5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നു: ഫേസ്ബുക്ക്
text_fieldsവാഷിങ്ടൺ: കേംബ്രിജ് അനലിറ്റിക (സി.എ) വഴി 5.62 ലക്ഷം ഇന്ത്യക്കാരടക്കം 8.7 കോടി പേരുടെ വിവരം ചോർന്നതായി ഫേസ്ബുക്ക്. നേരത്തേ അഞ്ചുകോടി എന്നായിരുന്നു കണക്ക്. ഏഷ്യയിൽനിന്ന് 3.7 കോടിയിലധികംപേരുടെ വിവരം കൂടി ചോർന്നതായി കഴിഞ്ഞദിവസമാണ് കണ്ടെത്തിയത്.
5,62,455 ഇന്ത്യക്കാരുടെ വിവരമാണ് ചോർന്നത്. ആകെ ചോർന്നവരുടെ 0.6 ശതമാനം. 81 ശതമാനവും അമേരിക്കക്കാരാണ്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഇതുസംബന്ധിച്ച വിവരം കൈമാറിയിരിക്കാമെന്നും എന്നാൽ, പാർട്ടികൾ ഇവ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
അതിനിടെ, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വലിയ തെറ്റുപറ്റിയതായി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിെൻറ ഏറ്റുപറച്ചിൽ. ഇൗ വർഷത്തെ മുഖ്യശ്രദ്ധ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പാണെന്നും ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ സേവനവും നിർമിത ബുദ്ധിയും ഏകോപിപ്പിച്ച് പഴുതടച്ച സുരക്ഷയൊരുക്കുമെന്നും സക്കർബർഗ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭാതെരഞ്ഞെടുപ്പ് ഇൗ വർഷമാണ്. അടുത്തവർഷം പൊതുതെരഞ്ഞെടുപ്പും നടക്കും. കൂടാതെ, യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പ്, പാകിസ്താൻ, ബ്രസീൽ, മെക്സികോ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ െതരഞ്ഞെടുപ്പുകൾ എന്നിവയും ഇൗ വർഷമാണ്.
Following today's announcement by Facebook, we feel it's important to clarify what data we licensed.https://t.co/sqBEiJWhH7
— Cambridge Analytica (@CamAnalytica) April 4, 2018
തെരഞ്ഞെടുപ്പുസമയത്ത് ഉപഭോക്താക്കളുടെ വിവരം ചോരാതിരിക്കാൻ ശക്തമായ നടപടിയെടുക്കുമെന്നും യൂറോപ്യൻ സ്വകാര്യത നിയമത്തിനുകീഴിലെ എല്ലാ സംവിധാനവും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും സക്കർബർഗ് പറഞ്ഞു. ‘ഞാൻ കുറ്റം ഏൽക്കുന്നു. കമ്പനിയെ നയിക്കാൻ ഒരവസരം കൂടി നൽകണം’-33കാരനായ അദ്ദേഹം അഭ്യർഥിച്ചു. കമ്പനി േബാർഡ് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, മൂന്നുകോടി പേരുടെ വിവരം മാത്രമാണ് ചോർന്നതെന്നും 8.7 കോടിയെന്നുപറയുന്നത് ശരിയല്ലെന്നും സി.എ ട്വീറ്റ്ചെയ്തു. അതിനിടെ, യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടപെെട്ടന്ന് ആരോപണമുള്ള റഷ്യയിലെ ഇൻറർനെറ്റ് റിസർച്ച് ഏജൻസി (െഎ. ആർ.എ) യുടെ അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് മരവിപ്പിച്ചു.
വിവര ചോർച്ചയെതുടർന്ന് ഫേസ്ബുക്കിനും സി.എക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിരുന്നു. രാജ്യത്ത് ഫേസ്ബുക്കിന് 20 കോടി ഉപയോക്താക്കളുണ്ട്. നിരവധി രാജ്യങ്ങളിൽ തെരഞ്ഞെടുപ്പുസമയത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോർത്തിയെന്നാണ് കേംബ്രിജ് അനലിറ്റികക്കെതിരായ പരാതി.