ദമ്പതികൾക്ക് ആമസോൺ ഇക്കോ കൊടുത്ത പണി
text_fieldsശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന ആമസോണിെൻറ സ്മാർട്ട് സ്പീക്കറുകളാണ് ഇക്കോ. എന്നാൽ, അമസോൺ ഇക്കോയെ സംബന്ധിച്ച വിവാദമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കയിലെ ഒറീഗണിലെ പോർട്ട്ലാൻറ് സ്വദേശികളായ ദമ്പതികളുടെ സ്വകാര്യ സംഭാഷണം അവരറിയാതെ റെക്കോർഡ് ചെയ്ത് ഇക്കോ സുഹൃത്തിന് അയച്ചുകൊടുത്തതാണ് വിവാദത്തിന് കാരണം.
ദമ്പതിമാർ അവരുടെ മുറിയിലാണ് അമസോൺ ഇക്കോ സ്ഥാപിച്ചിരുന്നുത്. ദമ്പതിമാരുെട നിർദേശമില്ലാതെ തന്നെ ഇക്കോ ഇവരുടെ സന്ദേശങ്ങൾ റെക്കോർഡ് ചെയ്ത് അയക്കുകയായിരുന്നു. ഭർത്താവിെൻറ സുഹൃത്തിനാണ് സന്ദേശം അയച്ചത്. അദ്ദേഹം ഉടൻ തന്നെ ഇക്കാര്യം ദമ്പതികളെ അറിയിച്ചു. തുടർന്ന് ആമസോണുമായി ദമ്പതികൾ ബന്ധപ്പെട്ടപ്പോൾ സ്വകാര്യതക്ക് തങ്ങൾ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ഇപ്പോഴുണ്ടായിരിക്കുന്നത് അത്യപൂർവമായ സംഭവമാണെന്നമുള്ള മറുപടിയാണ് ലഭിച്ചതെന്ന് ഇവർ പറയുന്നു. ആമസോൺ വിഷയത്തെ ലഘൂകരിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
ആമസോൺ ഇക്കോയിൽ ശബ്ദസന്ദേശം റെക്കോർഡ് ചെയ്ത് അയക്കണമെങ്കിൽ നിരവധി കമാൻഡുകൾ നൽകണം. ടേൺ ഇറ്റ് ഒാൺ, റെക്കോർഡ് എ വോയ്സ് മെസേജ്, സെൻഡ് ഇറ്റ് ടു എ കോൺടാക്ട് തുടങ്ങിയ വോയ്സ് കമാൻഡുകളൊന്നും നൽകാതെ ആമസോൺ ഇക്കോ സന്ദേശമയക്കില്ല. ഇതൊന്നും നൽകാതെ തന്നെ എങ്ങനെ സന്ദേശം പോയി എന്ന കാര്യം അജ്ഞാതമാണ്. വോയ്സ് അസിസ്റ്റൻറ് ഉപകരണങ്ങളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകൾക്ക് വഴിമരുന്നിടുന്നതാണ് പുതിയ സംഭവം. ആമസോൺ ഇക്കോ, ഗൂഗിൾ ഹോം സ്പീക്കർ, ആപ്പിൾ ഹോംപാഡ് എന്നിവയെല്ലാം സമാനരീതിയിലുള്ള ഉപകരണങ്ങളാണ്.