ഉദയ്പൂർ: സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ കുറിച്ച് സംസാരിക്കുന്നതിനേക്കാൾ പ്രധാനമന്ത്രിക്ക് താൽപര്യം സിനിമയെ കുറിച്ച് സംസാരിക്കുന്നതാണെന്ന് 'കശ്മീരി ഫയൽസ്' സിനിമയെ ചൂണ്ടിക്കാട്ടി രാഹുൽ വിമർശിച്ചു.
2011ലെ കുടിയേറ്റക്കാർക്കുള്ള പ്രത്യേക തൊഴിൽ പാക്കേജ് പ്രകാരം ക്ലർക്ക് ജോലി ലഭിച്ച രാഹുൽ ഭട്ടിനെ കശ്മീരിലെ ബുദ്ഗാമിലെ റവന്യൂ ഓഫിസിനുള്ളിൽ ഭീകരർ വെടിവെച്ച് കൊല്ലുകയായിരുന്നു.
സുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കശ്മീരിൽ സമാധാനം കൊണ്ടു വരണമെന്ന് രാഹുൽ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ബി.ജെ.പിയുടെ നയങ്ങൾ കാരണം കശ്മീരിലെ ഭീകരത ഇന്ന് ഉച്ചസ്ഥായിലാണെന്ന് അദ്ദേഹം ആരോപിച്ചു.
മിസ്റ്റർ പ്രധാനമന്ത്രി നിങ്ങൾ താഴ്വരയിലെ സുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സമാധാനം കൊണ്ടുവരാൻ ശ്രമിക്കുക- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.