ഗൂഗിളിനും ഫേസ്ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടൻ
text_fieldsലണ്ടൻ: ടെക് ഭീമൻമാരായ ഗൂഗിളിനും ഫേസ്ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടൻ. ഭീകരവാദവും ആക്രമണങ്ങളും പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള
ഉള്ളടക്കം പിൻവലിക്കാത്ത പക്ഷം നികുതി ചുമത്തുമെന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ബെൻ വലൈസ് പറഞ്ഞു.
തീവ്രവാദ പ്രവർത്തനങ്ങൾ തടയാനും രാജ്യ സുരക്ഷക്കും വേണ്ടി സർകാർ ഉപയോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകാൻ മടിക്കുന്ന ടെക് ഭീമൻമാർ വിവരങ്ങൾ രാജ്യത്തിനും ജനങ്ങൾക്കുമെതിരായ രീതിയിൽ വിറ്റ് കാശാക്കുകയാണെന്ന് ബെൻ ആരോപിച്ചു. ലോണുകാർക്കും സോഫ്റ്റ് പോൺ കമ്പനികൾക്കുമാണ് ഉപയോക്താക്കളുടെ വിവരങ്ങൾ ഗൂഗിളും ഫേസ്ബുക്കും പോലുള്ള കമ്പനികൾ വിൽകുന്നതെന്നും ബെൻ ആരോപിക്കുന്നു.
സ്വകാര്യ ലാഭത്തിന് വേണ്ടി പൊതു സുരക്ഷ വെച്ചുള്ള ഇത്തരം പ്രവർത്തികൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ബെൻ വലൈസ് തുറന്നടിച്ചു. അതേ സമയം ഫേസ്ബുക്ക് ഉദ്യോഗസ്ഥൻ സിമോൻ മിൽനർ മന്ത്രിയുടെ ആരോപണങ്ങൾക്കെതിരെ രംഗത്ത് വന്നു. രാജ്യ സുരക്ഷക്കോ ജനങ്ങളുടെ സ്വകാര്യതക്കോ നിരക്കാത്ത പ്രവർത്തികൾ ചെയ്യില്ലെന്നും തീവ്രവാദ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ ദശലക്ഷക്കണക്കിന് ഡോളർ ഫേസ്ബുക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നും മിൽനർ വ്യക്തമാക്കി.