പുതു വർഷത്തിൽ ഞെട്ടിച്ച് ജിയോ; പ്ലാനുകൾക്ക് വില കുറക്കുന്നു
text_fieldsആകർഷകമായ ഒാഫറുകൾ നൽകി ഉപയോക്താക്കളെ ഞെട്ടിക്കാൻ ജിയോ വീണ്ടും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹാപ്പി ന്യൂ ഇയർ ഒാഫറായി നിലവിലുള്ള ചില പ്ലാനുകൾക്ക് 50 രൂപേയാളം പ്രൈസ് കട്ട് ആണ് ജിയോ നൽകുന്നത്. ദിവസം 1 ജി.ബി വച്ച് നൽകുന്ന പ്ലാനുകൾക്കും ഇതിനോടൊപ്പം 1.5 ജി.ബി നൽകുന്ന ശ്രേണിയിലുള്ള പ്ലാനുകൾക്കും ജിയോ വില കുറക്കും. ജനുവരി 9 മുതൽ ഇൗ ഒാഫറുകൾ പ്രാബല്യത്തിൽ വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
28 ദിവസത്തേക്ക് 28 ജി.ബി നൽകുന്ന 199 രൂപയുടെ പ്ലാനിന് 149 രൂപ നൽകിയാൽ മതി. 70 ദിവസത്തേക്കുള്ള 399 രൂപയുടെ പ്ലാനിന് 349, 84 ദിവസത്തേക്കുള്ള 459 രൂപയുടെ പ്ലാനിന് 399 രൂപ, 91 ദിവസത്തേക്ക് 91 ജി.ബി നൽകുന്ന 499 രൂപയുടെ പ്ലാനിന് 449 രൂപയും നൽകിയാൽ മതിയാകും.
ദിവസവും 1.5 ജി.ബി നൽകുന്ന പ്ലാനുകൾക്ക് വിലയിൽ മറ്റ് പ്ലാനുകളുമായി കാര്യമായ വ്യത്യാസമൊന്നുമില്ല എന്നതാണ് പ്രത്യേകത. 198 രൂപക്ക് ഒരു മാസത്തേക്ക് 42 ജി.ബിയും 398 രൂപക്ക് 70 ദിവസത്തേക്ക് 105 ജി.ബിയും 448 രൂപക്ക് 84 ദിവസത്തേക്ക് 126 ജി.ബിയും 498 രൂപക്ക് 91 ദിവസത്തേക്ക് 136 ജി.ബിയുമാണ് ജിയോ നൽകാൻ പോകുന്നതെന്നാണ് റിപ്പോർട്ട്.
ഒാഫറുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജനുവരി ഒമ്പതിന് കമ്പനി അറിയിക്കും. ജിയോയുടെ നിലവിലുള്ള കാശ്ബാക്ക് ഒാഫറുകൾക്ക് ശേഷമാവും പുതിയ പ്രൈസ് കട്ട് ഒാഫറെന്നും സൂചനയുണ്ട്. മറ്റ് കമ്പനികൾ നിലവിൽ നൽകി വരുന്ന മികച്ച ഒാഫറുകൾ മുന്നിൽ കണ്ടാവണം ജിയോയുടെ പുതിയ നീക്കം.