇടതുവശത്തുനിന്ന് ഉറുഗ്വായ് പ്രതിരോധത്തിനിടയിലൂടെ ബ്രൂണോ ഉയർത്തി അടിച്ച പന്ത് പോസ്റ്റിലേക്ക് പറന്നുവീഴുമ്പോൾ കൃത്യമായി സ്ഥലത്തെത്തിയ ക്രിസ്റ്റ്യാനോ പന്തിന് തലവെക്കുന്നു. ഹെഡറിൽ പന്ത് ദിശമാറുമെന്ന് കരുതിയ ഗോളിയെ കാഴ്ചക്കാരനാക്കി വന്ന ദിശയിൽ തന്നെ നീങ്ങി പന്ത് വലതുവശത്ത് വലക്കണ്ണികളിൽതട്ടി വിശ്രമിക്കുന്നു. വൻ ആഘോഷവുമായി ഓടിയ ക്രിസ്റ്റ്യാനോ ഗോൾ നേടിയെന്നായിരുന്നു ഗാലറിയും ബ്രൂണോ ഉൾപ്പെടെ സഹതാരങ്ങളും വിശ്വസിച്ചത്. ആ തരത്തിൽ ആദ്യ കമെന്ററികളും സമൂഹ മാധ്യമ പോസ്റ്റുകളും വന്നുതുടങ്ങുകയും ചെയ്തു. സെക്കൻഡുകൾ കഴിഞ്ഞ് ഗാലറിയിലെ സ്ക്രീനിൽ സ്കോററുടെ പേരു തെളിയുമ്പോൾ പക്ഷേ, ആളു മാറിയിരുന്നു.
പന്ത് നീട്ടിയടിച്ച ബ്രൂണോ തന്നെയായിരുന്നു സ്കോറർ. മൈതാനത്തു ചിരിച്ചുനിന്ന ക്രിസ്റ്റ്യാനോയും ബ്രൂണോയും പിന്നെയും ആഘോഷം തുടർന്നു. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഒരു ഗോൾ കൂടി ബ്രൂണോ നേടി പോർച്ചുഗലിനെ പ്രീക്വാർട്ടറിലെത്തിക്കുകയും ചെയ്തു.
ആദ്യ ഗോളിനെ കുറിച്ച പ്രതികരണത്തിലാണ് പിന്നീട് ബ്രൂണോ മനസ്സു തുറന്നത്. പന്തു നൽകിയത് ക്രിസ്റ്റ്യാനോക്കു കണക്കാക്കിയായിരുന്നെന്നും അദ്ദേഹം സ്പർശിച്ചെന്നുതന്നെയാണ് കരുതിയതെന്നും ബ്രൂണോ പറഞ്ഞു. ആരു ഗോൾ നേടിയാലും ടീം ജയിച്ച് അടുത്ത റൗണ്ട് ഉറപ്പാക്കിയതാണ് മുഖ്യമെന്നും ബ്രൂണോ തുടർന്നു.
കഴിഞ്ഞ ദിവസം ഘാനയെ 3-2ന് തകർത്ത പോർച്ചുഗൽ രണ്ടു കളികളിൽ മുഴുവൻ പോയിന്റും നേടിയാണ് പ്രീക്വാർട്ടറിലെത്തിയത്. എല്ലാ ടീമുകളും രണ്ട് കളികൾ പൂർത്തിയാക്കുമ്പോൾ സ്പെയിൻ, ബ്രസീൽ ടീമുകളും നോക്കൗട്ട് ഉറപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

