Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫ്രീഡം 251 പുതിയതോ,...

ഫ്രീഡം 251 പുതിയതോ, കുളിപ്പിച്ചൊരുക്കിയ പഴയ സ്മാര്‍ട്ട്ഫോണോ?

text_fields
bookmark_border
ഫ്രീഡം 251 പുതിയതോ, കുളിപ്പിച്ചൊരുക്കിയ പഴയ സ്മാര്‍ട്ട്ഫോണോ?
cancel

നാലിഞ്ചുള്ള ആപ്പിള്‍ ഐഫോണിന്‍െറ രൂപഭാവങ്ങളുമായി നിമിഷങ്ങള്‍ക്കുള്ളില്‍ കോടികളുടെ മനസില്‍ ഇടംനേടിയ ഫ്രീഡം 251 സ്മാര്‍ട്ട്ഫോണ്‍ ഉയര്‍ത്തിയ ദുരൂഹതയുടെ അണിയറക്കഥകള്‍ കേട്ടാല്‍ പലരും അത്ഭുതപ്പെടും.

സംശയിക്കാനേറെ
മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്സിന്‍െറ വെബ്സൈറ്റ് പരിശോധിച്ചാല്‍ അറിയാം കമ്പനി 2015 നവംബര്‍ 16നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുവര്‍ഷം മാത്രം പ്രായമുള്ള കമ്പനി നാലുമാസം കഴിഞ്ഞ് ഫോണ്‍ നല്‍കുമെന്ന് പറയുന്നത് വിശ്വസിക്കുന്നതെങ്ങനെ എന്ന് മനസിലെങ്കിലും ചോദിച്ചവരാണ് അധികവും. 18ന്  രാവിലെ ബുക്കിങ് ആരംഭിച്ച സൈറ്റ് നിര്‍മിച്ചിരിക്കുന്നത് 10 ദിവസങ്ങള്‍ക്കു മുമ്പാണ്. വെബ്സൈറ്റ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2016 ഫെബ്രുവരി പത്തിനാണെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 14ന് അപ്ഡേറ്റ് ചെയ്തിട്ടുമുണ്ട്. 
കമ്പനി പറയുന്നത് സെക്കന്‍ഡില്‍ ആറുലക്ഷം പേര്‍ സന്ദര്‍ശിച്ചെന്നാണ്. അമേരിക്കന്‍ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണിന് പോലും ഇത്രയും ഹിറ്റ് താങ്ങാനുള്ള സര്‍വര്‍ ശേഷിയില്ളെന്നിരിക്കെ എങ്ങനെ ഇതൊക്കെ കണ്ണടച്ച് വിശ്വസിക്കും. 
ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചാല്‍ തന്നെയും ഇത്രയും കുറഞ്ഞ വിലക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കാന്‍ കഴിയില്ളെന്നാണ് ഇന്ത്യന്‍ സെല്ലുലര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പങ്കജ് മൊഹീന്ദ്രു പറയുന്നത്. ഇതിനുള്ള ഘടകഭാഗങ്ങളുടെ വില തന്നെ 2700 രൂപയോളം വരും. 2700 രൂപക്ക് താഴെ സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കാന്‍ കഴിയില്ളെന്നാണ് ഇന്ത്യന്‍ സെല്ലുലര്‍ അസോസിയേഷന്‍ പറയുന്നത്. നികുതി, വിതരണ ചെലവുകള്‍  എന്നിവ ചേര്‍ത്താല്‍ 4100 രൂപയാവും. ഇവിടെ കമ്പനി പറയുന്ന ന്യായം, ഓണ്‍ലൈന്‍ വഴിയായതിനാല്‍ വിതരണ ചെലവുകള്‍ ഇല്ളെന്നാണ്. ഇനി സര്‍ക്കാര്‍ സബ്സീഡി നല്‍കിയാല്‍ തന്നെയും കുറഞ്ഞത് 3500 രൂപയാകും. കമ്പനി പറയുന്നത് ഇത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമുള്ള ഉല്‍പന്നമാണെന്നാണ്. ഗൂഗിളിന്‍െറ ഉല്‍പന്നമായ ആന്‍ഡ്രോയിഡ് ലോലിപോപ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിച്ച ഈ ഫോണ്‍ എങ്ങനെയാണ് മേക്ക് ഇന്‍ ഇന്ത്യ ഉല്‍പന്നമാകുക. 40 ലക്ഷം പേര്‍ ഫോണ്‍ ബുക് ചെയ്താല്‍ 7,80,00,000 രൂപ കമ്പനിക്ക് കിട്ടും. ബുക്കു ചെയ്യുന്ന ഫോണുകള്‍ നാലു മാസത്തിനു ശേഷം (ജൂണ്‍ 30ന് ശേഷം) ആണ് വിതരണം ചെയ്യുക. ഷിപ്പിങ് ചാര്‍ജ് അടക്കമുള്ള 291 രൂപ വീതം പലരില്‍നിന്ന് കോടികള്‍ ഓണ്‍ലൈനായി സ്വീകരിച്ച് ബാങ്കില്‍ നിക്ഷേപിച്ച് അതില്‍നിന്ന് പലിശ നേടി നാലുമാസംകൊണ്ട് ഒരു തുക സമ്പാദിക്കാനാണ് ശ്രമമെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഈ വില എന്തായാലും 100 കോടി ഇന്ത്യക്കാരെയും ആകര്‍ഷിക്കുമെന്ന് ഇന്ത്യക്കാരുടെ മനശാസ്ത്രം അറിയുന്ന അണിയറ ശില്‍പികള്‍ക്ക് ഉറപ്പുണ്ട്. അംഗീകൃത ബാങ്കുകളില്‍ മൂന്നു മുതല്‍ നാലു ശതമാനംവരെ പലിശ ലഭിക്കും.
2999 രൂപക്ക് കമ്പനി ആദ്യം ബെല്‍ സ്മാര്‍ട്ട് 101 എന്ന പേരില്‍ ഫോര്‍ജി ഫോണെന്ന് പറഞ്ഞ് ഇറക്കിയെങ്കിലും ഉപഭോക്താക്കള്‍ക്ക് നല്‍കിയത് ത്രീജി ഫോണാണത്രെ. പിന്നെ മുന്നിലെ ആഡ്കോം ലോഗോ ഉള്ളതിനാല്‍ പഴയ ആഡ്കോം ഫോണുകളാണോ കമ്പനി വിറ്റഴിക്കുന്നതെന്നാണ് മറ്റൊരു സംശയം.
പ്രതിമാസം രണ്ടു കോടി ഫ്രീഡം ഫോണുകള്‍ വിപണിയിലിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പുറത്തിറക്കിയ ഫോണാണെന്നാണ് ആദ്യം പ്രചരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനി ഉടമകള്‍ പറയുന്നത് സര്‍ക്കാര്‍ സബ്സീഡിയില്ളെന്നാണ്. സര്‍ക്കാറില്‍നിന്നു യാതൊരു വിധത്തിലുള്ള ആനുകൂല്യവും കൈപ്പറ്റാതെ വില്‍പനയില്‍നിന്നു മാത്രം ലാഭം നേടുമെന്നും ഒരു വര്‍ഷംകൊണ്ട് സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 30 ശതമാനം കൈയടക്കുമെന്നും കമ്പനി പ്രസിഡന്‍റ് അശോക് ഛദ്ദ അവകാശപ്പെടുന്നു. 
650 ലധികം സര്‍വീസ് സെന്‍ററുകള്‍ രാജ്യത്തുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വെബ്സൈറ്റില്‍ ഒരെണ്ണത്തെക്കുറിച്ചു പോലും പരാമര്‍ശിക്കുന്നില്ല. വിലാസവും നല്‍കിയിട്ടില്ല.  അവതരണ ചടങ്ങില്‍ കാണിച്ചതുപോലെയുള്ള ഫോണാണോ അവസാനം ഉപഭോക്താവിന് നല്‍കുക എന്ന കാര്യത്തിലും ആശങ്കയുണ്ട്. 35 ഡോളറില്‍ താഴെ വിലയുള്ള ആകാശ് ടാബ്ലറ്റ് പുറത്തിറക്കാന്‍ ലക്ഷ്യമിട്ട കനേഡിയന്‍ കമ്പനി ഡാറ്റാ വിന്‍ഡിന്‍െറ അവസ്ഥയാകുമോ റിങ്ങിങ് ബെല്‍സിനെന്നും പലരും സംശയംപ്രകടിപ്പിക്കുന്നുണ്ട്. 
ബുധനാഴ്ച നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അദ്ദേഹം വന്നില്ല. മന്ത്രിസഭായോഗം നീണ്ടുപോയതാണ് കാരണമെന്നാണ് വിശദീകരണം. എന്തായാലും ഒടുവില്‍ ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയുടെ മുന്നില്‍വെച്ചാണ് ഫോണ്‍ പുറത്തിറക്കിയത്. 

നിരാശ ബാക്കി
റിങ്ങിങ് ബെല്‍ രജിസ്ട്രേഷന്‍ തുടങ്ങുമെന്ന് പറഞ്ഞ ഫെബ്രുവരി 18ന് രാവിലെ ആറുമണിമുതല്‍ www.freedom251.com  എന്ന വെബ്സൈറ്റ് വഴി പലരും ശ്രമിച്ചെങ്കിലും ഭൂരിഭാഗംപേര്‍ക്കും ഫോണ്‍ ബുക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സൈറ്റ് അപ്പോഴേ തകരാറില്‍ ആയിരുന്നു. ഇതിനകം 30,000 പേര്‍ ഓര്‍ഡര്‍ നല്‍കികഴിഞ്ഞതായും സെക്കന്‍ഡില്‍ ആറുലക്ഷം ആളുകള്‍ സന്ദര്‍ശിച്ചതിനാലാണ് തകരാറില്‍ ആയതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചെങ്കിലും പലര്‍ക്കും സംശയം ബാക്കിയായിരുന്നു. 24 മണിക്കൂറിനകം തകരാര്‍ പരിഹരിക്കുമെന്ന് കമ്പനി വാഗ്ദാനം നല്‍കിയെങ്കിലും 19നും തകരാര്‍ തുടര്‍ന്നു. പലരും പലവട്ടം ശ്രമിച്ച് നിരാശരായി കമ്പനിയെ പഴിപറഞ്ഞു.  19ന് രാത്രി 11 മണിയോടെയാണ് www.freedom251.com-cart എന്ന പകരം വെബ് വിലാസം വഴി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചത്. അതും ഈ വിലാസമെടുത്ത് എട്ടുതവണയോളം റിഫ്രഷ് ചെയ്ത ശേഷമാണ് വിവരങ്ങള്‍ നല്‍കാനുള്ള പേജ് ലഭ്യമായത്. ഒരു ഇ-മെയിലിന് ഒരു ഫോണ്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. രജിസ്റ്റര്‍ ചെയ്ത ഇമെയിലില്‍ 48 മണിക്കൂറിനുള്ളില്‍ പണമടക്കാനുള്ള ലിങ്ക് അയച്ചുതരുമെന്നുമാണ് കമ്പനി പറയുന്നത് (Thank you for placing the order. We will email you the link for payment within 48 hours to your registered unique email id to complete your purchase). ആദ്യദിവസവും ഇതു തന്നെയായിരുന്നു സ്ഥിതി. 40 രൂപ ഷിപ്പിങ് ചാര്‍ജും അടക്കം 291 രൂപയാണ്് നല്‍കേണ്ടത്. 

ചുളുവില്‍ വന്‍ പബ്ളിസിറ്റി
ഒരുപക്ഷെ ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന റിങ്ങിങ് ബെല്‍ എന്ന കമ്പനിയുടെ ബ്രാന്‍ഡ് നെയിം ആഗോള ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് കമ്പനിയുടെ നേട്ടം. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഒന്നാംപേജിലടക്കം വാര്‍ത്തയുടെ രൂപത്തില്‍ ഇടംനേടി.  ഏറ്റവും വില കുറഞ്ഞ ഫോണ്‍ എന്നപേരില്‍ വന്‍ മാധ്യമശ്രദ്ധ നേടാനും ഒരു രൂപയുടെ പോലും പരസ്യം നല്‍കാതെ ഒരു കോടി നല്‍കിയാല്‍പോലും കിട്ടാത്തത്ര പബ്ളിസിറ്റി നേടാനും കഴിഞ്ഞു. ഈ കമ്പനിയുടെ സാരഥികള്‍ ഉദ്ദേശിച്ചതും അഞ്ചു പൈസ നല്‍കാതെ ചുളുവിലുള്ള ഈ പ്രചാരം ആയിരിക്കണം. അതുവഴി റിങ്ങിങ് ബെല്‍ ഭാവിയില്‍ ഇറക്കുന്ന ഫോണുകള്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചേക്കാം. നേരത്തെ കമ്പനി ബെല്‍ സ്മാര്‍ട്ട് 101 എന്ന പേരില്‍  2999 രൂപയുടെ വില കുറഞ്ഞ ഫോര്‍ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയെങ്കിലും ആരും കേട്ടിട്ടുകൂടിയില്ല. ഇപ്പോള്‍ ഫ്രീഡം 251 ഹിറ്റായതിന് ശേഷമാണ് ഈ ഫോണ്‍ പോലും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. വിപണിയില്‍ ഇടം നേടാന്‍ വിലക്കുറവാണ് ഏറ്റവും അനുയോജ്യമെന്നാണ് റിങ്ങിങ്  ബെല്‍സ് പ്രസിഡന്‍റ് അശോക് ഛദ്ദ വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഓണ്‍ലൈനില്‍ കിട്ടുന്ന ഫോണ്‍ ജൂണിന് ശേഷം കടകളില്‍ കൂടെയും വില്‍ക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 

 

വില വരുത്തിയ സംശയം
ഇത്രയും കുറഞ്ഞ തുകക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ നല്‍കാന്‍ എങ്ങനെ പറ്റുമെന്ന് വ്യക്തമാക്കാന്‍ കമ്പനി അധികൃതര്‍ തയാറാകാത്തിടത്തോളം സംശയം അങ്ങനെ തന്നെ അവശേഷിക്കും. വിപണിയില്‍ ഏറ്റവും വിലകുറവുള്ള സ്മാര്‍ട്ട്ഫോണ്‍ ‘ ട്രയോ ട്രയോ സ്മാര്‍ട്ട്ടച്ച് ഫോണ്‍ ജൂണിയര്‍ 3’ ആണ്. അതിന് 1449 രൂപ വരും. എന്നാല്‍ ഫ്രീഡത്തേക്കാന്‍ വളരെ കുറഞ്ഞ സവിശേഷതകളാണ് ഇതിലുള്ളത്. 2,500 രൂപ വിലയുള്ള ഫോണാണ് ഫ്രീഡം 251 എന്ന് കമ്പനിതന്നെ പറയുന്നു. ഇതാണ് പുറത്തിറക്കും മുമ്പ് 500 രൂപയും അവതരണ വേളയില്‍ 251 രൂപയുമായി മാറിയത്. വലിയ വിലക്കുറവില്‍ ഫോണ്‍ വില്‍ക്കുമ്പോള്‍ വന്‍ നഷ്ടമായിരിക്കും. ഇങ്ങനെ കോടികള്‍ നഷ്ടം സഹിച്ച് കമ്പനി എങ്ങനെ ലാഭം നേടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിലവില്‍ കമ്പനിക്ക് നോയിഡയിലും ഉത്തരഖണ്ഡിലും അഞ്ചു ലക്ഷം ഫോണ്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ളാന്‍റുകളുണ്ടെന്ന് പറയുന്നു. 230-250 കോടി രൂപയാണത്രെ നിക്ഷേപം. എന്നാല്‍ നോയിഡയിലെ ഓഫിസില്‍ റിങ്ങിങ് ബെല്‍സിന്‍െറ ഒരു ബാനര്‍ പോലും കണ്ടത്തൊനായില്ളെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്ങനെ ഇത്രയും വില കുറച്ച് നല്‍കാനാവുമെന്ന് അന്വേഷിക്കണമെന്ന് മറ്റ് കമ്പനികള്‍ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി പ്രസിഡന്‍റ് ആകാശ് ചദ്ദയും ഉടമ മോഹിത് ഗോയലും കണക്കുകൂട്ടിയപ്പോള്‍ 800 രൂപക്ക് സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് കിട്ടിയത്. നികുതി ഇളവിലൂടെ 470 രൂപ, വന്‍തോതിലുള്ള ഉല്‍പാദനത്തിലൂടെ 530 രൂപ, ഓണ്‍ലൈന്‍ വഴിയാക്കി വില്‍പന ചെലവ് ചുരുക്കുന്നതിലൂടെ 460 രൂപയും ലാഭിക്കാമെന്നാണ് അവര്‍ പറയുന്നത്. 251 രൂപ പോയിട്ട് അപ്പോഴും 550 രൂപ ബാക്കിയാണ്. 

 

കോപ്പിയടി വിവാദം
ആഡ്കോം ഐക്കണ്‍ 4 എന്ന സ്മാര്‍ട്ട്ഫോണിന്‍െറ കോപ്പിയാണ് ഫ്രീഡം 251 എന്നാണ് പറയുന്നത്.  ഫ്ളിപ്കാര്‍ട്ടില്‍ 4100 രൂപ വരും ആഡ്കോം ഐക്കണിന്. ഫ്രീഡത്തിന്‍െറ മുന്‍വശത്ത് മുകളില്‍ ആഡ്കോമിന്‍െറ പേര് നല്‍കിയത്  ഇതിന് തെളിവായി  ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് (ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം) നല്‍കിയ ഫോണില്‍ മുന്നിലെ ആഡ്കോം എന്ന പേര് വൈറ്റ്നര്‍ തേച്ച് മായ്ച്ചിരുന്നു.  ഫ്രീഡത്തിന്‍െറ പിന്നിലെ ത്രിവര്‍ണ എംബ്ളവും ആഡ്കോം ബ്രാന്‍ഡിന്‍െറ പേര് മൂടിവെക്കാനുള്ള തന്ത്രത്തിന്‍െറ ഭാഗമാണെന്നാണ് പറയുന്നത്്. ഫ്രീഡത്തേക്കാളും ഏകദേശം 16 മടങ്ങ് വിലയാണ് ആഡ്കോം ഫോണിനുണ്ടായിരുന്നത്. 
ഫ്രീഡം 251ന്‍െറ രൂപവും മുന്നിലെ വട്ടത്തിലുള്ള ഹോം ബട്ടണും നാലിഞ്ച് സ്ക്രീനും ആപ് ഐക്കണുകളും ആപ്പിളിള്‍ ഐഫോണിന്‍്റെ തനി പകര്‍പ്പാണെന്നാണ് മറ്റൊരു ആരോപണം. ആപ്പിള്‍ ഐഫോണ്‍, ഐപാഡ്, മാക് എന്നിവയില്‍ കാണുന്ന സഫാരി ബ്രൗസറിന്‍െറ ഐക്കണാണ് ഫ്രീഡത്തില്‍ വെബ് ബ്രൗസറിന്. ഡയലര്‍ ആപ്, കാമറ, കാലക്കുലേറ്റര്‍, ക്ളോക്, ബ്രൗസര്‍, മെസേജസ് എന്നീ ആപ്പുകള്‍ ഐഫോണിന് സമാനമാണ്. എന്തിനാണ് ആപ്പിള്‍ ഐഫോണിന്‍െറ ഐക്കണുകള്‍ കോപ്പിയടിച്ചത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കമ്പനി ടെക്നിക്കല്‍ ഹെഡ് ഉത്തരം നല്‍കിയത്, ആപ് ഐക്കണിന് ആപ്പിള്‍ പകര്‍പ്പവകാശം നേടിയിട്ടില്ളെന്നാണ്. പരസ്യം ചൈനീസ് കമ്പനി ഷിയോമിയുടെ എംഐ 4ന് സമാനമാണത്രെ. 

വടി വെട്ടാന്‍ പോയിട്ടേയുള്ളൂ
കമ്പനിക്ക് ഇതുവരെ ഉല്‍പാദന യൂണിറ്റ് എവിടെയുമില്ല. ആകെയുള്ളത് നോയിഡയില്‍ ഒരു അസംബ്ളി യുനിറ്റ് മാത്രമാണ്്. ഇനി ജൂണ്‍ 30നകം മുഴുവന്‍ ഫോണുകളും കൊടുത്തുതീര്‍ക്കാന്‍ രണ്ട് ഫാക്ടറികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. ശേഷം വില്‍പന തുടങ്ങും. ബുക് ചെയ്തവര്‍ക്ക് മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഫോണ്‍ വിതരണം തുടങ്ങുകയാണ് ലക്ഷ്യമെന്നും കമ്പനി പ്രസിഡന്‍റ് ആകാശ് ചദ്ദ പറയുന്നു. ഘടകങ്ങള്‍ ചൈനയില്‍ നിന്നുള്ളതാണ്. ഇറക്കുമതി കമ്പനിയായ ആഡ്കോമില്‍ നിന്നാണ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.  
ഫ്രീഡം 251ന് ബിഐഎസ് സര്‍ട്ടിഫിക്കേഷനില്ല. ഇന്ത്യയിലെ റേഡിയേഷന്‍ നിലവാരം (എസ്എആര്‍) അനുശാസിക്കുന്ന വിധമാണോ ഫ്രീഡം തയാറാക്കിയിരിക്കുന്നതെന്ന് അറിയില്ളെന്നും ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഘടകങ്ങള്‍ ഉപയോഗിക്കാന്‍ സുരക്ഷിതമാണ്, വിഷമയമല്ല, ചാര്‍ജിങ്ങിനിടെ ബാറ്ററി പൊട്ടിത്തെറിക്കില്ല, റേഡിയേഷന്‍ പരിധിയില്‍ കൂടുതലല്ല എന്നിങ്ങനെ ഏറെ പരീക്ഷണ നിരീക്ഷണങ്ങള്‍ ഒരു ഫോണ്‍ വിപണിയില്‍ ഇറക്കുന്നതിന് മുമ്പ് ആവശ്യമാണ്. ഇറക്കുമതി ചെയ്തതാണോ, ഇന്ത്യയില്‍ നിര്‍മിച്ചതാണോ എന്നീ വിവരവും അറിയണം. ഇതിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാര്‍ഡേര്‍ഡ്സിന്‍െറ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. റിങ്ങിങ് ബെല്‍സിന് ബിസ് സര്‍ക്കിഫിക്കേഷന്‍ ഇതുവരെയില്ല. ഇനി അത് നേടാന്‍ കാലതാമസമുണ്ട്. പണച്ചെലവുമുണ്ട്. എന്തായാലും ഇനി ഫാക്ടറി സ്ഥാപിച്ച് ഉല്‍പാദനം നടത്തി പരീക്ഷിച്ചറിഞ്ഞ് സര്‍ട്ടിഫിക്കറ്റ് നേടി ഒന്നരമാസത്തിനകം വിതരണം ചെയ്യുമോ എന്ന് കണ്ടറിയണം. കമ്പനി ആദ്യം പറഞ്ഞത് 2.5 ലക്ഷം മുതല്‍ 3 ലക്ഷം ഫോണുകള്‍ വിറ്റഴിക്കുകയാണ് ലക്ഷ്യമെന്നാണ്. എന്‍ഡിടിവി അഭിമുഖത്തില്‍ പിന്നീടത് 25 ലക്ഷമായി മാറി. ഓണ്‍ലൈനില്‍ 25 ലക്ഷവും കട വഴി 25 ലക്ഷവും വിറ്റഴിക്കുമെന്നാണ് പറഞ്ഞത്. പുതിയ കമ്പനി ഇത്രയും വില്‍പന ലക്ഷ്യവെക്കുതുതന്നെ മണ്ടത്തരമാണെന്നാണ് വിലയിരുത്തല്‍. വെബ്സൈറ്റില്‍ സെക്കന്‍ഡില്‍ ആറുലക്ഷം ഹിറ്റ് എന്നാണ് പറഞ്ഞതെങ്കില്‍ ചദ്ദ അഭിമുഖത്തില്‍ പറഞ്ഞത് 63 ലക്ഷമെന്നാണ്. എന്തിനാണിങ്ങനെ അക്കങ്ങള്‍ മാറ്റി കളിക്കുന്നതെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. 
ഇന്ത്യയിലെ നിര്‍മാണം, കുറഞ്ഞ വില്‍പന ചെലവ്, നവീനമായ വിപണന തന്ത്രങ്ങള്‍, വിലകുറവിന്‍െറ മെച്ചം എന്നിവയിലൂടെയാണ് ഇത്രയും കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ കഴിയുന്നതെന്നാണ് പ്രസിഡന്‍റ് ആകാശ് ചദ്ദ പറയുന്നത്. 

ആഡ്കോം ആരാണ്?
മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് പ്രാഥമികരൂപം മാത്രമാണെന്നും ഉള്ളിലുള്ള ഘടകങ്ങള്‍ സ്വന്തമാണെന്നുമാണ് കമ്പനി അധികൃതര്‍ പറഞ്ഞത്. ബോഡിയും ടച്ച് പാനലും ആഡ്കോമില്‍ നിന്നുള്ളതാണ്. ഡല്‍ഹി കേന്ദ്രമായ ഐ.ടി ഉല്‍പന്ന ഇറക്കുമതി കമ്പനിയാണ് ആഡ്കോം. ടാബ്ലറ്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവക്കുള്ള ഘടകഭാഗങ്ങള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത് ഇവരാണ്. ആഡ്കോം ഐക്കണ്‍ 4 എന്ന സ്മാര്‍ട്ട്ഫോണിന്‍െറ സവിശേഷതകളും ഫ്രീഡം 251ന്‍േറതിന് ഏറക്കുറെ സമാനമാണ്. നാല് ഇഞ്ച് ഡിസ്പ്ളേ,  ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ 1.3 മെഗാപിക്സല്‍ മുന്‍കാമറ, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ഒരു ജി.ബി റാം എന്നിവയാണ് ഐക്കണിനുമുള്ളത്. 

ഇതിന് സമാനമായ സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കാന്‍ ഘടകഭാഗങ്ങള്‍ക്ക് എത്ര വില കൊടുക്കണമെന്ന് നോക്കാം:

പ്രൊട്ടക്ടീവ് ഫിലിം-17 രൂപ
ബട്ടണ്‍ -14
ചാര്‍ജര്‍ വിത് കേബിള്‍- 21
ഇയര്‍ഫോണ്‍ -14
ജിഎസ്എം ആന്‍റിന-21
വൈ ഫൈ ആന്‍ഡ് ബ്ളൂടൂത്ത് ആന്‍റിന FPC-38
സെന്‍സര്‍ ലൈറ്റ് സിലിക്കണ്‍ കെയ്സ് -3
ജിപിഎസ് ആന്‍റിന-21
ഹൗസിങ്- 254
സ്റ്റിക്കര്‍, പേസ്റ്റ്, നെറ്റ് വിത് പോളിബാഗ്, ഫോം, ഫൈബര്‍, സ്പോഞ്ച് -2
റിസീവര്‍ -14
ആന്‍റിന പിസിബി + ആന്‍റിന-21
സ്പീക്കര്‍-6
സബ് പിസിബി വിത് മെയിന്‍ എഫ്പിസി ആന്‍ഡ് ഡോം-36
സ്ക്രൂ ആന്‍ഡ് സീല്‍-0
മൈക്ക്- 4
പിസിബി -1513
എല്‍സിഡി വിത് ടച്ച് പാനല്‍- 378
കാമറ ഫ്രണ്ട്- 14
കാമറ ബാക് വിത് ലെന്‍സ് -21
വൈബ്രേറ്റര്‍ -14
ബാറ്ററി- 120
ആകെ -2546

ഒരിക്കല്‍കൂടി ഫ്രീഡം 251 ഫോണിന്‍െറ സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍: 

4inch WVGA (480x800) IPS display
3.2 megapixel autofocus rear camera
0.3 megapixel front camera
1.3 GHz quadcore processor
1 GB RAM,
8 GB of internal storage with SD card support
 1450 mAh battery
Android 5.1 Lollipop OS

 


 

Show Full Article
TAGS:freedom 251 budget smartphone adcom ringing bells 
Next Story