അനുവാദമില്ലാതെ ആധാർ ഹെൽപ്പ് ലൈൻ നമ്പർ മൊബൈൽ ഫോണുകളിൽ
text_fieldsന്യൂഡൽഹി: ഉപയോക്താക്കളറിയാതെ തന്നെ ആധാർ ഹെൽപ്പ് ലൈൻ നമ്പർ അവരുടെ മൊബൈൽ ഫോണുകളുടെ കോൺടാക്ട് ലിസ്റ്റിൽ വന്നതായി പരാതി. 1800-300-1947 എന്ന യു.െഎ.ഡി.എ.െഎയുടെ പുതിയ ഹെൽപ് ലൈൻ നമ്പറാണ് ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ മൊബൈൽ ഫോണുകളിൽ എത്തിയത്.
ആധാർ കാർഡ് പോലുമില്ലാത്ത ചിലരുടെ മൊബൈൽ ഫോണുകളിലും പുതിയ നമ്പർ വന്നതായി ആരോപണമുണ്ട്. ചില മൊബൈൽ ഉപഭോക്താക്കൾ ഫോണിൽ നമ്പർ സേവ് ആയിരിക്കുന്നതിെൻറ സ്ക്രീൻ ഷോട്ട് ട്വിറ്ററിലുടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി.
അതേ സമയം, സംഭവത്തിൽ യു.െഎ.ഡി.എ.െഎയുടെ ഒൗദ്യോഗിക പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ട്രായ് ചെയർമാൻ ആർ.എസ് ശർമ്മ ആധാർ നമ്പർ ട്വിറ്ററിലുടെ പങ്കുവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവം. വിവിധ മൊബൈൽ സേവനദാതക്കളുടെ സേവനം ഉപയോഗിക്കുന്ന ആധാർ കാർഡ് ഇതുവരെ എടുക്കാത്ത പലരുടെ മൊബൈലിലും യു.െഎ.ഡി.എ.െഎയുടെ ഹെൽപ് ലൈൻ നമ്പർ വന്നതെങ്ങനെയെന്ന് ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്ധൻ എലിയട്ട് അൽഡേഴ്സൺ ചോദിച്ചു.