You are here
വിവരച്ചോർച്ച: സക്കർബർഗ് അന്വേഷണ കമ്മിറ്റികൾക്കു മുന്നിൽ ഹാജരാകും
വാഷിങ്ടൺ: കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർന്ന സംഭവത്തിലും 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് വഴി വിദേശ ശക്തികൾ ഇടപെട്ടുവെന്ന ആരോപണത്തിലും ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് യു.എസ് സെനറ്റ് അന്വേഷണ കമ്മിറ്റിക്കു മുമ്പാകെ വിശദീകരണം നൽകും.
സംഭവത്തിൽ സക്കർബർഗ് കമ്മിറ്റിക്കു മുമ്പാകെ മാപ്പുപറഞ്ഞേക്കും. തെരഞ്ഞെടുപ്പിൽ റഷ്യൻ ശക്തികളുടെ ഇടപെടൽ എത്രത്തോളം ഉണ്ടെന്നാണ് സമിതി അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്നു തെളിഞ്ഞതിനെത്തുടർന്ന് ഒട്ടേറെ റഷ്യൻ പേജുകൾ ഫേസ്ബുക്ക് കഴിഞ്ഞ ദിവസം നീക്കംചെയ്തിരുന്നു.
തെരഞ്ഞെടുപ്പിൽ ഇടപെട്ടെന്നു കരുതുന്ന ഒരു റഷ്യൻ ഏജൻസിയിൽനിന്നുള്ള വിവരങ്ങൾ 14.6 കോടി പേരിലേക്കെങ്കിലും എത്തിയിട്ടുണ്ടെന്നും സക്കർബർഗ് സമ്മതിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായിരുെന്നന്നും അതിൽ പരാജയപ്പെെട്ടന്നും സക്കർബർഗ് വിശദീകരണം നൽകിയിരുന്നു.
8.7 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി സക്കർബർഗ് സമ്മതിച്ചിട്ടുമുണ്ട്. ഫേസ്ബുക്കിെൻറ ചരിത്രത്തിൽ ഏറ്റവും വലിയ വിവരച്ചോർച്ചയാണിത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഇൗ വിവരങ്ങൾ ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെയും കോമേഴ്സ് കമ്മിറ്റികളുടെയും ഹൗസ് പാനലിനു മുമ്പാകെയും ആണ് സക്കർബർഗ് ഹാജരാവുക.
ആപ്പിൾ സി.ഇ.ഒ ടിം കുക്കും കഴിഞ്ഞ ദിവസം ഫേസ്ബുക്കിെൻറ നിരുത്തരവാദപരമായ നയത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേംബ്രിജ് അനലിറ്റിക എന്ന ബ്രിട്ടീഷ് പരസ്യക്കമ്പനിയാണ് വിവരങ്ങൾ ചോർത്തിയത്.