അവാർഡ് കിട്ടി 10 ജി.ബി ഡാറ്റ സൗജന്യമായി നൽകി ജിയോ
text_fieldsന്യൂഡൽഹി: ബാഴ്സിലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് ബെസ്റ്റ് മൊബൈൽ വിഡിയോ കണ്ടൻറ് അവാർഡ് സ്വന്തമാക്കിയതിനെ തുടർന്ന് റിലയൻസ് ജിയോ 10 ജി.ബി സൗജന്യ ഡാറ്റ നൽകുന്നു. ജിയോ ടി.വി കാണുന്നതിനായാണ് അധിക ഡാറ്റ റിലയൻസ് നൽകുന്നത്. മാർച്ച് 31നകം അധിക ഡാറ്റ ഉപയോഗിച്ചിരിക്കണമെന്ന നിബന്ധനയും ജിയോ മുന്നോട്ട് വെച്ചിട്ടുണ്ട്.
ഹോളി ഒാഫറായാണ് റിലയൻസ് അധിക ഡാറ്റ നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ജിയോക്ക് അവാർഡ് കിട്ടിയതിനെ തുടർന്നാണിതെന്ന് പിന്നീട് വ്യക്തമാക്കി. ജിയോ ടി.വിയിൽ 583 ചാനലുകൾ ലഭ്യമാകും. ഇതിൽ 39 എച്ച്.ഡി ചാനലുകളും ഉൾപ്പെടും. എയർടെൽ ഡിജിറ്റൽ ടി.വി മാത്രമാണ് നിലവിൽ ജിയോ ടി.വിയോട് മൽസരിക്കുന്നത്.
അതേ സമയം, 10 ജി.ബിയുടെ അധിക ഡാറ്റ എല്ലാവർക്കും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. മൈ ജിയോ ആപിൽ മൈ പ്ലാൻസ് എന്ന ഒാപ്ഷനിൽ ക്ലിക്ക് ചെയ്ത് അധിക ഡാറ്റ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം. 1299 എന്ന നമ്പറിൽ വിളിച്ചും ഇത് ഉറപ്പുവരുത്താവുന്നതാണ്.