പഴയതിന് പകരം പുതിയത്; കിടിലൻ ഒാഫറുമായി ഷവോമി
text_fieldsചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി മൊബൈൽ എക്സ്ചേഞ്ച് പ്രോഗ്രാം വിപണിയിൽ അവതരിപ്പിച്ചു. ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ കച്ചവടം നടത്തുന്ന കാഷിഫൈയുമായി സഹകരിച്ചാണ് ചൈനീസ് നിർമാതാക്കളുടെ പുതിയ നീക്കം. ഇതുപ്രകാരം പഴയ ഷവോമി ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയവ മാറ്റി വാങ്ങാം.
ഷവോമിയുടെ മൈ ഹോം സ്റ്റോറുകൾ വഴിയാണ് പുതിയ പദ്ധതി ലഭ്യമാവുക. സ്റ്റോറുകളിലെത്തി പഴയ ഫോൺ നൽകി ഷവോമി ഉപയോക്താകൾക്ക് പുതിയത് വാങ്ങാം. കാഷിഫൈയുടെ വിദഗ്ധർ പരിശോധിച്ചതിന് ശേഷമായിരിക്കും പഴയ ഫോണിെൻറ വില നിശ്ചയിക്കുക. വിലയെ കുറിച്ച് ഏകദേശ ധാരണ ലഭിക്കുന്നതിനായി കാഷിഫൈയുടെ ആപിൽ ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ മതിയാവും.
ഇന്ത്യയിലെ വിപണി വിഹിതത്തിൽ വൻ മുന്നേറ്റമാണ് അടുത്ത കാലത്തായി ഷവോമി ഉണ്ടാക്കിയിട്ടുള്ളത്. വിപണി വിഹതത്തിൽ ഇന്ത്യയിൽ സാംസങിനൊപ്പമെത്താൻ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. പുതിയ എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ വിപണിയിലെ സാന്നിധ്യം വർധിപ്പിക്കാമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടൽ.
