ചന്ദ്രയാൻ-2 ഭ്രമണപഥം രണ്ടാമതും ഉയര്‍ത്തി
text_fieldsബംഗളൂരു: ചന്ദ്രയാൻ-2 പേടകത്തിെൻറ ഭൂഭ്രമണപഥം വീണ്ടും വിജയകരമായി ഉയർത്തി. വെള്ളിയാഴ്ച പുലർച്ച 1.08നാണ് ഒാൺബോർഡ് പ്രൊപ്പൽഷൻ സിസ്റ്റം (ലിക്വിഡ് അപോജി മീറ്റർ) 883 സെക്കൻഡ് ജ്വലിപ്പിച്ചുകൊണ്ട് ഭൂമിയെ ചുറ്റുന്ന പേടകത്തിെൻറ ഭ്രമണപഥം ഉയർത്തിയത്. ഇതോടെ ചന്ദ്രെൻറ ഭ്രമണപഥത്തിലേക്ക് ഒരുപടികൂടി പേടകം അടുത്തു. ഭൂമിയിൽനിന്നും ഏറ്റവും കുറഞ്ഞ ദൂരമായ 251 കിലോമീറ്റർ പരിധിയിലേക്കും കൂടിയ ദൂരമായ 54,829 കിലോമീറ്റർ പരിധിയിലേക്കുമാണ് രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തലിലൂടെ പേടകത്തെ എത്തിച്ചത്. ഭ്രമണപഥം ഉയർത്തലിനുശേഷം പേടകം സാധാരണ നിലയിലാണെന്നും സഞ്ചാരം ശരിയായ ദിശയിലാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
ബുധനാഴ്ച നടന്ന ആദ്യഘട്ട ഭ്രമണപഥം ഉയർത്തലിലൂടെ പേടകത്തെ 230 x 45163 കിലോമീറ്റർ പരിധിയിലാണ് എത്തിച്ചിരുന്നത്. മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തൽ (281.6x71341) ജൂലൈ 29ന് ഉച്ചക്ക് 2.30നും 3.30നും ഇടയിൽ നടക്കും. പിന്നീട് ആഗസ്റ്റ് രണ്ട് (262.1x89743), ആഗസ്റ്റ് ആറ് (233.2 x 143953) എന്നീ തീയതികളിലും ഭ്രമണപഥം ഉയർത്തും. ഇതിനുശേഷം ആഗസ്റ്റ് 14ന് ഉച്ചക്കുശേഷം മൂന്നിനും നാലിനുമിടയിലായിരിക്കും ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റുന്ന പേടകത്തെ ചന്ദ്രെൻറ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ഗതിമാറ്റ ദൗത്യം (ട്രാൻസ് ലൂനാർ ഇൻജക്ഷൻ) നടക്കുക.