ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗ്ൾ സി.ഇ.ഒമാരെ യു.എസ് കോൺഗ്രഷനൽ കമ്മിറ്റി വിളിപ്പിച്ചു
text_fieldsവാഷിങ്ടൺ: ടെക്നോളജി ഭീമന്മാരായ ഫേസ്ബുക്കിെൻറയും ട്വിറ്ററിെൻറയും ഗൂഗ്ളിെൻറയും സി.ഇ.ഒമാരെ കോൺഗ്രഷനൽ കമ്മിറ്റി വിളിപ്പിച്ചു. ബ്രിട്ടൻ ആസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റിക അഞ്ചു കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് അടുത്തമാസം ചോദ്യംചെയ്യുന്നതിനു മുന്നോടിയായാണിത്. ഫേസ്ബുക്കിെൻറ മാർക്ക് സക്കർബർഗ്, ട്വിറ്ററിെൻറ ജാക് ദോർസെ, ഗൂഗ്ളിെൻറ സുന്ദർപിച്ചെ എന്നിവരെയാണ് വിളിപ്പിച്ചത്. ഏപ്രിൽ 10ന് ഇവരെ ചോദ്യംചെയ്യുമെന്നാണ് വിവരം.
ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി ഫേസ്ബുക്ക് നേരത്തേ സ്വീകരിച്ചിരുന്നതും ഭാവിയിൽ സ്വീകരിക്കാനിരിക്കുന്നതുമായ നടപടികളെക്കുറിച്ച് വിശദീകരിക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടു. വിവരങ്ങൾ അനധികൃതമായി ചോർത്തുന്നതിനെതിരെ ഫേസ്ബുക്ക് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കാനും ആവശ്യമുണ്ട്.
സമൂഹമാധ്യമങ്ങളിലെ വിവരച്ചോർച്ച തടയാനുള്ള മുൻകരുതലുകളെക്കുറിച്ച് സംസാരിക്കാനാണ് സുന്ദർപിച്ചെയെയും ദോർസെയെയും കമ്മിറ്റി വിളിപ്പിച്ചത്.