കാഴ്ചപരിമിതർക്കും പി.ഡി.എഫ് വായിക്കാം; ഹിറ്റായി യാഷിന്റെ എ.ഐ ടൂൾ
text_fieldsയാഷ് ഭട്നാഗർ
ഗുരുഗ്രാം: ബാങ്ക് രേഖകളും പാഠപുസ്തകങ്ങളും സർക്കാർ രേഖകളുമെല്ലാം ഇന്ന് പി.ഡി.എഫ് രൂപത്തിലാണ് ലഭിക്കുന്നത്. എന്നാൽ കാഴ്ചപരിമിതിയുള്ളവർക്ക് ഇത്തരം രേഖകൾ വായിക്കാൻ പലപ്പോഴും പ്രയാസമാണ്. ഈ പ്രശ്നത്തിന് പരിഹാരമൊരുക്കുകയാണ് ഗുരുഗ്രാമിലെ 17കാരനായ യാഷ് ഭട്നാഗർ. കാഴ്ചപരിമിതിയുള്ളവർക്ക് പി.ഡി.എഫ് രേഖകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്ന എ.ഐ പ്ലാറ്റ്ഫോമാണ് യാഷ് വികസിപ്പിച്ചത്.
‘വിഷനബ്ലി’ (Visionably) എന്നാണ് പ്ലാറ്റ്ഫോമിന്റെ പേര്. സ്ക്രീൻ റീഡർ ഉപയോഗിക്കുന്നവർക്ക് വായിക്കാനാകുന്ന രീതിയിൽ പി.ഡി.എഫ് ഫയലുകൾ മാറ്റിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. രേഖകളിലെ തലക്കെട്ടുകൾ, പട്ടികകൾ, ചിത്രങ്ങൾ എന്നിവ ശരിയായ ക്രമത്തിലല്ലെങ്കിൽ സ്ക്രീൻ റീഡറുകൾക്ക് വിവരങ്ങൾ തിരിച്ചറിയാനും വായിക്കാനും പ്രയാസമുണ്ടാകും. ഇത്തരം പ്രശ്നങ്ങൾ എ.ഐയുടെ സഹായത്തോടെ പരിഹരിക്കുകയാണ് പ്ലാറ്റ്ഫോം ചെയ്യുന്നത്.
14-ാം വയസ്സിലാണ് യാഷ് പ്രോഗ്രാമിങ് പഠിക്കാൻ തുടങ്ങിയത്. പിന്നീട് വിദ്യാർഥികൾക്കായി ‘ലിറ്റ്ഗ്രേഡ്സ്’ എന്ന പഠനസഹായി പ്ലാറ്റ്ഫോമും, ക്ലാസ് മുറിയിലെ അധ്യാപനം തത്സമയം എഴുത്തുരൂപത്തിലേക്ക് മാറ്റുന്ന ‘സൈലന്റ് ടൈപ്പ്’ എന്ന സംവിധാനവും വികസിപ്പിച്ചു. യുക്രെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നായി ഏകദേശം 720 വിദ്യാർഥികൾ ലിറ്റ്ഗ്രേഡ്സ് ഉപയോഗിച്ചതായാണ് റിപ്പോർട്ട്.
2025 ഒക്ടോബറിൽ ഐ.ഐ.എം അഹമ്മദാബാദിൽ നടന്ന ചർച്ചക്കിടെയാണ് കാഴ്ചപരിമിതിയുള്ളവർ നേരിടുന്ന ഡിജിറ്റൽ വെല്ലുവിളികളെക്കുറിച്ച് യാഷ് മനസ്സിലാക്കിയത്. തുടർന്ന് ഈ മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ വിഷനബിളിന്റെ പ്രവർത്തനം ആരംഭിച്ചു.
ആയിരത്തിലധികം പരീക്ഷണങ്ങളും പരിഷ്കരണങ്ങളും നടത്തിയെന്നും പരിശോധിച്ച പി.ഡി.എഫ് രേഖകളിൽ ഏകദേശം 95 ശതമാനത്തിലും വിജയിക്കാനായെന്നും യാഷ് പറഞ്ഞു. വിഷനബ്ലിയുടെ ആദ്യ പെയ്ഡ് ഉപഭോക്താക്കളിലൊന്നാണ് വി-ശേഷ് സംഘടന. പ്രഥം ബുക്സിന്റെ സ്റ്റോറിവീവർ പ്ലാറ്റ്ഫോമിലെ പത്ത് ബാലപുസ്തകങ്ങൾ കാഴ്ചപരിമിതിയുള്ള കുട്ടികൾക്കുകൂടി വായിക്കാൻ കഴിയുന്ന രൂപത്തിലാക്കുന്ന പ്രവർത്തനവും സൗജന്യമായി ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ ആറ് പുസ്തകങ്ങളുടെ പ്രവർത്തനം പൂർത്തിയായി.
യാഷ് നടത്തിയ ‘ഡിജിറ്റൽ ബാങ്കിങ് ആക്സസിബിലിറ്റി ഇൻഡക്സ് 2026’ പഠനത്തിൽ രാജ്യത്തെ 30 പ്രമുഖ ബാങ്കുകളുടെ വെബ്സൈറ്റുകളിലായി 2,221 പ്രശ്നങ്ങൾ കണ്ടെത്തി. 182 വെബ് പേജുകളിലായി 233 ഗുരുതരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ബട്ടണുകളുടെ പ്രവർത്തനം സ്ക്രീൻ റീഡറുകൾക്ക് തിരിച്ചറിയാനാകാത്തതും ചിത്രങ്ങൾക്ക് തെറ്റായ വിവരണങ്ങൾ നൽകിയിരിക്കുന്നതുമാണ് പ്രധാന പ്രശ്നങ്ങൾ. കണ്ടെത്തലുകൾ ബാങ്കുകളെ അറിയിച്ചതായും കൊട്ടക് മഹീന്ദ്ര ബാങ്കും പഞ്ചാബ് നാഷനൽ ബാങ്കും അവ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയതായി അറിയിച്ചതായും യാഷ് പറഞ്ഞു. ഡിസംബറിൽ വെബ്സൈറ്റുകൾ വീണ്ടും പരിശോധിക്കാനും പദ്ധതിയുണ്ട്.
ഗുരുഗ്രാമിലെ ഡി.പി.എസ് ഇന്റർനാഷനലിൽ പഠിക്കുന്ന യാഷ് ‘സ്ലേറ്റ്മെനു’ എന്ന മറ്റൊരു എ.ഐ സംരംഭത്തിനും തുടക്കമിട്ടിട്ടുണ്ട്. കഫേകൾക്കും റെസ്റ്ററന്റുകൾക്കും ഡിജിറ്റൽ മെനു ഒരുക്കാൻ സഹായിക്കുന്നതാണ് ഈ സംവിധാനം. സാങ്കേതികവിദ്യ എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യമാണ് യാഷിന്റെ പ്രവർത്തനം വ്യക്തമാക്കുന്നത്.

