ഇന്ത്യൻ ജനത ഗെയിമിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവയുമായി ബന്ധപ്പെട്ട ആപുകളാണ് സ്മാർട്ട്ഫോണുകളിൽ കൂടുതൽ ഉപയോഗിക്കുന്നതെന്ന് പഠനം. മിസ്റ്റർ ഫോൺ എന്ന മൊബൈൽ ഫൈൻഡർ പ്ലാറ്റ്ഫോം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനമനുസരിച്ച് 53.6 ശതമാനവും തങ്ങളുടെ ഫോണുകൾ ഗെയിമിങ് ഫോണുകളാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
സ്മാർട്ട്ഫോണുകൾ തെരഞ്ഞെടുക്കുേമ്പാൾ ശക്തിയേറിയ പ്രൊസസറും റാമുമുള്ള ഫോണുകൾക്കാണ് ഉപയോക്താക്കൾ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്. ഇത്തരം ഫോണുകൾ ഗെയിമിങ്ങിന് കൂടുതൽ അനുയോജ്യമാണ്. ഉദാഹരണമായി ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 845 പ്രൊസസർ കരുത്ത് പകരുന്ന ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ആവശ്യക്കാരേറെയാണ്. ഇൗ നിരയിൽ വരുന്ന മിഡ് റേഞ്ച് ഫോണുകളായ അസൂസ് സെൻഫോൺ 5സെഡ്, ഷവോമി പോക്കോ എഫ് 1 എന്നീ മോഡലുകളുടെ ആവശ്യകത ജനങ്ങളുടെ വലിയ രീതിയിലുള്ള ഗെയിമിങ് ഭ്രമത്തിന് തെളിവാണ്.
വൺ പ്ലസാണ് ഗെയിമിങ്ങിനായി കൂടുതൽ ഉപയോക്താക്കളും തെരഞ്ഞെടുക്കുന്ന ഫോണെന്നും പഠനത്തിൽ പറയുന്നു. ഷവോമിയും അസൂസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലിൽ മൂന്ന് സ്മാർട്ട്ഫോൺ ഉപയോക്താക്കളും ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി ബന്ധപ്പെട്ട് ആപുകൾ ഉപയോഗിക്കാൻ താൽപര്യ പ്രകടിപ്പിക്കുന്നുണ്ടെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.