കാലിഫോർണിയ: വിവരചോർച്ച സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെ പത്ത് ദിവസത്തിനുള്ളിൽ ഫേസ്ബുക്കിന് നഷ്ടമായത് 4.53 ലക്ഷം കോടി. ഒാഹരി വിപണിയിലെ വൻ നഷ്ടവും മുൻനിര കമ്പനികൾ പരസ്യം ഒഴിവാക്കിയതുമാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്.
മാർച്ച് 16 മുതലുള്ള കണക്കുകൾ പ്രകാരം ഫേസ്ബുക്കിെൻറ ഒാഹരികൾ 13 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 2017 ജൂലൈക്ക് ശേഷം ഇതാദ്യമായി ഫേസ്ബുക്ക് ഒാഹരികൾ 150 ഡോളറിനും താഴെ പോകുന്നതിനും വിവാദം കാരണമായി. ഇതൊടൊപ്പം പല മുൻനിര കമ്പനികളും ഫേസ്ബുക്കുമായുള്ള സഹകരണം അവസാനിപ്പിച്ചതും കമ്പനിക്ക് തിരിച്ചടിയായി.
മോസില, സ്പേസ് എക്സ്, ടെസ്ല, സൺസ്, പെപ് ബോയ്സ്, കോമേഴ്സ് ബാങ്ക് എന്നീ സ്ഥാപനങ്ങളാണ് ഫേസ്ബുക്കുമായുള്ള ബന്ധം അവസാനിപ്പിച്ചത്. മോസില ഇനി ഫേസ്ബുക്കിന് പരസ്യം നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. വിവരചോർച്ച വാർത്ത പുറത്ത് വന്നതോടെ ബ്ലൂംബെർഗ് കോടീശ്വരൻമാരുടെ പട്ടികയിൽ സക്കർബർഗ് ഏഴാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടം സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്ത് വരുന്നത്.