ത്രിമാന അച്ചടിയിലൂടെ നിര്‍മിച്ച കെട്ടിടം ദുബൈയില്‍ തുറന്നു
text_fields ലോകത്ത് ആദ്യമായി ത്രിമാന അച്ചടിയിലൂടെ പണിത കെട്ടിടം ദുബൈയില്‍ തുറന്നു. കേവലം 17 ദിവസം കൊണ്ടാണ് കെട്ടിടംപണി പൂര്‍ത്തീകരിച്ചത്. ചെലവു കുറക്കുന്നതിനും സമയം ലാഭിക്കുന്നതിനുമുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്‍െറ ഭാഗമാണ് കെട്ടിടനിര്‍മാണമെന്ന് യു.എ.ഇ മന്ത്രിസഭാംഗം മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു. പ്ളാസ്റ്റിക് ഉപയോഗിച്ച് ത്രിമാന വസ്തുക്കള്‍ നിര്‍മിക്കുന്ന അച്ചടിയന്ത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കെട്ടിടം പണിയുന്നത്. 120 അടി ഉയരവും 40 അടി വീതിയുമുള്ള അച്ചടിയന്ത്രമാണ് ഉപയോഗിച്ചത്.
സിമന്‍റിന്‍െറ പ്രത്യേക മിശ്രിതമാണ് 2700 ചതുരശ്ര അടി വിസ്തൃതിയുള്ള ഒറ്റനില കെട്ടിടം പണിയാന്‍ ഉപയോഗിച്ചത്. ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷനാണ് ഇന്‍റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്‍ററിന് സമീപം കെട്ടിടം പണിതത്. ഇവരുടെ ഓഫിസാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മാണ സമയം 50 മുതല്‍ 60 ശതമാനവും ചെലവ് 50 മുതല്‍ 80 ശതമാനം വരെയും കുറക്കാമെന്നും അധികൃതര്‍ പറയുന്നു. 2030ഓടെ, നഗരത്തിലെ 25 ശതമാനം കെട്ടിടങ്ങളും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചവയായിരിക്കുമെന്നും മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു.