വയോധികർക്കും സ്ത്രീകൾക്കും ഓപ്ഷൻ നൽകിയില്ലെങ്കിലും ലോവർ ബർത്ത്, ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന; നയം വ്യക്തമാക്കി റെയിൽവേ മന്ത്രി
text_fieldsന്യൂഡൽഹി: വയോധികർക്കും 45 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ട്രെയിനുകളിൽ ലോവർ ബർത്തുകളിൽ മുൻഗണന നൽകാനുള്ള നയം സ്ഥിരീകരിച്ച് റെയിൽവേ. ടിക്കറ്റെടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും ഇവർക്ക് ലോവർ ബർത്ത് നൽകും.
ഗർഭിണികളും ഭിന്നശേഷിക്കാരുമടക്കമുള്ളവർക്കും ഇത്തരത്തിൽ ആനുകൂല്യത്തിന് അർഹതയുണ്ട്. ഡിസംബർ അഞ്ചിന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നയം വ്യക്തമാക്കിയത്.
ഓട്ടോമാറ്റിക് അലോട്ട്മെന്റും ക്വാട്ട വിശദാംശങ്ങളും
ബുക്കിംഗ് സമയത്ത് ഓപ്ഷൻ തെരഞ്ഞെടുത്തില്ലെങ്കിലും, ലോവർ ബർത്ത് അനുവദിക്കുമ്പോൾ അർഹരായ യാത്രക്കാർക്ക് മുൻഗണന നൽകുന്ന രീതിയിൽ റെയിൽവേയുടെ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ സംവിധാനം പ്രോഗ്രാം ചെയ്തിട്ടുണ്ട്. നടുവിലെയോ മുകളിലെയോ ബർത്തുകളിൽ കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് സുഖകരമായ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് റെയിൽവേയുടെ നടപടി.
ഇത്തരത്തിൽ അനുവദിക്കുന്ന ലോവർ ബർത്തുകളുടെ എണ്ണം കോച്ചിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
- സ്ലീപ്പർ ക്ലാസ്: ആറ് മുതൽ ഏഴ് വരെ ലോവർ ബർത്തുകൾ.
- എയർകണ്ടീഷൻഡ് 3 ടയർ (3എ.സി/3ഇ): നാല് മുതൽ അഞ്ച് വരെ ലോവർ ബർത്തുകൾ.
- എയർകണ്ടീഷൻഡ് 2 ടയർ (2എ.സി): മൂന്ന് മുതൽ നാല് വരെ ലോവർ ബർത്തുകൾ.
മുതിർന്ന പൗരന്മാർ (60 വയസ്സിനു മുകളിലുള്ള പുരുഷന്മാർ, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾ) ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ഈ ലോവർ ബർത്തുകളിൽ പ്രത്യേക മുൻഗണന നൽകുക. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ‘confirm ticket only if lower berth available’ എന്ന ഒപ്ഷൻ ഉപയോഗിക്കുന്നതിലൂടെ ഇതര ബർത്തുകൾ അനുവദിക്കുന്നത് ഒഴിവാക്കാമെന്നും റെയിൽവേ വ്യക്തമാക്കുന്നു.
ഭിന്നശേഷിക്കാർക്ക് പ്രത്യേക സംവരണം
പൊതുവായ മുൻഗണന ക്വാട്ടക്ക് പുറമെ, ഭിന്നശേഷിക്കാരായ വ്യക്തികൾക്കും ഒപ്പമുള്ളവർക്കും രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളുൾപ്പെടെ എല്ലാ മെയിൽ / എക്സ്പ്രസ് ട്രെയിനുകളിലും പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
- സ്ലീപ്പർ, 3എ.സി/3ഇ ക്ലാസ്: നാല് ബർത്തുകൾ (രണ്ട് വീതം ലോവർ, മിഡിൽ ബർത്തുകൾ).
- റിസർവ്ഡ് സെക്കൻഡ് സിറ്റിംഗ് (2എസ്), എ.സി ചെയർ കാർ (സി.സി): നാല് സീറ്റുകൾ.
യാത്രക്കിടെ ഒഴിവുവരുന്ന ലോവർ ബർത്തുകൾ മുൻഗണനാക്രമത്തിൽ അനുവദിക്കാൻ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിന് (ടി.സി.എസ്) അധികാരമുണ്ടെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി. അർഹതയുണ്ടായിട്ടും മിഡിൽ, അപ്പർ ബർത്തുകൾ അനുവദിക്കപ്പെട്ട യാത്രക്കാർക്ക് ഈ ലോവർ ബർത്ത് അനുവദിക്കാൻ ടി.സി.എസിനാവും.
അമൃത് ഭാരത്, വന്ദേഭാരത് അടക്കം പുതിയ ട്രെയിനുകളുടെ രൂപകൽപ്പന ഭിന്നശേഷിക്കാരെക്കൂടി പരിഗണിച്ചുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

