ആപ്പിള്‍ എന്തായാലും മാക്ബുക് എയറിനെ കൈവിട്ട് കൂടുതല്‍ കനം കുറഞ്ഞ അള്‍ട്രാ പോര്‍ട്ടബിള്‍ മാക്ബുക്കുകളിലേക്ക് ശ്രദ്ധതിരിക്കുകയാണ്. ഈ സമയം ചൈനീസ് കമ്പനികള്‍ മാക്ബുക് എയറിന്‍െറ പകരക്കാരനെ ഇറക്കാന്‍ മത്സരിക്കുകയാണ്. അവര്‍ എയര്‍ എന്ന വാലിനെ അപ്പാടെ എടുത്ത് കൂടെക്കൂട്ടുകയാണ്. ഷിയോമി എംഐ നോട്ട്ബുക് മറ്റൊരു ചൈനീസ് കമ്പനിയായ ലിനോവോയെ കുറച്ചൊന്നുമല്ല പ്രകോപിതരാക്കിയത്. അവര്‍ പിറ്റേന്നുതന്നെ രൂപത്തിലും ഭാവത്തിലും വലിയ വ്യത്യാസമില്ലാത്ത പകരക്കാരനെ ഇറക്കി. ‘ലിനോവോ എയര്‍ 13 പ്രോ’ എന്നാണ് പേര്.

സവിശേഷതകളില്‍ ഷിയോമി എംഐ നോട്ടുബുക്കുമായി സര്‍വസാമ്യങ്ങളുമുള്ള ഇത് റാമില്‍ മാത്രമാണ് വ്യത്യസ്ത പുലര്‍ത്തുന്നത്. വിലയും അതിന് തുല്യമാണ്. 4,999 ചൈനീസ് യുവാന് (ഏകദേശം 51,400 രൂപ) ലിനോവോ ചൈനീസ് വെബ്സൈറ്റില്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാം. പ്രീസെയില്‍ കാലാവധി കഴിഞ്ഞാല്‍ വില 5,499 യുവാന്‍ (ഏകദേശം 55,400 രൂപ) ആകാന്‍ സാധ്യതയുണ്ട്.
എയര്‍ 13 പ്രോയില്‍ 1,920 x 1,080 പിക്സല്‍ റസലൂഷനുള്ള 13.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേയാണ്. ഇന്‍റല്‍ സ്കൈലേക്ക് കോര്‍ i5 അല്ളെങ്കില്‍ i7 പ്രോസസര്‍, നാല് ജി.ബി റാം, രണ്ട് ജി.ബി എന്‍വിഡിയ ജീ ഫോഴ്സ് GTX940MX GDDR5 ഗ്രാഫിക്സ് പ്രോസസര്‍, 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, 1.48 സെ.മീ കനം, 1.29 കിലോ ഭാരം, വിരലടയാള സ്കാനര്‍, രണ്ട് യു.എസ്.ബി 3.0 പോര്‍ട്ടുകള്‍, ഒരു യുഎസ്ബി ടൈപ്പ് സിപോര്‍ട്ട്, മെമ്മറി കാര്‍ഡ് റീഡര്‍, ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് വിശേഷങ്ങള്‍.