വൈ.എസ്.ആർ കോൺഗ്രസിന്‍റെ ഓഫിസ് കെട്ടിടം പൊളിച്ചു; നായിഡു പകവീട്ടുകയാണെന്ന് ജഗൻ റെഡ്ഡി
text_fieldsJagan Reddy accuses Chandrababu Naidu of vendetta after Andhra office demolished
അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസിന്‍റെ വിജയവാഡയിലുള്ള ഓഫിസ് പൊളിച്ചു. നടപടി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെയും തെലുഗുദേശം പാർട്ടിയുടെയും പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് ജഗൻ റെഡ്ഡി പറഞ്ഞു. കെട്ടിടം പൊളിക്കാനുള്ള ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചിരിക്കെയാണ് നടപടിയുമായി മുന്നോട്ടുപോയതെന്നും വൈ.എസ്.ആർ.സി.പി ചൂണ്ടിക്കാണിച്ചു. പൊളിക്കൽ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു.
“ആന്ധ്രപ്രദേശിൽ ചന്ദ്രബാബുവിന്‍റെ വെറുപ്പിന്‍റെ രാഷ്ട്രീയം പുതിയ തലത്തിൽ എത്തിയിരിക്കുന്നു. തടപ്പള്ളിയിൽ പണിപൂർത്തിയാകാറായ വൈ.എസ്.ആർ.സി പാർട്ടി സെൻട്രൽ ഓഫീസ് ഒരു സ്വേച്ഛാധിപതി തകർത്തിരിക്കുന്നു. ഹൈകോടതി ഉത്തരവ് അവഗണിച്ചിരിക്കുന്നു. സംസ്ഥാനത്ത് നിയമവും നീതിയും പൂർണമായും ഇല്ലാതായി. തെരഞ്ഞെടുപ്പിനു ശേഷം അക്രമ സംഭവങ്ങളിലൂടെ രക്തം ചിന്തുന്ന ചന്ദ്രബാബു, അദ്ദേഹത്തിനു കീഴിൽ അടുത്ത അഞ്ച് വർഷത്തെ ഭരണം എങ്ങനെയായിരിക്കുമെന്ന് ഈ നടപടിയിലൂടെ കാണിച്ചുതരുന്നു.
ഭീഷണികളോ അക്രമ പ്രവൃത്തികളോ വൈ.എസ്.ആർ.സി.പിയെ പിന്തിരിപ്പിക്കില്ല. ഞങ്ങൾ ജനങ്ങൾക്കു വേണ്ടി പോരാടും. രാജ്യത്തെ എല്ലാ ജനാധിപത്യവാദികളും ചന്ദ്രബാബുവിന്‍റെ ദുർവൃത്തിയെ അപലപിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു” -ജഗൻ റെഡ്ഡി എക്സിൽ കുറിച്ചു. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ ജഗൻ റെഡ്ഡിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന നിർമിതികൾ ജൂൺ 15ന് പൊളിച്ചിരുന്നു. ജഗൻ ആന്ധ്രയുടെ മുഖ്യമന്ത്രി പദമൊഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

