ന്യൂഡൽഹി: 360 ഡിഗ്രി പനോരമിക് വ്യൂവിൽ ഇന്ത്യൻ നഗരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗ്ളിെൻറ പുതിയ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതിയില്ല. പദ്ധതിക്ക് അനുമതി നിഷേധിച്ച വിവരം കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. 2015ലാണ് പദ്ധതിക്ക് അനുമതിക്കായി ഗൂഗ്ൾ കേന്ദ്രസർക്കാറിനെ സമീപിച്ചത്. എന്നാൽ പുതിയ സംവിധാനത്തിന് അനുമതി നൽകാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹൻസരാജ് ഗംഗാരം അഹിർ ഗൂഗ്ളിനെ അറിയിക്കുകയായിരുന്നു.
360 ഡിഗ്രി പനോരമിക് വ്യൂവിൽ നഗരങ്ങളിലെ തെരുവുകളുൾപ്പടെ കാണുന്നതിനുള്ള സംവിധാനമാണ് സ്ട്രീറ്റ് വ്യൂ ആപിൽ ഗൂഗ്ൾ ഒരുക്കുന്നത്. 3ഡി ചിത്രങ്ങൾ ഗൂഗ്ൾ സ്ട്രീറ്റ് വ്യൂവിെൻറ ഭാഗമാണ്. യു.എസ്, കാനഡ, യുറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലെല്ലാം സ്ട്രീറ്റ് വ്യൂവിന് അനുമതിയുണ്ട്.
താജ്മഹൽ, ചുവപ്പ് കോട്ട, കുത്തബ്മിനാർ, വാരണാസി, നളന്ദ യൂനിവേഴ്സിറ്റി, മൈസൂർ കൊട്ടാരം, തഞ്ചാവൂർ ക്ഷേത്രം, ചിന്നസ്വാമി സ്റ്റേഡിയം എന്നിവടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗ്ൾ സ്ട്രീറ്റ് വ്യു ആരംഭിച്ചിരുന്നു. ആർക്കിയോളജി വകുപ്പുമായി ചേർന്നായിരുന്നു പദ്ധതി.