ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവോ ? വസ്തുതയെന്ത്
text_fields
59 ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തോടെ ടിക് ടോക് വീണ്ടും ചർച്ചകളിലേക്ക് വരികയാണ്. നിരവധി ആപ്പുകളെ കേന്ദ്രസർക്കാർ വെട്ടിയെങ്കിലും ഏറ്റവും കൂടുതൽ ചർച്ചയായത് ടിക് ടോക് നിരോധനം തന്നെയാണ്. ഇൻസ്റ്റഗ്രാം, യുട്യൂബ് പോലുള്ള ആപുകളെ കടത്തിവെട്ടിയായിരുന്നു ആഗോളതലത്തിലും ഇന്ത്യയിലും ടിക് ടോകിൻെറ ഡൗൺലോഡിങ് മുന്നേറിയത്. എല്ലാ പ്രായക്കാർക്കിടയിലും ടിക് ടോക് അതിവേഗം സ്വീകാര്യത നേടി. പക്ഷേ, ആപ്പിൻെറ സുരക്ഷാവീഴ്ചകളെ കുറിച്ച് നിരവധി സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ജനസ്വീകാര്യതക്ക് മുന്നിൽ ഇതെല്ലാം അവഗണിക്കപ്പെട്ടു. ഇപ്പോൾ അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് 59 ആപുകൾ നിരോധിക്കാനുള്ള തീരുമാനം ടിക് ടോകിലെ സുരക്ഷാ പിഴവുകളെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുകയാണ്.
കൈയോടെ പിടിച്ച് ആപ്പിൾ
ആപ്പിൾ മൊബൈൽ ഫോണുകളിൽ നിന്ന് ടിക് ടോക് വിവരം ചോർത്തുന്നുവെന്നത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഐ.ഒ.എസ് 14 ഉപയോഗിക്കുന്ന ഉപയോക്താകളുടെ ക്ലിപ്ബോർഡിൽ കടന്നു കയറിയായിരുന്നു വിവരം ചോർത്തിയത്. ആപ്പിൾ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ, ആപ്പിൾ ഇത് കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വരെ ടിക് ടോക് പറഞ്ഞത് വിവരങ്ങൾ ചോർത്തുന്നില്ലെന്നായിരുന്നു. ഐ.ഒ.എസ് ബീറ്റയിൽ ആപ്പിൾ ഉൾപ്പെടുത്തിയ ഫീച്ചറാണ് ടിക് ടോക് ഉൾപ്പടെയുള്ള നിരവധി ആപുകളിലെ വിവരചോർത്തുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് കൊണ്ടു വന്നത്. ആപ്പിൾ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് വിശദീകരിച്ചായിരുന്നു ഈ വിവാദത്തിൽ നിന്ന് ടിക് ടോക് തലയൂരിയത്. പല യു.എസ് മാധ്യമങ്ങളും ടിക് ടോക് വിവരങ്ങൾ ചോർത്തുന്നതിനെ കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആപ്പിളാണ് ഇത് തെളിവ് സഹിതം പുറത്ത് കൊണ്ട് വന്നത്. വ്യക്തികളുടെ സ്വകാര്യതക്ക് മുന്തിയ പരിഗണന നൽകുന്ന ആപ്പിളിൻെറ നയം തന്നെയാണ് ടിക് ടോകിന് പിടിവിഴാനുള്ള പ്രധാന കാരണം.
ഇസ്രായേൽ സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്
ടിക് ടോകിൽ സുരക്ഷാ പിഴവുകൾ ഉണ്ടെന്ന ആരോപണം തുടക്കം മുതൽ തന്നെയുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ പുറത്ത് വിട്ടത് ഒരുപറ്റം ഇസ്രായേൽ ഗവേഷകരാണ്. ഇസ്രായേൽ സ്ഥാപനമായ ചെക്ക് പോയിൻറാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടത്. ഹാക്കർമാർക്ക് ടിക് ടോക് ഉപയോക്താകളുടെ അക്കൗണ്ടുകളിൽ കടന്നു കയറി അവരുടെ അനുവാദമില്ലാെത വീഡിയോകൾ പോസ്റ്റ് ചെയ്യാനും മാറ്റം വരുത്താനും കഴിയുമെന്നായിരുന്നു സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്. ഉപയോക്താകൾക്ക് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് ഹാക്കർമാർക്ക് അവരുടെ അക്കൗണ്ടിൽ കടന്നു കയറാൻ സാധിക്കുക. കുട്ടികളുടേത് ഉൾപ്പടെയുള്ള വിഡിയോകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, ഈ സുരക്ഷാ വീഴ്ച ടിക് ടോക് പരിഹരിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ടിക് ടോക് ഒരു ഇത്തിക്കണ്ണിയാണെന്നായിരുന്നു റെഡ്ഡിറ്റ് സി.ഇ.ഒ സ്റ്റീഫ് ഹഫ്മാൻെറ വിമർശനം. ഉപയോക്താക്കളുടെ വിവരം ചോർത്തിയല്ലാതെ ടിക് ടോകിന് നില നിൽപ്പില്ലെന്നും ഹഫ്മാൻ പറഞ്ഞിരുന്നു. വിവരചോർച്ച സൈബർ ലോകത്തെ ആദ്യത്തെ സംഭവമൊന്നും അല്ല. ഫേസ്ബുക്ക് ഉൾപ്പെടയുള്ള ജനപ്രിയമായ നിരവധി ആപുകൾ വിവരചോർച്ചയിൽ കുറ്റാരോപിതരായിട്ടുണ്ട്. പക്ഷേ ആരോപണങ്ങൾക്ക് ശേഷം കൂടുതൽ സുരക്ഷപാലിച്ച് തിരിച്ച് വരാൻ പല ആപുകൾക്കും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, പല തവണ വിവരചോർച്ചയും സുരക്ഷാപിഴവുകളും സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടും ഇക്കാര്യങ്ങളിലെല്ലാം ടിക് ടോക് എത്രത്തോളം മുന്നേറിയെന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

