ടെക്നോളജി യുദ്ധത്തിലുറച്ച് ഹ്വാവേ; ഗൂഗിളിന് എതിരാളിയായി പുതിയ സേർച്ച് എഞ്ചിനും എത്തി
text_fieldsഅമേരിക്കയുമായുള്ള ടെക്നോളജി യുദ്ധം തുടരുന്ന ഹ്വാവേ അവരുടെ സ്വന്തം സേർച്ച് എഞ്ചിൻ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. സെർച്ച് എഞ്ചിൻ ലോകത്തെ എതിരാളികളില്ലാത്ത വമ്പൻമാരായ ഗൂഗ്ളിന് നെഞ്ചിടിപ്പേറ്റുന്നതാണ് ഹ്വാവേയിൽ നിന്ന് വരുന്ന പുതിയ വാർത്തകൾ. നേരത്തെ ഗൂഗ്ൾ പ്ലേ സർവീസിന് പകരം ഹ്വാവേ മൊബൈൽ സർവീസ് എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തതും സ്വന്തം ആപ് സ്റ്റോറും ആപ് ഗാലറിയും അവതരിപ്പിച്ചതും വലിയ വാർത്തയായിരുന്നു.
അമേരിക്കയുമായുള്ള പ്രശ്നം കാരണം ഹ്വാവേ കുറച്ച് മാസങ്ങളായി പ്രത്യേക സേർച്ച് എഞ്ചിനുകൾ ഇല്ലാതെയാണ് അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലുകൾ അടക്കം പുറത്തിറക്കുന്നത്. എന്നാൽ എക്.ഡി.എ എന്ന വെബ് സൈറ്റിൽ ഹ്വാവേ മൈറ്റ് 30 പ്രോയിൽ കമ്പനിയുടെ പുതിയ സേർച്ച് എഞ്ചിൻ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിെൻറ സ്ക്രീൻഷോട്ടുകൾ ലഭ്യമാണ്. ഇതോടെ ഇനി ഇറങ്ങാൻ പോകുന്ന മോഡലുകളിൽ ഹ്വാവേയുടെ സ്വന്തം സേർച്ച് എഞ്ചിനായിരിക്കും ഉൾകൊള്ളിക്കുക എന്ന കാര്യം ഏറെക്കുറെ ഉറപ്പായി.

ഉപയോക്താക്കളുടെ വിവരം ഗൂഗ്ൾ വ്യാപകമായി ചോർത്തുന്ന സംഭവത്തെ തുടർന്ന് അത്തരം സുരക്ഷാ പ്രശ്നങ്ങളില്ലെന്ന അവകാശവാദവുമായി ഡക് ഡക് ഗോ, ബിങ് സേർച്ച് തുടങ്ങിയ സേർച്ച് എഞ്ചിനുകൾ പരസ്യപ്പെടുത്തിയിരുന്നു. ഇത്തരം മത്സരങ്ങൾ മറുവശത്ത് ഗൂഗ്ളിന് വെല്ലുവിളിയായി നിൽക്കേ, ചൈനീസ് വമ്പൻമാർ പുതിയ സേർച്ച് എഞ്ചിൻ കൊണ്ടുവരുന്നതോടുകൂടി അമേരിക്കൻ വമ്പൻമാർക്ക് വലിയ തലവേദനയാകുമെന്നാണ് ടെക്ലോകത്തെ സംസാരം.
നിലവിൽ അധികം ഫീച്ചേർസില്ലാതെ അവതരിപ്പിച്ച സേർച്ച് എഞ്ചിൻ വൈകാതെ ഗൂഗ്ൾ പോലെയോ അതിന് മുകളിലോ ‘ഫീച്ചർ റിച്ച്’ ആയേക്കുമെന്നാണ് യൂസേഴ്സിെൻറ വിശ്വാസം. അതേസമയം പ്ലേസ്റ്റോറിന് പകരക്കാരനായി ഹ്വാേവ അവതരിപ്പിച്ച ആപ് സ്റ്റോർ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആപ്ലിക്കേഷൻ സ്റ്റോറാണെന്നാണ് കമ്പനിയുടെ അവകാശവാദം.