Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightസ്വകാര്യവത്കരണ...

സ്വകാര്യവത്കരണ നീക്കമോ? എസ്.ബി.ഐ തലപ്പത്ത് സ്വകാര്യ ബാങ്ക് മേധാവിയെ നിയമിക്കാൻ കേന്ദ്രം

text_fields
bookmark_border
സ്വകാര്യവത്കരണ നീക്കമോ? എസ്.ബി.ഐ തലപ്പത്ത് സ്വകാര്യ ബാങ്ക് മേധാവിയെ നിയമിക്കാൻ കേന്ദ്രം
cancel

ന്യൂഡൽഹി: സ്വകാര്യവത്കരണ നീക്കം ശക്തമാകുന്നുവെന്ന ആരോപണത്തിനിടെ പൊതുമേഖല ബാങ്കുകളിലെ നിയമനത്തിൽ സുപ്രധാന പരിഷ്‍കരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പൊതുമേഖല ബാങ്കുകളിലെ നേതൃപദവിയിൽ സ്വകാര്യ ബാങ്ക് മേധാവികളെ നിയമിക്കാൻ ​തീരുമാനിച്ചു. എസ്.ബി.ഐയുടെ ​മാനേജിങ് ഡയറക്ടർ (എം.ഡി) പദവിയിലേക്കാണ് ആദ്യ ഘട്ടമായി സ്വകാര്യ ബാങ്ക് നേതൃപദവിയി​ലുള്ളവരെ നിയമിക്കുക. പൊതുമേഖല ബാങ്കുകളിലെ എം.ഡി, സി.ഇ.ഒ തുടങ്ങിയ പദവികൾ പൂർണമായും സ്വകാര്യ മേഖലക്ക് നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. ​പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും സുതാര്യത വർധിപ്പിക്കാനുമാണ് നയംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. എൻ.ഡി.ടി.വി പ്രോഫിറ്റ്, ബിസിനസ് സ്റ്റാൻഡർഡ് തുടങ്ങിയ ഓൺലൈൻ പോർട്ടലുകളാണ് വാർത്ത പുറത്തുവിട്ടത്.

പൊതുമേഖല ബാങ്കുകളിലെയും ഇൻഷൂറൻസ് കമ്പനികളിലെയും നേതൃപദവിയിലെ നിയമനത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിന് മന്ത്രിതല നിയമന സമിതി അംഗീകാരം നൽകി. സി.ഇ.ഒ, എം.ഡി, ചെയർപേഴ്സൺ, എക്സികുട്ടിവ് ഡയറക്ടർമാർ, മുഴുവൻ സമയ ഡയറക്ടർമാർ എന്നിവരുടെ നിയമനത്തിലാണ് മാറ്റം കൊണ്ടുവരുന്നത്.

പുതുക്കിയ ചട്ടപ്രകാരം, യോഗ്യതയുണ്ടെങ്കിൽ സ്വകാര്യ മേഖലയിലെ ഉദ്യോഗാർഥികൾക്ക് എസ്‌.ബി.‌ഐ എം.ഡി സ്ഥാനത്തേക്ക് അപേക്ഷിക്കാം. ബാങ്കിങ് മേഖലയിൽ ചുരുങ്ങിയത് 15 വർഷം ഉന്നത പദവിയിൽ പ്രവർത്തിച്ചവരെയാണ് നിയമനത്തിന് പരിഗണിക്കുന്നത്. ഉദ്യോഗാർഥികൾക്ക് 21 വർഷത്തെ ​സേവന പരിചയം വേണമെന്നും ബാങ്ക് ബോർഡ് തലത്തിൽ രണ്ട് വർഷമോ, ബോർഡ് തലത്തിന് താഴെ ഉയർന്ന പദവിയിൽ മൂന്ന് വർഷമോ സേവനം ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.

സ്വകാര്യ മേഖലയിലെ അപേക്ഷകരെ സ്വതന്ത്ര എച്ച്.ആർ ഏജൻസികളായിരിക്കും വിലയിരുത്തുക. ഇതിനായി എച്ച്.ആർ ഏജൻസികളെ നിയോഗിക്കാൻ ഫിനാൻഷ്യൽ സർവിസസ് ഇൻസ്റ്റിറ്റ്യൂഷൻസ് ബ്യൂറോക്ക് സർക്കാർ നി​ർദേശം നൽകി. ധനകാര്യ മേഖലയിലെ ഉന്നത നിയമനങ്ങൾക്ക് ഉദ്യോഗാർഥികളെ ശുപാർശ ചെയ്യുന്നതിന് ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ് ഫിനാൻഷ്യൽ സർവിസസ് ഇൻസ്റ്റിറ്റ്യൂഷൻസ് ബ്യൂറോ. മാത്രമല്ല, ഉദ്യോഗാർഥികളുടെ ഓരോ വർഷത്തെയും പ്രകടനം വിലയിരുത്തുന്ന ആന്യുവൽ പെർഫോമൻസ് അപ്രൈസൽ റിപ്പോർട്ടുകൾ പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പകരം കൂടുതൽ ആധുനിക രീതികളിലായിരിക്കും വിലയിരുത്തുക.

പരിഷ്‍കരണങ്ങൾ കൊണ്ടുവന്ന കാര്യം കേന്ദ്ര സർക്കാറിന്റെ ധനകാര്യ സേവന വകുപ്പ് ബാങ്കു​കളെയും ഇൻഷൂറൻസ് കമ്പനികളെയും അറിയിച്ചിട്ടുണ്ട്. സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കാൻ രാജ്യത്തെ സാമ്പത്തിക രംഗത്ത് പരിഷ്‍കരണം നടപ്പാക്കണമെന്നും നയം മാറ്റണമെന്നും വിദേശ നിക്ഷേപകർ ആവശ്യപ്പെടുന്നതിനിടെയാണ് കേന്ദ്ര സർക്കാർ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBINarendra ModireformsPublic Sector bankBank PrivatisationSBI ApprenticeBank Officer Appointment
News Summary - Govt opens up State Bank of India managing director position to pvt sector
Next Story