ബഹ്‌റൈനിൽ ആശങ്ക പരത്തി ‘കീരി’; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്
text_fieldsമനാമ: ബഹ്‌റൈനിലെ കർസകാൻ, കർബാബാദ്, അദാരി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഇബ്ൻ അർസ് എന്ന പേരിൽ അറിയപ്പെടുന്ന ‘കീരി’ വർഗത്തിൽപ്പെട്ട ജീവിയെ കണ്ടെതായി പ്രദേശവാസികൾ. കൃഷിയിടങ്ങൾക്കും വീടുകൾക്കും സമീപമുള്ള പ്രദേശങ്ങളിൽ ഈ ജീവിയെ കണ്ടതോടെ ജനങ്ങളിൽ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
വന്യജീവിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന ഒരു വ്യക്തിയാണ് കർസകാൻ പ്രദേശത്ത് ഈ ജീവിയെ കണ്ടതായി ആദ്യം ഇൻസ്റ്റാഗ്രാമിൽ ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ടത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. ഈ ജീവിയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും മനുഷ്യർക്ക് ഇവ എത്രത്തോളം അപകടകാരിയാണെന്നതിനെക്കുറിച്ചും ആളുകൾ സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
ഈ ജീവി ഇണങ്ങാത്ത ഒരു വന്യജീവിയായതിനാൽ, ആരെങ്കിലും ഇതിന്റെ അടുത്ത് ചെല്ലാനോ പിടികൂടാനോ ശ്രമിച്ചാൽ സ്വയം രക്ഷയ്ക്കായി അവ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. കൃഷിയിടങ്ങളിലെ മാളങ്ങളും ഒളിത്താവളങ്ങളും സുലഭമായ ഭക്ഷണവുമെല്ലാമാണ് ഇത്തരം വന്യജീവികളെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നീണ്ട ശരീരവും അതിവേഗത്തിലുള്ള ചലനവുമുള്ള ചെറിയ സസ്തനിയായ ഇവ ചെറിയ ജീവികളെയാണ് ഭക്ഷണമാക്കുന്നത്. ഇത്തരം ജീവികളുടെ സാന്നിധ്യം സംബന്ധിച്ച് ഔദ്യോഗിക അധികാരികളിൽ നിന്ന് കൃത്യമായ വിശദീകരണവും, ഇവയെ കണ്ടാല്‍ ജനങ്ങൾ എങ്ങനെ സുരക്ഷിതമായി പെരുമാറണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
photo ബഹ്റൈനിൽ കണ്ടെത്തിയ കീരി, വീഡിയോ ദൃശ്യത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

