ട്വിറ്ററിൽ ഇനി 280 ട്വീറ്റ് അക്ഷരങ്ങൾ
text_fieldsപ്രശസ്ത മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ തങ്ങളുടെ ട്വിറ്റ് അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു. നിലവിലെ 140 അക്ഷരങ്ങളിൽ നിന്നും 280ൽ എത്തിക്കാനാണ് തീരുമാനം. കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്.
ജനങ്ങൾക്ക് കൂടുതൽ ട്വീറ്റ് ചെയ്യുന്നതിനായി സഹായമൊരുക്കുന്നതിൻെറ ഭാഗമായാണ് ഈ നീക്കമെന്ന് ട്വിറ്റർ മാനേജർമാരായ അലിസ റോസൻ, ഇഖുഹിറോ ഇഹാര എന്നിവർ കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിൽ എഴുതി. തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കെ നിലവിൽ ട്വിറ്റർ അക്ഷര പരിധി വർധിപ്പിക്കൂ. ഈ പരീക്ഷണത്തിൽ എത്ര പേർ ഉൾപ്പെടുമെന്നത് വ്യക്തമല്ല. റാൻഡം രീതിയിലാകും ഇതിനായുള്ള ട്വിറ്റർ ഉപയോക്താക്കളെ തെരഞ്ഞെടുക്കുകയെന്ന് ട്വിറ്റർ വക്താവ് അറിയിച്ചു.
ട്വിറ്റർ സ്ഥാപകരായ ജാക്ക് ഡോർസി, ബിസ് സ്റ്റോൺ എന്നിവർ പുതിയ തീരുമാനത്തെ വിശദീകരിച്ചു രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലെ 140 അക്ഷര പരിധിയെ നിലനിർത്തണമെന്ന് വാദിക്കുന്നവരും ഉണ്ട്.