ലൈംഗികാതിക്രമം: രണ്ടു വർഷത്തിനകം 48 ജീവനക്കാരെ പുറത്താക്കിയതായി ഗൂഗ്ൾ
text_fieldsന്യൂയോർക്: ലൈംഗികാതിക്രമങ്ങളുടെ പേരിൽ ഗൂഗ്ളിൽനിന്ന് രണ്ടുവർഷത്തിനിടെ 13 ഉന്നത ഉദ്യോഗസ്ഥരടക്കം 48 പേരെ പുറത്താക്കിയതായി സി.ഇ.ഒ സുന്ദർപിച്ചെ അറിയിച്ചു. ആരോപണമുയർന്നവരെ ഗൂഗ്ള്‍ സംരക്ഷിക്കുന്നു എന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ വിശദീകരണവുമായി സുന്ദര്‍ പിച്ചെ രംഗത്തുവന്നത്.
ആന്‍ഡ്രോയിഡ് ഉപജ്ഞാതാവായ ആന്‍ഡി റൂബിന് ഉൾപ്പെടെയുള്ളവരെ ഗൂഗ്ള്‍ സംരക്ഷിച്ചുവെന്നാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ പരാതി റൂബിന് ലഭിച്ചതിനുശേഷം ഒമ്പത് കോടി ഡോളര്‍ (65.90 കോടി രൂപ )എക്സിറ്റ് പാക്കേജ് ആയി വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി ലഭിക്കുന്നവർക്കെതിരെ നടപടിയെടുക്കാതെ ഗൂഗ്ൾ നിശ്ശബ്ദത പാലിക്കുകയാണെന്നും ന്യൂയോർക് ടൈംസ് വിമർശിച്ചിരുന്നു.
അടുത്തിടെയായി ആരോപണമുയരുന്ന ഉന്നതരെ പുറത്താക്കുന്നതടക്കം നിരവധി മാറ്റങ്ങൾ കമ്പനിയിൽ നടപ്പാക്കിയതായി പിച്ചെ വിശദീകരിക്കുന്നു. പേര് വെളിപ്പെടുത്താതെതന്നെ ജീവനക്കാര്‍ക്ക് പരാതിയറിയിക്കാനുള്ള സംവിധാനങ്ങള്‍ ഗൂഗ്ള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പുറത്താക്കിയ ജീവനക്കാരിൽ ആർക്കും എക്സിറ്റ് പാക്കേജ് നൽകിയിട്ടില്ലെന്നും സുന്ദർപിച്ചെ അറിയിച്ചു.
റൂബിെൻറ മുൻഭാര്യയാണ്, മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തുന്നത് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. തെളിവായി ഒരാൾക്ക് റൂബിനയച്ച സന്ദേശവും ഹാജരാക്കി. എന്നാല്‍ റൂബിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹത്തിെൻറ വക്താവ് നിഷേധിച്ചു. 2014ല്‍തന്നെ ഗൂഗ്ള്‍ വിടാന്‍ റൂബിന് തീരുമാനിച്ചിരുന്നതായും മറ്റൊരു കമ്പനിയില്‍ ചേരുന്നതിനായി സ്വമേധയാ അദ്ദേഹം ഒഴിയുകയായിരുന്നെന്നും റൂബിെൻറ വക്താവ് സാം സിങര്‍ പറഞ്ഞു.