മൂന്നാം കക്ഷി ആപ്പുകളും വയ്യാവേലികളെന്ന് മുന്നറിയിപ്പ്
text_fieldsന്യൂയോർക്: ഫേസ്ബുക്ക് വിവരച്ചോർച്ച ചൂടുപിടിക്കുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി ടെക്നോളജി വിദഗ്ധർ. സമൂഹമാധ്യമങ്ങൾ മാത്രമല്ല, സ്മാർട്ഫോണുകളിൽ ഉപയോഗിക്കുന്ന മൂന്നാംകക്ഷി ആപ്പുകളും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. സ്വകാര്യ വിവരങ്ങൾ അടക്കമുള്ളവ ഇത്തരത്തിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി ഡൗൺലോഡ് ചെയ്യുന്ന ഒരു ഗെയിം ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപഭോക്താവിെൻറ ഫോൺബുക്ക് വിവരങ്ങൾ, സ്ഥലം, മീഡിയ എന്നിവ ഉപയോഗിക്കാൻ അനുമതി ചോദിക്കുന്നു.
ഒരു ഗെയിമിനും ഇത്തരത്തിൽ ഉപഭോക്താവിെൻറ വിവരം ആവശ്യമില്ല. ഇങ്ങനെ ഉപഭോക്താവ് നൽകുന്ന വിവരങ്ങളിലൂടെ സ്മാർട്ഫോണുകളുടെ ഡാറ്റാബേസ് ഹാക്കർമാർക്ക് വിവരങ്ങൾ ചോർത്താൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് കേംബ്രിജ് അനലിറ്റിക എന്ന സ്വകാര്യ സ്ഥാപനം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ വഴി അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ രൂപരേഖ തയാറാക്കിയതായി വാർത്ത പുറത്തുവന്നത് വൻ വിവാദമായിരുന്നു.