ട്വിറ്ററിൽ രാഷ്ട്രീയ പരസ്യങ്ങൾക്ക് നിരോധനം; ട്രംപിനും ഫേസ്ബുക്കിനും തിരിച്ചടി

11:06 AM
31/10/2019

വാഷിങ്ടൺ: ട്വിറ്ററിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നത് അടുത്ത മാസം മുതൽ നിർത്തലാക്കുമെന്ന് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി. ട്വിറ്ററിലെ എല്ലാ രാഷ്ട്രീയ പരസ്യങ്ങളും ആഗോളതലത്തിൽ നിർത്താനുള്ള തീരുമാനം ഞങ്ങൾ എടുത്തിട്ടുണ്ടെന്ന് സി.ഇ.ഒ പ്രസ്താവനയിൽ അറിയിച്ചു. ട്വിറ്ററിൻെറ പുതിയ തീരുമാനം അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്. ഡെമോക്രാറ്റുകളിൽ നിന്ന് പ്രശംസ ലഭിക്കുന്ന ഈ തീരുമാനം ഡൊണാൾഡ് ട്രംപിന് വൻപാരയാകും. അതേസമയം പുതിയ തീരുമാനത്തിന് പിന്നാലെ ട്വിറ്ററിൻറെ ഓഹരികൾ 1.9 ശതമാനം ഇടിഞ്ഞു. എന്നാൽ നവംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനം ട്വിറ്ററിൻെറ വരുമാനം ഗണ്യമായി കുറക്കുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നില്ല. 

 


അതേസമയം ട്വിറ്ററിൻറെ തീരുമാനം എതിരാളിയായ ഫേസ്ബുക്കിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തുന്നതിന് ഫേസ്ബുക്കിന് മേൽ ഇതോടെ സമ്മർദ്ദം ശക്തമായി. ട്രംപ് ജയിച്ച 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഫേസ്ബുക്കിൽ രാഷ്ട്രീയ പരസ്യങ്ങൾ വ്യാപകമായിരുന്നു. ഫേസ്ബുക്കിൽ രാഷ്ട്രീയം തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സി.ഇ.ഒ മാർക്ക് സക്കർബർഗ് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിക്കാരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് ട്വിറ്റർ നടത്തുന്നതെന്നും കമ്പനിയുടെ ഓഹരി ഉടമകൾക്ക് വളരെ ഭീമമായ നഷ്ടം വരുത്തുന്ന തീരുമാനം ആണിതെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ബ്രാഡ് പാർസ്കേൽ പ്രതികരിച്ചു. റിപ്പബ്ലിക്കൻമാർക്കെതിരെ പ്രവർത്തിക്കുന്ന ലിബറൽ മാധ്യമങ്ങളിൽ നിന്നുള്ള പരസ്യങ്ങളും ട്വിറ്റർ  നിർത്തലാക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. റിപ്പബ്ലിക്കൻമാരെ നിശബ്ദരാക്കാനുള്ള മറ്റൊരു ശ്രമമാണിത്, കാരണം പ്രസിഡന്റ് ട്രംപിന് ഏറ്റവും നൂതനമായ ഓൺലൈൻ പ്രോഗ്രാം ഉണ്ടെന്ന് ട്വിറ്ററിന് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.
 

Loading...
COMMENTS