ഹജ്ജ്: കേരളത്തിനുള്ള സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കും
text_fieldsമലപ്പുറം: അടുത്ത വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവ് വന്നേക്കും. 2025ൽ അപേക്ഷകർ കുറവുള്ള സംസ്ഥാനങ്ങളിലെ സീറ്റുകൾ കേരളത്തിന് ക്രമീകരിച്ചുനൽകിയിരുന്നു. എന്നാൽ, അടുത്തവർഷം ഈ സംസ്ഥാനങ്ങളിൽ അപേക്ഷകർ കൂടുതലാണ്. 2026ലെ തീർഥാടകരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മിലെ ഉഭയകക്ഷി കരാർ വൈകാതെ ഒപ്പിടുമെന്നും കമ്മിറ്റിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഇതിൽ സീറ്റുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിൽനിന്ന് വർധിപ്പിച്ചാൽ മാത്രമേ സംസ്ഥാനത്തെ കൂടുതൽ തീർഥാടകർക്ക് പ്രതീക്ഷയുള്ളൂ. 2025ൽ 1.75 ലക്ഷം സീറ്റുകളാണ് ഇന്ത്യക്ക് അനുവദിച്ചത്. ഇതിൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായാണ് വീതിച്ചത്.
കേരളത്തിൽനിന്ന് ഹജ്ജ് കമ്മിറ്റി മുഖേന 16,482 പേരാണ് പോയത്. നടപടിക്രമങ്ങളിലെ പാളിച്ചയെതുടർന്ന് സ്വകാര്യ ഗ്രൂപ്പുകൾ വഴി 2000ത്തിൽ താഴെ പേർക്കു മാത്രമാണ് അവസരം ലഭിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു ലഭിച്ച സീറ്റുകളിൽ ആയിരത്തോളം മറ്റു സംസ്ഥാനങ്ങളിൽനിന്ന് ക്രമീകരിച്ചുനൽകിയതാണ്. ഇതാണ് കുറയുക.
8530 പേർക്കാണ് നിലവിൽ കേരളത്തിൽനിന്ന് അടുത്ത ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65ഉം അതിനു മുകളിലും വയസ്സുള്ളവരുടെ വിഭാഗത്തിൽ അപേക്ഷിച്ച എല്ലാവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
45നും 65നുമിടയിൽ പ്രായമുള്ള സ്ത്രീകളുടെ വിഭാഗത്തിൽ ബാക്കിയുള്ള 58 പേർ, 2025ൽ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവർ, ജനറൽ ക്രമത്തിലാണ് നിലവിൽ വെയ്റ്റിങ് ലിസ്റ്റ് ക്രമീകരിച്ചിട്ടുള്ളത്. ഉഭയകക്ഷി ധാരണയായ ശേഷമേ വെയ്റ്റിങ് ലിസ്റ്റിൽ എത്ര പേർക്ക് പോകാനാകുമെന്നതിൽ വ്യക്തത വരൂ.
അതിനിടെ കരിപ്പൂർ വഴിയുള്ള തീർഥാടകരുടെ വിമാനനിരക്കിൽ കുറവു വരുത്താനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്. നിരക്ക് ഏകീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനും വ്യോമയാന മന്ത്രി റാംമോഹൻ നായിഡുവിനും കഴിഞ്ഞ 11ന് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

