ഗൂഗിൾ ഗ്ലാസ് വീണ്ടുമെത്തുന്നു
text_fieldsഗൂഗിളിെൻറ സ്വപ്ന ഉൽപന്നങ്ങളിലൊന്നായിരുന്ന ഗൂഗിൾ ഗ്ലാസ് വീണ്ടും വിപണിയിലെത്തുന്നു. നിരവധി ഗവേഷണങ്ങൾക് കും പരീക്ഷണങ്ങൾക്കുമൊടുവിൽ വർഷങ്ങൾക്ക് മുമ്പ് ഗ്ലാസിനെ കമ്പനി പുറത്തിറക്കിയെങ്കിലും ഉൽപന്നത്തിന് അധിക ആയുസ് ഉണ്ടായിരുന്നില്ല. പല രാജ്യങ്ങളും സുരക്ഷയെ സംബന്ധിച്ച് ആശങ്കകൾ ഉയർത്തിയതും മറ്റ് ചില പ്രശ്നങ്ങളും അന്ന് ഗ്ലാസിെൻറ ചരമക്കുറിപ്പെഴുതി. ഇക്കുറി ഗൂഗിൾ ഗ്ലാസിെൻറ രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഗൂഗിൾ ഗ്ലാസ് എഡിഷൻ 2 എന്ന പേരിലാവും ഉൽപന്നം വീണ്ടും അവതരിക്കുക. നിലവിൽ ഉൽപന്നത്തിെൻറ പരീക്ഷണങ്ങൾ കമ്പനി നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒന്നാം ജനറേഷൻ ഗ്ലാസിന് സമാനമാണ് രണ്ടാം പതിപ്പും. സ്നാപ്ഡ്രാഗൺ എക്സ്.ആർ1 ചിപ്പിെൻറ കരുത്തിലാണ് ഗ്ലാസ് പുറത്തിറങ്ങുക. 3 ജി.ബി റാമും 860 എം.എച്ച് ബാറ്ററിയും ഉണ്ടാവും. ടൈപ്പ് സി പോർട്ട് ഉപയോഗിച്ചുള്ള ഫാസ്റ്റ് ചാർജിങ്ങിനെയും ഗൂഗിൾ ഗ്ലാസ് പിന്തുണക്കും.
ഏകദേശം 999 ഡോളറിന് ഗൂഗിൾ ഗ്ലാസിെൻറ രണ്ടാം പതിപ്പ് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. എങ്കിലും ഗ്ലാസ് എപ്പോൾ വിപണിയിലെത്തിക്കുമെന്ന കാര്യത്തിൽ ഗൂഗിൾ ഉറപ്പുകളൊന്നും നൽകുന്നില്ല.