ചൈനയിൽ തെരുവുവിളക്കുകൾക്ക് പകരം കൃത്രിമ ചന്ദ്രന്മാർ
text_fieldsബെയ്ജിങ്: ചൈനയിൽ വൈദ്യുതിനിരക്ക് കുറക്കുന്നതിെൻറ ഭാഗമായി നഗരങ്ങളിൽ തെരുവുവിളക്കുകൾക്കുപകരം കൃത്രിമ ചന്ദ്രന്മാരെ സ്ഥാപിക്കാനൊരുങ്ങുന്നു. യഥാർഥ ചന്ദ്രെൻറ എട്ടുമടങ്ങ് വെളിച്ചം തരുന്നതാണത്രെ ഇൗ ചന്ദ്രന്മാർ. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്വാനിലാണ് ആദ്യമായി കൃത്രിമ ചന്ദ്രനെ സ്ഥാപിക്കാനൊരുങ്ങുന്നത്.
പദ്ധതി 2020ൽ പൂർത്തിയാകുമെന്ന് ഒൗദ്യോഗിക പ്രസിദ്ധീകരണമായ സയൻസ് ആൻഡ് ടെക്നോളജി ഡെയ്ലി റിപ്പോർട്ട് ചെയ്തു. അതിനു ശേഷം 2022നകം മറ്റു പ്രവിശ്യകളിലേക്കുകൂടി വ്യാപിപ്പിക്കും. സൂര്യപ്രകാശം വൻതോതിൽ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാൻ ഭീമൻ ദർപ്പണമുള്ള ഉപഗ്രഹങ്ങളാണ് കൃത്രിമ ചന്ദ്രന്മാർ. അങ്ങനെ ഭൂമിയിൽ പതിക്കുന്ന പ്രകാശം തെരുവുവിളക്കുകൾക്ക് പകരമാവുമെന്ന് ചൈനീസ് മാധ്യമമായ സിൻഹുവ പറയുന്നു.
3600 മുതൽ 6400 വരെ ച.കി.മീറ്റർ വിസ്തൃതിയിൽ കൃത്രിമ ചന്ദ്രപ്രകാശം ലഭ്യമാകും. പദ്ധതി നടപ്പാക്കുന്നതിലൂടെ ഒരു വർഷം 17 കോടി ഡോളറിെൻറ വൈദ്യുതോർജം ലാഭിക്കാമെന്നാണ് ചൈനയുടെ കണക്കുകൂട്ടൽ. 1990കളിൽ റഷ്യയും കൃത്രിമചന്ദ്രനെ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.