ന്യൂഡൽഹി: കോളുകൾക്ക് ചാർജ് ഈടാക്കാനുള്ള റിലയൻസ് ജിയോയുടെ തീരുമാനത്തിനെതിരെ ഉപഭോക്താക്കളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെ സൗജന്യ ടോക്ക് ടൈം നൽകാനൊരുങ്ങി കമ്പനി. ഉപഭോക്താകൾക്ക് 30 മിനിട്ട് സൗജന്യ ടോക് ടൈം ജിയോ നൽകുമെന്നാണ് റിപ്പോർട്ട്.
ടോക് ടൈം വൗച്ചറുകൾ ഉൾപ്പെടുന്ന പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ഒറ്റത്തവണയായി 30 മിനിട്ട് സൗജന്യ സംസാര സമയമാവും ജിയോ നൽകുക. ഏഴ് ദിവസമായിരിക്കും സൗജന്യ സംസാര സമയത്തിൻെറ കാലാവധി.
കോളുകൾക്ക് നിരക്ക് ഈടാക്കാനുള്ള ജിയോ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ട്വിറ്ററിലായിരുന്നു പ്രധാനമായും പ്രതിഷേധം. ജീവിതകാലത്തേക്ക് മുഴുവൻ സൗജന്യ കോളുകൾ നൽകുമെന്ന് അറിയിച്ചാണ് ജിയോ സേവനം തുടങ്ങിയതെന്നും ഇപ്പോഴുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നുമാണ് ഉപയോക്താക്കൾ പറയുന്നത്.