രാജ്യത്തെ ആദ്യ ഹരിത ബോട്ട്; ആംബുലൻസ്-കം മെഡിക്കൽ ഡിസ്പെൻസറി നീറ്റിലിറക്കുന്നു
text_fieldsഞായറാഴ്ച കടമക്കുടിയിൽ നീറ്റിലിറക്കുന്ന ഹരിത ബോട്ട് ആംബുലൻസ് കം മെഡിക്കൽ ഡിസ്പെൻസറി
കൊച്ചി: രാജ്യത്തെ ആദ്യ ഹരിത ബോട്ട് ആംബുലൻസ് കം മെഡിക്കൽ ഡിസ്പെൻസറി നീറ്റിലിറക്കുന്നു. കടമക്കുടിയില്‍ മെയ് 18ന് വ്യവസായ മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചി ആസ്ഥാനമായ യൂണിഫീഡര്‍ എന്ന രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് മറൈന്‍ ആംബുലന്‍സ് കടമക്കുടി പഞ്ചായത്തിന് ലഭിക്കുന്നത്. പഞ്ചായത്തിലെ 13 കൊച്ചു ദ്വീപുകളിൽ ആറു ദിവസവും ഇതിന്റെ സേവനം ലഭ്യമാകുമെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എം.എൽ.എ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ‘ഹോപ്പ് ഓൺ ആംബുലന്‍സ് ബോട്ട്’ നിലവിൽ ഒരു മറൈന്‍ മെഡിക്കല്‍ യൂനിറ്റാണ്. ഒ.പി കസള്‍ട്ടേഷനും അടിയന്തര സേവനങ്ങള്ക്കുക്കാവശ്യമായ മുഴുവന്‍ മെഡിക്കല്‍ ഉപകരണങ്ങളും അടങ്ങിയ ആംബുലന്‍സ് ഡിസ്പെന്‍സറി കടമക്കുടി പഞ്ചായത്ത് പ്രദേശത്തെ വീടുകളിലായിരിക്കും സേവനം നല്‍കുക. മെഡിക്കൽ ജീവനക്കാർ ആഴ്ചയിൽ ഒരിക്കൽ എല്ലാ ദ്വീപും സന്ദര്‍ശിച്ച് രോഗികളെ പരിശോധിച്ച് മരുന്നും മറ്റ് ചികിത്സയും ലഭ്യമാക്കും.
പിഴല പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയില്‍ ദേശീയാരോഗ്യ ദൗത്യത്തിന്റെ കീഴില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് പ്രധാന ദ്വീപുകളായ മൂലമ്പിള്ളി, വലിയ കടമക്കുടി, ചെറിയ കടമക്കുടി, മുറിക്കല്‍, പാലിയം തുരുത്ത്, ചേന്നൂര്‍, കോതാട്, കോരാമ്പാടം, കണ്ടനാട്, കരിക്കാംതുരുത്ത് എന്നിവടങ്ങളിലാണ് സേവനം നല്‍കുക. വാർത്തസമ്മേളനത്തിൽ യൂണി ഫീഡർ അസി. ജനറൽ മാനേജർ കൃഷ്ണകുമാർ, മുംബൈ ഓപറേഷൻസ് ജനറൽ മാനേജർ അശോക് രജ്ബർ, കൊച്ചി സീനിയർ മാനേജർ ഡെനി സെബാൻ, പ്ലാനറ്റ് എർത്ത് സെക്രട്ടറി സൂരജ് എബ്രഹാം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

