Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightശരീരം എന്ന യന്ത്രം

ശരീരം എന്ന യന്ത്രം

text_fields
bookmark_border
ശരീരം എന്ന യന്ത്രം
cancel

സാങ്കേതികത, സാങ്കേതികവിദ്യ, യന്ത്രം, ഉപകരണം, ഉപയോഗം തുടങ്ങിയ സങ്കല്‍പനങ്ങളെക്കുറിച്ചുള്ള നടപ്പുധാരണകളെ വീണ്ടും പരിശോധിക്കേണ്ടതുണ്ട്. ശാസ്ത്രം പ്രകൃതിയുടെ മാറ്റമില്ലാത്ത നിയമങ്ങള്‍ കണ്ടുപിടിക്കുന്നു. ഈ അറിവിന്‍െറ പ്രയോഗമാണ് സാങ്കേതിക വിദ്യ. ഈ ആപ്ളിക്കേഷന്‍ സമീപനം ശാസ്ത്രത്തോടും സാങ്കേതിക പ്രയോഗത്തോടും നീതിപുലര്‍ത്തുന്നില്ല. ആദ്യം ശാസ്ത്രം പിന്നെ പ്രയോഗം എന്ന ക്രമത്തിലല്ല കാര്യങ്ങള്‍. ആദ്യം കാര്‍നോട്ടിന്‍െറ തെര്‍മോഡൈനാമിക്സ്, പിന്നീട് ജയിംസ് വാട്ടിന്‍െറ ആവിയന്ത്രം എന്ന നിലയിലായിരുന്നില്ല കാര്യങ്ങള്‍. ആവിയന്ത്രം വന്ന് അര നൂറ്റാണ്ടുകഴിഞ്ഞാണ് അതിന്‍െറ ശാസ്ത്രം നമുക്കു പിടികിട്ടിയത്. ശാസ്ത്രജ്ഞാനത്തിന്‍െറ ചരിത്രത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന സ്വന്തമായ മറ്റൊരു ചരിത്രമുണ്ട് ആവിയന്ത്രത്തിന്. നൂല്‍പ്യന്ത്രത്തില്‍നിന്ന് തീവണ്ടി, ഓട്ടോമൊബൈല്‍, വിമാനം വരെ നീളുന്ന ക്രാങ്കും ബെല്‍റ്റുമിട്ട കറക്കങ്ങളുടെ ചരിത്രത്തിലാണ് ആവിയന്ത്രം കറങ്ങിത്തുടങ്ങിയത്. ആദ്യം ദൂരദര്‍ശിനി, പിന്നെ പ്രകാശ സിദ്ധാന്തം. ആദ്യം കപ്പല്‍, പിന്നെ പ്ളവനനിയമങ്ങള്‍ എന്ന നിലയിലും ചരിത്രം സംഭവിക്കുന്നുണ്ട്. ചുരുക്കത്തില്‍, ആദ്യം സിദ്ധാന്തം, പിന്നെ പ്രയോഗം എന്ന ക്രമത്തിലായിരിക്കണമെന്നില്ല ശാസ്ത്രവും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം. സാങ്കേതികവിദ്യയിലെ ‘വിദ്യ’ പൂര്‍ണമായും ഭൗതികശാസ്ത്രവുമല്ല. മുതലാളിത്ത വ്യവസായവിപ്ളവത്തോടെ ശാസ്ത്രം ടെക്നോളജിക്ക് അടിപ്പെട്ടു. ഈ അടിമത്തത്തിന്‍െറ വേരുകള്‍ പാശ്ചാത്യയുക്തിയില്‍തന്നെ ആണെന്നു വരാം. സനാതനമായ ഒന്നും ഇവയുടെ ബന്ധത്തെ നിര്‍ണയിക്കുന്നില്ല. ചിലപ്പോള്‍ പ്രശ്നങ്ങളുടെ തലത്തില്‍, ചിലപ്പോള്‍ പരിഹാരങ്ങളുടെ തലത്തില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും ഒന്നു മറ്റൊന്നില്‍ ഇടപെട്ടേക്കാം.

യന്ത്രത്തെ ശരീരത്തിനു മാതൃകയാക്കുന്ന കഥയിലെ പ്രധാന വില്ലന്‍ ദക്കാര്‍ത്താണ്. മനസ്സ് യന്ത്രമല്ല, എന്നാല്‍ മൃഗങ്ങളെ പൊതുവില്‍ യന്ത്രങ്ങളായാണ് ദക്കാര്‍ത്ത് കണ്ടത്. കാരണം, അവക്ക് മനസ്സില്ല. യന്ത്രത്തിന് സ്വയം ചലിക്കാന്‍ കഴിയുകയില്ല. അതിന് ഊര്‍ജം പുറത്തുനിന്നു വരണം. യന്ത്രങ്ങളുടെ ആദ്യഘട്ടത്തില്‍ ഊര്‍ജസ്രോതസ്സുകള്‍ മനുഷ്യശരീരങ്ങളോ മൃഗങ്ങളോ ആയിരുന്നു. ആദ്യകാലത്തെ യന്ത്രസങ്കല്‍പത്തിനു പിന്നില്‍ പ്രവൃത്തിയോടും പ്രയോഗത്തോടുമുള്ള പുച്ഛവുമുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് മൃഗങ്ങളെയും അടിമകളെയും യന്ത്രങ്ങളായി കണ്ടത്.
ശരീരം യന്ത്രമാണെങ്കില്‍ അതിനെ ചലിപ്പിക്കാന്‍ ശരീരബദ്ധമായ മനസ്സുവേണം. മനസ്സിന്‍െറ ആജ്ഞയനുസരിച്ചാണ് ശരീരം പ്രവര്‍ത്തിക്കുന്നത് എന്നാണല്ളോ വെപ്പ്. എന്നാല്‍, മനസ്സും ശരീരവും തമ്മിലുള്ള ബന്ധം അധികാരിയും അടിമയും തമ്മിലുള്ളതല്ല. ഈ ബന്ധത്തെയാണ് യന്ത്രത്തിന്‍െറ മാതൃകകൊണ്ട് ദക്കാര്‍ത്ത് ചിന്തിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. മനസ്സിന്‍േറത് ശരീരത്തിന്‍െറ വെളിയില്‍നിന്നു തൊടുക്കുന്ന ആജ്ഞയോ തള്ളലോ അല്ല. ശരീരത്തിന്‍െറ മുന്നേയുള്ള വഴക്കമാണ് മനസ്സിന്‍െറ തീരുമാനമായി പ്രതിധ്വനിക്കുന്നത്. പൂര്‍ണ വഴക്കമുള്ള ശരീരത്തിന് മനസ്സു വേണമെന്നുതന്നെയില്ല. ക്രമേണ വളര്‍ത്തിയെടുക്കാവുന്ന ഈ വഴക്കത്തിനാണ് യന്ത്രങ്ങളുടെ ടെക്നോളജി മാതൃകയായത്.

വിശദവായനക്ക് മാധ്യമം ആഴ്ചപ്പതിപ്പ് കാണുക

 

Show Full Article
TAGS:machine body 
Next Story