ഫേസ്ബുക്ക് വീണ്ടും ചോർന്നു; സൈബർ ചാരന്മാർ ചോർത്തിയത് മൂന്നു കോടി ആളുകളുടെ വിവരങ്ങൾ
text_fieldsവാഷിങ്ടൺ: മൂന്നു കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ സൈബർ ചാരന്മാർ ചോർത്തി. ഫേസ്ബുക്ക് മാനേജ്മെൻറ് വൈസ് പ്രസിഡൻറ് ഗെയ് റോസണാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 2017 ജൂലൈക്കും 2018 സെപ്റ്റംബറിനും ഇടയിലാണ് വിവരച്ചോർച്ചയുണ്ടായത്. 1.5 കോടി ഉപയോക്താക്കളുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങളാണ് ചോർത്തിയത്. എന്നാൽ, ബാക്കിയുള്ളവരുടെ വിശദ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഗുരുതരമായ രീതിയിൽ വിവരച്ചോർച്ചയുണ്ടായത് 1.4 കോടി ഉപയോക്താക്കളുടെ കാര്യത്തിലാണ്. പേര്, ഫോൺ നമ്പർ, ഇ-െമയിൽ എന്നിവക്ക് പുറെമ, ഇവരുടെ യൂസർ നെയിം, പ്രദേശം, ലിംഗം, ഭാഷ, മതം, ജനനസ്ഥലം, വിദ്യാഭ്യാസം, ജോലിസ്ഥലം തുടങ്ങിയ എല്ലാ വിവരങ്ങളും സൈബർ ചാരന്മാർ കൈക്കലാക്കി. എന്നാൽ 10 ലക്ഷം പേരുടെ അക്കൗണ്ടിൽ ആക്രമണം നടന്നെങ്കിലും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും റോസൺ വെളിപ്പെടുത്തി. ഫേസ്ബുക്കിലെ സാേങ്കതിക ദുർബലാവസ്ഥ ചാരന്മാർ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇൗ പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്.
ഒരു അക്കൗണ്ടിൽനിന്ന് മറ്റൊരാളുടെ അക്കൗണ്ടിൽ പ്രവേശിച്ച് സുഹൃത്തുക്കളുടെ അടക്കം വിവരങ്ങൾ ചോർത്തുകയായിരുന്നു. ആക്രമണത്തിനിരയായ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഫേസ്ബുക്ക് സുരക്ഷിതമാക്കിയതായും റോസൺ വ്യക്തമാക്കി. ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള മറ്റു സമൂഹ മാധ്യമങ്ങളായ വാട്സ്ആപ്, മെസഞ്ചർ, ഇൻസ്റ്റ ഗ്രാം തുടങ്ങിയവയെ ആക്രമണം ബാധിച്ചിട്ടില്ല.
ഫേസ്ബുക്കിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. ചോർത്തിയെടുക്കുന്ന വിവരങ്ങൾ ചാരന്മാർ രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യതയാണ് വെല്ലുവിളിയുയർത്തുന്നത്. നേരത്തേ ഫേസ്ബുക്കിലെ വിവരങ്ങൾ ചോർത്തി പലരാജ്യങ്ങളുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.