ന്യൂഡൽഹി: ഞായറാഴ്ച രാത്രിയിലെ സൗജന്യവിളിസൗകര്യം എടുത്തുകളയാനുള്ള നീക്കത്തിൽനിന്ന് ബി.എസ്.എൻ.എൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) പിന്മാറി. പകരം ഇത് മൂന്ന് മാസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചു. ഉപഭോക്താക്കളെ തങ്ങളുടെ ലാൻഡ്ലൈൻ സർവിസുമായി അടുപ്പിച്ചുനിർത്താൻ ഇത് ബി.എസ്.എൻ.എല്ലിനെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ലാൻഡ്ലൈൻ, കോേമ്പാ, എഫ്.ടി.ടി.എച്ച് ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് ഞായറാഴ്ച രാത്രിയിലെ സൗജന്യവിളിസൗകര്യം നൽകിത്തുടങ്ങിയത് 2016 ആഗസ്റ്റ് മുതലാണ്.
എന്നാൽ, രാത്രി ഒമ്പത് മണി മുതൽ രാവിലെ ഏഴ് മണി വരെയുണ്ടായിരുന്ന ഇൗ സൗകര്യം കഴിഞ്ഞമാസം പകുതിയോടെ രാത്രി 10.30 മുതൽ രാവിലെ 6.30 വരെയാക്കി കുറച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൗജന്യവിളി സംവിധാനം തന്നെ അവസാനിപ്പിക്കാൻ പോകുകയാണെന്ന് അധികൃതർ സൂചന നൽകിയത്.