ഗവ. ഇ - മാർക്കറ്റ് യാഥാർഥ്യമായി; സർക്കാർ വാങ്ങലുകൾ മുഴുവൻ ഓൺലൈനിലേക്ക്
text_fieldsതൃക്കരിപ്പൂർ: സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ആവശ്യമായ മൊട്ടുസൂചി മുതൽ വാഹനം വരെയുള്ള സാധനങ്ങൾ കേന്ദ്ര സർക്കാറിെൻറ ഓൺലൈൻ വ്യാപാര വെബ്സൈറ്റിലൂടെ വാങ്ങാൻ തീരുമാനം. 25000 രൂപക്ക് മുകളിലുള്ള എന്തും ഗവൺെമൻറ് ഇ- മാർക്കറ്റ് (ജെം) സൈറ്റായ gem.gov.in വഴി മാത്രമേ വാങ്ങാവൂ എന്നാണ് നിർദേശം. സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ ഇതുസംബന്ധിച്ച് വാങ്ങലുകൾ നടത്തുന്നതിന് മാർഗനിർദേശം പുറപ്പെടുവിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ഉൾെപ്പടെ ഇനിയുള്ള വാങ്ങലുകൾ ജെം ഉപാധിയോടെ ആയിരിക്കും. ഇതിനായി സ്റ്റോർ പർച്ചേസ് മാന്വൽ പരിഷ്കരിച്ചിട്ടുണ്ട്.
ഏതാണ്ട് 39000 വിൽപനക്കാരിൽ നിന്നായി ഒരു രൂപയുടെ പേനമുതൽ ഒരുകോടി രൂപയുടെ വാഹനം വരെ 14 ലക്ഷത്തോളം സാധനങ്ങളാണ് ഇ-മാർക്കറ്റിൽ വിൽപനക്കുള്ളത്. ആഹാര സാധനങ്ങൾ, ലബോറട്ടറി, മെഡിക്കൽ എന്നിവക്ക് വാങ്ങൽ നിബന്ധന ബാധകമാക്കിയിട്ടില്ല. ഇതിനുപുറമെ സ്റ്റേഷനറി, അഗ്നിശമന, രക്ഷാ വകുപ്പുകളെയും ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയെയും ഒഴിവാക്കിയിട്ടുണ്ട്. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താണ് സാധനങ്ങൾ വാങ്ങേണ്ടത്. പഞ്ചായത്തിലാണെങ്കിൽ സെക്രട്ടറിയും ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥനും രജിസ്റ്റർ ചെയ്യണം. ഇതിനായി ആധാർ നമ്പർ, ബന്ധപ്പെട്ട മൊബൈൽ നമ്പർ, സർക്കാർ മെയിൽ വിലാസം എന്നിവ നിർബന്ധമാണ്. സാധനങ്ങൾ വാങ്ങിയശേഷം പണം നൽകുന്ന രീതിയാണ് അനുവർത്തിക്കുക.
ജെമ്മിൽ വിൽപന നടത്തുന്ന വ്യാപാരികൾ തമ്മിൽ ദേശീയതലത്തിൽ മത്സരം നടക്കുന്നതിനാൽ വില നന്നേ കുറയുമെന്നാണ് കണക്കുകൂട്ടൽ. വൻതോതിൽ ഉൽപന്നങ്ങൾ നൽകാനുള്ള കരാറായതിനാലും വില കുറയും. ഇതിൽ വിൽപനക്കാരനായി രജിസ്റ്റർ ചെയ്യാൻ മൂന്നു വർഷത്തെ നികുതി റിട്ടേണും ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റും മറ്റും സമർപ്പിക്കണം. അതേസമയം, സർക്കാർ വിപണി ജെമ്മിൽ രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് മാത്രമായി ചുരുങ്ങും. ഇത്, ഓൺലൈൻ വ്യാപാരം മൂലം നിലനിൽപ് പ്രതിസന്ധിയിലായ പ്രാദേശിക ചെറുകിട വ്യാപാരികളെ കൂടുതൽ ഞെരുക്കത്തിലാക്കിയേക്കും.